മൂന്നു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം സംഘങ്ങള്‍ രൂപവത്കരിക്കും – മന്ത്രി അമിത് ഷാ

moonamvazhi
മൂന്നു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം പുതിയ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുക എന്നതാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ലക്ഷ്യമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം സ്ഥാപിക്കും- അദ്ദേഹം പറഞ്ഞു.

ബംഗളൂരുവില്‍ സഹകരണമേഖലയിലെ ഗുണഭോക്താക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 1905 ല്‍ കര്‍ണാടകത്തിലെ കൊഡഗ് ജില്ലയില്‍ നിന്നു തുടക്കമിട്ട സഹകരണപ്രസ്ഥാനം അമുല്‍, കൃഭ്‌കോ, ഇഫ്‌കോ, ലിജ്ജത് പപ്പട് എന്നിവപോലുള്ള സ്ഥാപനങ്ങളെ വിജയകരമായി വളര്‍ത്തിയെടുത്തിട്ടുണ്ട്. കര്‍ണാടകത്തില്‍ 23 ലക്ഷം കര്‍ഷകര്‍, ഇതില്‍ ബഹുഭൂരിഭാഗവും സ്ത്രീകളാണ്, പങ്കാളികളായ ക്ഷീര സഹകരണ സ്ഥാപനമായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് ഒരു ദിവസം 28 കോടി രൂപയാണു വിതരണം ചെയ്യുന്നത്. ബഹുജനത്തിനുവേണ്ടി ബഹുജനം വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണു സഹകരണത്തിന്റെ സൗന്ദര്യം- അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്ത് ആകെയുള്ള 30 ലക്ഷം സഹകരണസംഘങ്ങളില്‍ ഒമ്പതു ലക്ഷവും ഇന്ത്യയിലാണ്. രാജ്യത്തെ ഏതാണ്ട് 91 ശതമാനം പേരും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ടവരാണ്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലൂടെ 70 ശതമാനം കര്‍ഷകരും സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തു 33 സംസ്ഥാന സഹകരണ ബാങ്കുകളും 363 ജില്ലാ സഹകരണ ബാങ്കുകളും 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുമാണുള്ളത്. 19 ശതമാനം കാര്‍ഷിക ധനസഹായവും സഹകരണസംഘങ്ങള്‍ മുഖേനയാണ് നല്‍കുന്നത്. രാസവളവിതരണത്തിന്റെ 35 ശതമാനവും രാസവളം ഉല്‍പ്പാദനത്തിന്റെ 30 ശതമാനവും പഞ്ചസാരയുല്‍പ്പാദനത്തിന്റെ 40 ശതമാനവും നിര്‍വഹിക്കുന്നതു സഹകരണസംഘങ്ങളാണ്. നെല്ലിന്റെ 20 ശതമാനവും ഗോതമ്പിന്റെ 13 ശതമാനവും സംഭരണം നിര്‍വഹിക്കുന്നതും സഹകരണസംഘങ്ങളാണ്- മന്ത്രി അമിത് ഷാ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

260 കോടി രൂപ ചെലവില്‍ കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ സ്ഥാപിച്ച കൂറ്റന്‍ പാല്‍സംഭരണശാല അമിത് ഷാ ഉദ്ഘാടനം ചെയ്തു. ദിവസേന പത്തു ലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ സംസ്‌കരിക്കുക. 14 ലക്ഷം ലിറ്റര്‍ പ്രതിദിനം സംസ്‌കരിക്കാനുള്ള ശേഷി ഇതിനുണ്ട്.

സഹകരണ ക്ഷീരോല്‍പ്പാദക സംഘങ്ങള്‍ കര്‍ണാടകത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തു 15,210 ഗ്രാമതല ക്ഷീര സഹകരണസംഘങ്ങളുണ്ട്. ഇതിലെല്ലാംകൂടി 26.22 ലക്ഷം കര്‍ഷകര്‍ ദിവസവും പാലളക്കുന്നുണ്ട്. ഈ കര്‍ഷകരുടെ അക്കൗണ്ടിലേക്കു നിത്യവും 28 കോടി രൂപയാണ് ചെല്ലുന്നത്. ഗുജറാത്തിലെ ധവളവിപ്ലവം അവിടത്തെ ക്ഷീരകര്‍ഷകരുടെ തലവിധി മാറ്റിവരച്ചു. അമുലിലൂടെ 36 ലക്ഷം വനിതകളുടെ അക്കൗണ്ടിലേക്കു പ്രതിവര്‍ഷം 60,000 കോടി രൂപയാണു നിക്ഷേപിക്കുന്നത് – മന്ത്രി പറഞ്ഞു.

ദേശീയ ക്ഷീരവികസന ബോര്‍ഡും കേന്ദ്ര സഹകരണമന്ത്രാലയവും ചേര്‍ന്നു മൂന്നു വര്‍ഷത്തിനകം രാജ്യത്തെ ഓരോ പഞ്ചായത്തിലും ഒരു പ്രാഥമിക ക്ഷീരോല്‍പ്പാദക സഹകരണസംഘം വീതം സ്ഥാപിക്കുമെന്നു മന്ത്രി അറിയിച്ചു. ഇതിനായി കര്‍മപദ്ധതി തയാറാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.

Latest News