ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പാ സഹകരണ മേഖലയും ബി.പി. പിള്ളയുടെ ലേഖനം തുടരുന്നു.

adminmoonam

ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ വായ്പാ സഹകരണ മേഖലയും ബി.പി. പിള്ളയുടെ ലേഖനം-5
ബാങ്കിങ് നിയമത്തിലെ 56 -ാം വകുപ്പിലാണ് ഓര്‍ഡിനന്‍സിലൂടെ വ്യാപകമായ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുള്ളത്. വാണിജ്യ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിനുള്ള നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ നിയമഭേദഗതിയിലൂടെ സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കി. സഹകരണ സ്ഥാപനങ്ങളുടെ ഭരണഘടനയായി കണക്കാക്കപ്പെടുന്ന അതിന്റെ നിയമാവലി ബാങ്കിങ് നിയന്ത്രണ നിയമങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും ഏതെങ്കിലും വ്യവസ്ഥ ബാങ്കിങ് നിയന്ത്രണ നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിട്ടുണ്ടായാല്‍ ആ വ്യവസ്ഥ അസാധുവാകുമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ബാങ്ക്, ബാങ്കര്‍ , ബാങ്കിങ് എന്നീ വാക്കുകള്‍ സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് ക്ലോസ് എഫില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, പ്രാഥമിക വായ്പാ സംഘം, സഹകരണ ബാങ്കുകളുടെ പരസ്പര താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുവേണ്ടി രൂപവത്കരിക്കുന്ന സഹകരണ സംഘം, വാണിജ്യ ബാങ്ക് ജീവനക്കാരുടെ സഹകരണ സംഘം എന്നിവയ്ക്ക് പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. അതേസമയം, സഹകരണ ഭൂപണയ ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാന്‍ നേരത്തെ നല്‍കിയിരുന്ന അവകാശം ഭേദഗതിയില്‍ നീക്കം ചെയ്തിരിക്കുകയാണ്. അതുപോലെത്തന്നെ സഹകരണ ഭൂപണയ ബാങ്കുകളുടെ പരസ്പര താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനു വേണ്ടി രൂപവത്കരിക്കുന്ന സഹകരണ സ്ഥാപനത്തിനും പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാനുണ്ടായിരുന്ന സാഹചര്യം ഓര്‍ഡിനന്‍സില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. ഈ ക്ലോസില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കാന്‍ നിയമ ഭേദഗതിക്കു മുന്‍പും ശേഷവും വ്യവസ്ഥയില്ല.

ബാങ്കിങ്് നിയമത്തിലെ വകുപ്പുകള്‍ 10, 10 ( എ ) , 10 (ബി), 10 ( സി), 10 (ഡി ) എന്നിവ സഹകരണ ബാങ്കുകള്‍ക്ക് മുന്‍പു ബാധകമല്ലായിരുന്നു. ഓര്‍ഡിനന്‍സിലൂടെ ഇവയെല്ലാം ബാധകമാക്കപ്പെട്ടിരിക്കുകയാണ്. വകുപ്പ് 10 പ്രകാരം മാനേജിങ് ഏജന്റിനെ സഹകരണ ബാങ്കുകള്‍ നിയമിച്ചുകൂടാ. പാപ്പരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍, സദാചാര ദൂഷ്യത്തിനായി ക്രിമിനല്‍ കോടതി ശിക്ഷിച്ചിട്ടുള്ളവര്‍, ബാങ്കിന്റെ ലാഭത്തിന്റെ വീതം കൈപ്പറ്റുന്നവര്‍, അല്ലെങ്കില്‍, കമ്മീഷന്‍ രൂപത്തിലുള്ള പ്രതിഫലം വാങ്ങുന്നവര്‍ എന്നിവരെ സഹകരണ ബാങ്കുകളില്‍ നിയമിക്കുകയോ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്തുകൂടാ. ജനറല്‍ മാനേജര്‍, മാനേജിങ് ഡയരക്ടര്‍ തസ്തികയില്‍ നിയമിക്കപ്പെടുന്ന വ്യക്തിയെ അഞ്ചു വര്‍ഷത്തിനുമേലുള്ള കാലത്തേക്ക് ഒരു പ്രാവശ്യം നിയമനം നടത്തിക്കൂടാ. എന്നാല്‍, നിശ്ചിത അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തില്‍ അധികരിക്കാത്ത കാലത്തേക്ക് നിയമനം നീട്ടിക്കൊടുക്കാം. പരമാവധി അഞ്ചു വര്‍ഷംവരെക്കൂടി മാത്രമേ സേവനകാലം നീട്ടി നല്‍കാവൂ.

വകുപ്പ് 10 (എ ) പ്രകാരം ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ 50 ശതമാനത്തില്‍ കുറയാത്ത ആളുകള്‍ അക്കൗണ്ടന്‍സി , കൃഷിയും ഗ്രാമീണ സമ്പദ്ഘടനയും , ബാങ്കിങ്, സഹകരണം , സാമ്പത്തികശാസ്ത്രം, ധനകാര്യം , നിയമം, ചെറുകിട വ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നിലോ അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതലോ വിഷയങ്ങളില്‍ പ്രത്യേക അറിവ് അല്ലെങ്കില്‍ പ്രായോഗിക അനുഭവസമ്പത്തുള്ളവര്‍ ആയിരിക്കണം. മാത്രവുമല്ല, ഈ 50 ശതമാനം ഡയരക്ടര്‍മാരില്‍ രണ്ടു പേരെങ്കിലും കൃഷിയും ഗ്രാമീണ സമ്പദ്ഘടനയും, സഹകരണം , ചെറുകിട വ്യവസായം എന്നീ വിഷയങ്ങളില്‍ പ്രത്യേക അറിവോ അല്ലെങ്കില്‍ പ്രായോഗിക അനുഭവസമ്പത്തോ ഉള്ളവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ ബാങ്ക് ഡയരക്ടര്‍മാര്‍ ചെറുകിട വ്യവസായ സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റര്‍ അല്ലാത്ത ഏതെങ്കിലും വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്റര്‍മാരോ ഏതെങ്കിലും കമ്പനിയുടെ മാനേജിങ്് ഏജന്റോ മാനേജരോ അല്ലെങ്കില്‍ ജീവനക്കാരനോ ആയിക്കൂടാ. സഹകരണബാങ്ക് ഡയരക്ടര്‍മാര്‍ തുടര്‍ച്ചയായി എട്ടു വര്‍ഷത്തിനുമേല്‍ ഡയരക്ടര്‍ സ്ഥാനം വഹിച്ചുകൂടാ. ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരു സഹകരണ ബാങ്ക് ബോര്‍ഡ് ഇപ്പറഞ്ഞ യോഗ്യതകള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥിതിയു ണ്ടായാല്‍ ബോര്‍ഡ് വീണ്ടും രൂപവത്കരിക്കേണ്ടതാണ് . ബോര്‍ഡ് വീണ്ടും രൂപവത്കരിക്കുമ്പോള്‍ റിട്ടയര്‍ ചെയ്യേണ്ട ഡയരക്ടര്‍മാരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ അതു തീരുമാനിക്കേണ്ടതാണ്.

ഒരു സഹകരണ ബാങ്ക് ബോര്‍ഡിന്റെ ഘടന മേല്‍ സൂചിപ്പിച്ച വ്യവസ്ഥകള്‍ക്കനുസൃതമല്ലെങ്കില്‍ ബാങ്കിന് ആവലാതിയുണ്ടെങ്കില്‍ അതു ബോധിപ്പിക്കാനുള്ള അവസരം നല്‍കിയശേഷം ഒരു ഉത്തരവിലൂടെ ബോര്‍ഡിന്റെ ഘടനയിലെ പോരായ്മ രണ്ടു മാസങ്ങള്‍ക്കകം പരിഹരിക്കാന്‍ നിര്‍ദേശിക്കും. നിശ്ചിത പരിധിക്കുള്ളില്‍ പുനര്‍ രൂപവത്കരണം നടത്താതിരുന്നാല്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നു നറുക്കെടുപ്പിലൂടെ നിശ്ചിത വിഭാഗം ഡയരക്ടര്‍മാരെ നീക്കം ചെയ്യുകയും പകരം യോഗ്യരായ ഡയരക്ടര്‍മാരെ റിസര്‍വ് ബാങ്ക് നിയമിക്കുകയും ചെയ്യും. അപ്രകാരം റിസര്‍വ് ബാങ്ക് നിയമിക്കുന്ന ഭരണസമിതി അംഗങ്ങള്‍ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് നിയമദൃഷ്ട്യാ പരിഗണിക്കപ്പെടും. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഒരു കോടതിയിലും ചോദ്യം ചെയ്യാവുന്നതല്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!