തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കില്‍പ്പെട്ട കച്ചവടക്കാര്‍; ഡിജിറ്റല്‍ പണമിടപാട് സാധ്യമാകാതെ മലയാളികള്‍

moonamvazhi

എല്ലാ പഞ്ചായത്തിലും സഹകരണ ബാങ്കുകള്‍. മുക്കിന് മുക്കിന് ബാങ്കുകള്‍. കേരളത്തിലെ സാമ്പത്തിക സാക്ഷരത മറ്റ് ഏത് സംസ്ഥാനത്തേക്കാള്‍ വിപുലമാണെന്നാണ് പറയാറുള്ളത്. യു.പി.ഐ. പണമിടപാടുകളില്‍ ലോകരാഷ്ട്രങ്ങളിലാകെയുള്ളതിന്റെ 40 ശതമാനവും ഇന്ത്യയിലാണ്. അതില്‍ കേരളത്തിന്റെ പങ്ക് ഏറെയുണ്ട്. കോവിഡ് കാലത്ത് ‘കോപൈസ’ എന്നപേരില്‍ പണ രഹിത ഇടപാട് തുടങ്ങിയത സഹകരണ ബാങ്ക് കേരളത്തിലാണ്. തേഞ്ഞിപ്പാലം റൂറല്‍ ബാങ്ക്. പറഞ്ഞുവന്നത്, സാമ്പത്തിക സാക്ഷരതയില്‍ മാത്രമല്ല, ഡിജിറ്റല്‍ പണമിടപാടിലും മലയാളി മുമ്പിലാണ്. പക്ഷേ, ഡിജിറ്റലല്ലാതെ പണം കൈകാര്യം ചെയ്യാനാവാത്ത ധര്‍മ്മ സങ്കടത്തിലുമാണ് മലയാളി. തമിഴ്‌നാട്ടിലെ കന്നുകാലി ചന്തയില്‍ ഡിജിറ്റല്‍ ഇടപാടില്‍ കുടുങ്ങിപ്പോയ മലയാളികളുടെ സങ്കടകഥയാണ് കേള്‍ക്കാനുള്ളത്.

തമിഴ്‌നാട്ടിലെ വെല്ലൂര്‍, പൊള്ളാച്ചി ചന്തകളില്‍ കച്ചവടക്കാരായി എത്തുന്നവരില്‍ മലയാളികള്‍ ഏറെയുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം 50,000 രൂപയില്‍ കൂടുതല്‍ കൈവശംവെക്കാന്‍ അനുമതിയില്ല. പണം നേരിട്ട് കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണമുള്ളതിനാല്‍ കന്നുകാലികളെ വാങ്ങുമ്പോള്‍ പണം നല്‍കുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ഗത്തെ ആശ്രയിക്കണം. പശുവിനെ വില്‍ക്കാന്‍ വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗത്തില്‍ പണം കൈമാറാനും സ്വീകരിക്കാനും അറിയില്ല. ഇതോടെ കേരളത്തില്‍നിന്ന് കാലികളെ വാങ്ങാന്‍ പോകുന്ന കച്ചവടക്കാര്‍ പ്രശ്‌നത്തിലാണ്.

പൊള്ളാച്ചിയേക്കാള്‍ വെല്ലൂരില്‍ എത്തുന്നവര്‍ക്കാണ് പ്രതിസന്ധി. പൊള്ളാച്ചിയിലെ കര്‍ഷകരില്‍ വലിയൊരുവിഭാഗം കേരളത്തില്‍നിന്നുള്ളവരാണ്. ഇവരില്‍ മിക്കവരും ഡിജിറ്റല്‍ മാര്‍ഗം പണം കൈമാറുന്നുണ്ട്. എന്നാല്‍, സേലം ധര്‍മപുരി, കൃഷ്ണഗിരി, തിരുപ്പത്തൂര്‍ ജില്ലകളില്‍നിന്ന് വെല്ലൂരില്‍ എത്തുന്നവര്‍ക്ക് ഇത് സാധിക്കുന്നില്ല. കറവപ്പശുവിന് ഒന്നിന് 75,000 രൂപമുതല്‍ ഒന്നരലക്ഷം രൂപവരെയാണ് വില. 50,000 രൂപയില്‍ കൂടുതല്‍ കൈവശംവെക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബാക്കി തുക ഡിജിറ്റല്‍ രൂപത്തില്‍ നല്‍കണം. ഇതിന് കഴിയുന്നുമില്ല. കൂടുതല്‍ പണം കൊണ്ടുപോകുന്നവരെ പിടിക്കാന്‍ പ്രത്യേകം പരിശോധന സ്‌ക്വാഡുണ്ട്. സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സേലത്തുനിന്ന് വെല്ലൂര്‍ ചന്തയിലേക്ക് വന്ന കര്‍ഷകനില്‍നിന്ന് അഞ്ചുലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു.

ഇതോടെ, തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജില്ലാകലക്ടര്‍ക്ക് മുമ്പില്‍ സങ്കടം അറിയിച്ചു. ജീവിതം വഴിമുട്ടാതിരിക്കാന്‍ നിയന്ത്രണത്തില്‍ ഇളവുതരണമെന്നായിരുന്നു ആവശ്യം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായതിനാല്‍ ഇളവ് സാധ്യമല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. പണം കൂടുതല്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. പകരം പണം കരുതുമ്പോള്‍ അതിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ വെക്കണമെന്നാണ് നിര്‍ദ്ദേശം. കര്‍ഷകരും കച്ചവടക്കാരും കൊണ്ടുവരുന്ന പണത്തിന് രേഖകളൊക്കെ എവിടെയുണ്ടാകാനാണ്. ഇതോടെ, കച്ചവടം വഴിമുട്ടിയ അവസ്ഥയിലാണ് മലയാളികളും തമിഴ്‌നാട്ടിലെ ക്ഷീരകര്‍ഷകരും.