മൂന്നു നൂതന സംവിധാനങ്ങളുമായി റിസര്‍വ് ബാങ്ക്

moonamvazhi
  • പ്രവാഹ് പോര്‍ട്ടല്‍, റീട്ടെയില്‍ ഡയറക്ട് മൊബൈല്‍ ആപ്പ്, ഫിന്‍ടെക് റിപ്പോസിറ്ററി എന്നിവയാണു പുതിയ സംവിധാനങ്ങള്‍
  • ആര്‍.ബി.ഐ.യുടെ അനുമതിയും ക്ലിയറന്‍സും കൂടുതല്‍ കാര്യക്ഷമമാകും
  • പ്രവാഹില്‍ 60 ഇനം അപേക്ഷാഫോമുകള്‍ കിട്ടും, കൂടുതല്‍ ഫോമുകള്‍ ലഭ്യമാക്കും
  • സര്‍ക്കാര്‍സെക്യൂരിറ്റികളിലുള്ള ഇടപാടുകള്‍ കൂടുതല്‍ സുഗമമാവും

പ്രവാഹ് പോര്‍ട്ടല്‍ അടക്കം മൂന്നു നൂതനസംവിധാനങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തിറക്കി. പ്രവാഹിനുപുറമെ, റീട്ടെയില്‍ ഡയറക്ട് മൊബൈല്‍ ആപ്പും ഫിന്‍ടെക് റിപ്പോസിറ്ററിയുമാണു പുറത്തിറക്കിയത്. ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ലോഞ്ചിങ് നിര്‍വഹിച്ചു.

പ്രവാഹ് പോര്‍ട്ടലിലൂടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ അനുമതികള്‍ക്കു സുഗമമായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഈ പോര്‍ട്ടലിലൂടെ റിസര്‍വ് ബാങ്കിന്റെ അനുമതിക്കും ക്ലിയറന്‍സിനുമുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടക്കും. പ്ലാറ്റ്‌ഫോം ഫോര്‍ റെഗുലേറ്ററി ആപ്ലിക്കേഷന്‍, വാലിഡേഷന്‍ ആന്റ് ഓതറൈസേഷന്‍ എന്നാണു പ്രവാഹിന്റെ പൂര്‍ണരൂപം. ഈ വെബ്അധിഷ്ഠിത പോര്‍ട്ടല്‍ സുരക്ഷിതവും കേന്ദ്രീകൃതവുമാണ്. ആര്‍.ബി.ഐ.യുമായി ബന്ധപ്പെട്ട് ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള അധികാരപ്പെടുത്തലുകളും ലൈസന്‍സുകളും റെഗുലേറ്ററി അനുമതികളും കിട്ടാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിലൂടെ ശ്രമിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അപേക്ഷയുടെ/ പരാമര്‍ശത്തിന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കാനും ആര്‍.ബി.ഐ. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കാനും യഥാസമയം തീരുമാനം അറിയാനും ഇതിലൂടെ കഴിയും. ആര്‍.ബി.ഐ.യുടെ വിവിധ നിയന്ത്രണ-മേല്‍നോട്ട വിഭാഗങ്ങളുമായി ബന്ധപ്പെട്ട 60 ഇനം അപേക്ഷാഫോമുകള്‍ നിലവില്‍ ഇതിലുണ്ട്. മറ്റ് അപേക്ഷാഫോമുകളുടെ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ക്കുള്ള പൊതുഅപേക്ഷാഫോമും കൂട്ടത്തിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഇനം അപേക്ഷാഫോമുകള്‍ ഉള്‍പ്പെടുത്തും. https://pravaah.rbi.org.in ലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിക്കാം.

റീട്ടെയില്‍ ഡയറക്ട് മൊബൈല്‍ അപ്പിലൂടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രാപ്യത പരിധിയില്ലാത്തതും സൗകര്യപ്രദവുമാകും. സര്‍ക്കാര്‍ സെക്യൂരിറ്റികളിലുള്ള ഇടപാടുകള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യും. ആര്‍.ബി.ഐ.യില്‍ റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ടുകള്‍ തുറക്കാന്‍ റീട്ടെയില്‍ നിക്ഷേപകരെ സഹായിക്കാന്‍ 2021 നവംബറില്‍ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. ഇതില്‍ റീട്ടെയില്‍ ഡയറക്ട് സ്‌കീം പ്രകാരം റീട്ടെയില്‍ നിക്ഷേപകര്‍ക്കു പ്രാഥമിക വിപണികളില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാനും ദ്വിതലവിപണികളില്‍ ഇവ വാങ്ങാനും വില്‍ക്കാനും കഴിയും. റീട്ടെയില്‍ ഡയറക്ട് മൊബൈല്‍ ആപ്പ് വന്നതോടെ റീട്ടെയില്‍ നിക്ഷേപകര്‍ക്കു സ്മാര്‍ട്ട് ഫോണിലെ മൊബൈല്‍ ആപ്പിലൂടെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ഇടപാടു നടത്താം. ഫിന്‍ടെക് സ്ഥാപനങ്ങള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യാഉപയോഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ ഫിന്‍ടെക് റിപ്പോസിറ്ററിയില്‍ ഉണ്ടാകും. റെഗുലേറ്ററി സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതും വരാത്തതുമായ ഫിന്‍ടെക്കുകള്‍ക്ക് ഇതില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്.

ആര്‍.ബി.ഐ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായിമാത്രം (ബാങ്കുകളും ബാങ്കിതരധനകാര്യസ്ഥാപനങ്ങളും) ഒരു റിപ്പോസിറ്ററിയും രംഗത്തിറക്കിയിട്ടുണ്ട്. എം ടെക് റിപ്പോസിറ്ററി (Em Tech Repository) എന്നാണു പേര്. ഇവ നടപ്പാക്കുന്ന നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി, ക്വാണ്ടം തുടങ്ങിയ അത്യാധുനികസാങ്കേതികവിദ്യകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിലുണ്ടാകും. ആര്‍.ബി.ഐ.യുടെ പൂര്‍ണസ്വയംഭരണ ഉപസ്ഥാപനമായ റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ് (ആര്‍.ബി.ഐ.എച്ച്) ആണു ഫിന്‍ടെക്കും എം ടെക്കും കൈകാര്യം ചെയ്യുന്നത്.

നൂതനസരംഭങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആര്‍.ബി.ഐ. ഡയറക്ടര്‍മാരായ കാശിനാഥ് മറാത്തെ, പ്രൊഫ. സച്ചിന്‍ ചതുര്‍വേദി, ആര്‍.ബി.ഐ.എച്ച് ബോര്‍ഡംഗം പ്രൊഫ. എച്ച് കൃഷ്ണമൂര്‍ത്തി, ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ഡോ. എം.ഡി. പത്ര, എം. രാജേശ്വര്‍ റാവു, ടി. രബിശങ്കര്‍, ജെ. സ്വാമിനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.