ബാങ്കുകളുടെ സൈബര്‍ സെക്യൂരിറ്റി പരിശോധിച്ച് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
ഇന്ത്യയിലെ ചില ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ഡാറ്റ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നുമാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. സൈബര്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍, അതിന്റെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആര്‍.ബി.ഐ. ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ബാങ്കിന്റെ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ (CSIT) പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍.ബി.ഐ.യുടെ മുന്നറിയിപ്പ്.
പരിശോധനയില്‍ പോരായ്മ കണ്ടെത്തിയടത്തെല്ലാം ആര്‍.ബി.ഐ. പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങള്‍ തരണം ചെയ്യാനുള്ള ശേഷി, ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിങ് പ്ലാറ്റ് ഫോം സുരക്ഷിതമാക്കാനുള്ള സംവിധാനം, തട്ടിപ്പ് കണ്ടെത്തല്‍ കാര്യക്ഷമത എന്നിവ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ വിവിധ കഴിവുകള്‍ വിലയിരുത്താന്‍ ആര്‍.ബി.ഐ.യെ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (csite) വിഭാഗമാണ് സഹായിക്കുന്നത്.
റിസര്‍വ് ബാങ്ക് നടത്തുന്ന പതിവ് വാര്‍ഷിക റിസ്‌ക് അസസ്മെന്റ് പരിശോധനയില്‍ നിന്ന് വ്യത്യസ്തമാണ് സി.എസ്.ഐ.ടി.ഇ. യുടേത്. ഇന്‍സ്പെക്ഷന്‍ ടീം അക്കൗണ്ട് വിവരങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയും പ്രശ്നങ്ങള്‍ തിരിച്ചറിയുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആദ്യമായല്ല റിസര്‍വ് ബാങ്ക് ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത്. പുതിയ സൈബര്‍ സുരക്ഷാ അപകടങ്ങളെ നേരിടാന്‍ ബാങ്കിങ് മേഖല തയ്യാറാവേണ്ടതുണ്ടെന്ന് ഫെബ്രുവരിയില്‍ ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍ ടി.റാബി ശങ്കര്‍ പറഞ്ഞിരുന്നു.
നെറ്റ് വര്‍ക്കുകള്‍, ഡാറ്റ, പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് കടന്നുകയറുന്ന രീതിയിലാണ് സൈബര്‍ അക്രമണത്തിന്റെ സ്വഭാവം. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ തുടങ്ങി, ബാങ്കിന്റെ നെറ്റ് വര്‍ക്കുവരെ തകര്‍ക്കുന്ന രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനും ബാങ്കുകള്‍ക്ക് കഴിയണമെന്നാണ് ഉന്നത് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം തടയുന്നതിന് ബാങ്കുകള്‍ അവരുടെ എന്‍ക്രിപ്റ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കേണ്ടിവരുമെന്ന് സൂചനയാണ് റിസര്‍വ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.