കുടിയേറ്റക്കാര്‍ക്ക് താങ്ങായി കൂടരഞ്ഞി ഭവനനിര്‍മാണ സംഘം

moonamvazhi

43 കൊല്ലം മുമ്പ് ആരംഭിച്ച കൂടരഞ്ഞിയിലെ ഗ്രാമീണ ഭവനനിര്‍മാണ സഹകരണസംഘം സ്വന്തമായി വീടില്ലാത്ത ആയിരത്തിലധികം പേരെയാണു വീട് പണിയാന്‍ സാമ്പത്തികമായിസഹായിച്ചത്. പില്‍ക്കാലത്തു ഭവനനിര്‍മാണരംഗത്തു വാണിജ്യ-ദേശസാത്കൃത ബാങ്കുകളും എല്‍.ഐ.സി.യും സജീവമായതോടെ 2095 അംഗങ്ങളുള്ള കൂടരഞ്ഞി ഹൗസിങ് സൊസൈറ്റി ബാങ്കിങ്‌രംഗത്തേക്കും നിര്‍മാണസാധന വിപണനരംഗത്തേക്കും ചുവടുവെച്ചു.

– യു.പി. അബ്ദുള്‍ മജീദ്

കുടിയേറ്റമേഖലയില്‍ സ്വന്തം വീട് സ്വപ്നം കണ്ട ആയിരത്തിലധികം പേര്‍ക്കു തുണയായ സഹകരണസ്ഥാപനം. നിര്‍മാണസാധനങ്ങള്‍ ന്യായ വിലയ്ക്കു ലഭ്യമാക്കി മലയോരത്തെ കെട്ടിടനിര്‍മാണരംഗത്തു ചലനങ്ങളുണ്ടാക്കിയ സംഘശക്തി. നിക്ഷേപസമാഹരണത്തിലും വായ്പാ വിതരണത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ഇടപാടുകാരുടെ വിശ്വാസം നേടിയ സഹകാരികൂട്ടായ്മ. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി കേന്ദ്രമായി 1980 ല്‍ ആരംഭിച്ച കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിങ് സൊസൈറ്റി ഭവനനിര്‍മാണ, ബാങ്കിങ്, വ്യാപാരരംഗങ്ങളില്‍ വന്‍കിട സ്ഥാപനങ്ങളോടു മത്സരിച്ചുകൊണ്ടുതന്നെ വേരുറപ്പിച്ച സഹകരണസംഘമാണ്.

ഭവനവായ്പക്ക് ബുദ്ധിമുട്ട്

സാധാരണക്കാര്‍ക്കു വീട് നിര്‍മിക്കാന്‍ ദീര്‍ഘകാലവായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്നതിന്റെ പ്രയാസങ്ങള്‍ ഏറ്റവും അനുഭവിച്ചതു മലയോരമേഖലയിലെ കര്‍ഷകരായിരുന്നു. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ പണിത ചെറിയ വീടുകളായിരുന്നു മലയോരത്തു കൂടുതലുമുണ്ടായിരുന്നത്. കുടുംബങ്ങളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ യാത്ര, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വീടുകളുണ്ടാക്കാനായിരുന്നു കുടിയേറ്റകര്‍ഷകര്‍ താല്‍പ്പര്യമെടുത്തത്. എന്നാല്‍, ഭവനവായ്പ ലഭിക്കാന്‍ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടായിരുന്നു. കൃഷിയില്‍നിന്നുള്ള വരുമാനം പ്രത്യേക സീസണില്‍മാത്രം ലഭിക്കുന്നതിനാല്‍ ഭവന വായ്പാതിരിച്ചടവും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയേ സാധ്യമാവൂ. ഇത്തരം വായ്പകള്‍ നല്‍കാന്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്കു പദ്ധതിയില്ലാതിരുന്ന കാലത്താണു മലയോരമേഖലയില്‍ ഭവനനിര്‍മാണ സഹകരണസംഘത്തിന്റെ രൂപവത്കരണത്തിനു കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. പഴയകാല സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന പി.കെ. ജോര്‍ജിന്റെ നേതൃത്വത്തിലാണു കൂടരഞ്ഞിയില്‍ ഭവന നിര്‍മാണ സഹകരണസംഘം രൂപം കൊണ്ടത്. സംഘത്തിന്റെ ആദ്യപ്രസിഡന്റും അദ്ദേഹമായിരുന്നു. കൂടരഞ്ഞി, തിരുവമ്പാടി, കാരശ്ശേരി എന്നീ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള സംഘത്തിനു തുടക്കംമുതല്‍ വന്‍തോതില്‍ ഭവനവായ്പാ അപേക്ഷകള്‍ ലഭിക്കുകയുണ്ടായി.

ബാങ്കിങ് രംഗത്തേക്ക്

ഭൂമി ഈടായി സ്വീകരിച്ചുള്ള വായ്പയുടെ അപേക്ഷകള്‍ പരിശോധിച്ച് ഹൗസിങ് ഫെഡറേഷന് അയക്കുകയാണു പ്രാഥമിക ഭവനനിര്‍മാണ സഹകരണസംഘങ്ങളുടെ ആദ്യജോലി. ഫെഡറേഷന്‍ ഗന്ധുക്കളായി അനുവദിക്കുന്ന വായ്പ വിതരണം ചെയ്യലും പിന്നീട് തിരിച്ചടവ് സ്വീകരിക്കലും പ്രാഥമികസംഘങ്ങളാണ്. 1980 മുതല്‍ 10 വര്‍ഷം സഹകരണ ഹൗസിങ് സൊസൈറ്റികള്‍ ഭവന വായ്പാരംഗത്തു മികച്ച പ്രവര്‍ത്തനമാണു നടത്തിയത്. സര്‍ക്കാറിന്റെ സബ്‌സിഡിയും അക്കാലത്തു സംഘങ്ങള്‍ക്കു തുണയായി. എന്നാല്‍, 1990 നു ശേഷം വാണിജ്യ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളും സഹകരണ ബാങ്കുകളും എല്‍.ഐ.സി. പോലുള്ള സ്ഥാപനങ്ങളും ഭവന വായ്പാരംഗത്തേക്കു ചുവടുവെച്ചതോടെ ഭവനനിര്‍മാണസംഘങ്ങള്‍ക്കു വായ്പാ അപേക്ഷകള്‍ കുറഞ്ഞു. അതോടെ, ഭവനനിര്‍മാണ സഹകരണസംഘങ്ങള്‍ ബാങ്കിങ് രംഗത്തേക്കും വ്യാപാര രംഗത്തേക്കുമൊക്കെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൂടരഞ്ഞി ഹൗസിങ് സൊസൈറ്റിയും ബാങ്കിങ്‌രംഗത്തേക്കും നിര്‍മാണസാധന വിപണനരംഗത്തേക്കും ചുവടുവെച്ചു.

2095 അംഗങ്ങളുള്ള സംഘത്തിന്റെ ഓഫീസ് കൂടരഞ്ഞി-മരഞ്ചാട്ടി റോഡിലാണ്. ആറ് ജീവനക്കാരുണ്ട്. സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നാലു സെന്റ് സ്ഥലം സംഘം കൂടരഞ്ഞി അങ്ങാടിയില്‍ വാങ്ങിയിട്ടുണ്ട്. ഭവനവായ്പ നല്‍കുന്നതിലും തിരിച്ചടവ് ഉറപ്പുവരുത്തുന്നതിലും കൂടരഞ്ഞി സംഘത്തിന്റെ മികച്ച പ്രവര്‍ത്തനം ബാങ്കിങ് രംഗത്തേക്കു കടന്നപ്പോള്‍ സഹായകരമായി. സ്ഥിരനിക്ഷേപം, സേവിങ്‌സ് ബാങ്ക് നിക്ഷേപം, ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം എന്നിവ വഴിയും ഫണ്ട് സ്വരൂപിക്കുന്നുണ്ട്. 25,000 രൂപ വരെ വ്യക്തിഗത വായ്പയായും 15 ലക്ഷം രൂപ വരെ ഭൂമി ഈടിന്റെ അടിസ്ഥാനത്തിലും സംഘം നല്‍കുന്നുണ്ട്. ബിസിനസ്, കൃഷി, വാഹനം, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു കര്‍ഷകര്‍ വായ്പ ഉപയോഗപ്പെടുത്തുന്നു. നിക്ഷേപസമാഹരണത്തിനും കുടിശ്ശികനിവാരണത്തിനും സംഘം ഭരണസമിതിയും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നു

നിര്‍മാണസാധനങ്ങളുടെ വില്‍പ്പനക്കു കൂടരഞ്ഞി അങ്ങാടിയില്‍ സംഘം ആരംഭിച്ച നീതി ഹാര്‍ഡ്‌വെയര്‍വഴി മികച്ച വിറ്റുവരവ് നേടാനാവുന്നതും സംഘത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നു. കമ്പി, സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതു നാട്ടുകാര്‍ക്ക് ആശ്വാസമാണ്. മാത്രമല്ല, പൊതുവിപണിയിലെ വിലയെ സ്വാധീനിക്കാനും നീതി ഹാര്‍ഡ്‌വെയറിനു കഴിയുന്നുണ്ട്.

ഭവന വായ്പാരംഗത്തു മറ്റു ഏജന്‍സികള്‍ ഇല്ലാതിരുന്ന കാലത്തു രൂപവത്കരിച്ച പ്രാഥമികസംഘങ്ങളുടേയും ഹൗസിങ് ഫെഡറേഷന്റേയും പ്രവര്‍ത്തനം കാലത്തിനനുസരിച്ചു പരിഷ്‌കരിക്കാന്‍ സഹകരണവകുപ്പും സര്‍ക്കാറും മുന്‍കൈ എടുക്കണമെന്നു സംഘം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് മങ്കരയില്‍ ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ഭാഗമായി ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ നല്‍കുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ഹൗസിങ് സൊസൈറ്റികള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. സംസ്ഥാനസര്‍ക്കാറിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടേയും ഭവനപദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായി പ്രാഥമികസംഘങ്ങളെ പരിഗണിക്കുകയും സബ്സിഡി നല്‍കുകയും ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാവും. ഭവനസംഘങ്ങള്‍ വഴി കുറഞ്ഞ പലിശയ്ക്കു സാധാരണക്കാര്‍ക്കു ഭവനനിര്‍മാണ വായ്പ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. സഹകരണവായ്പ തിരിച്ചടവില്‍ വണ്‍ ടൈം സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുമ്പോള്‍ സംഘങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമുണ്ട്. ഭവനേതര വായ്പകള്‍ നല്‍കാന്‍ സംഘങ്ങള്‍ക്ക് അവയുടെ അംഗതല ബാക്കിനില്‍പ്പ് കണക്കാക്കി ഫെഡറേഷന്‍ കാഷ് ക്രെഡിറ്റ് അനുവദിക്കണമെന്നും കൂടരഞ്ഞി ഭവന സഹകരണസംഘം ആവശ്യപ്പെടുന്നു. ഭവനവായ്പയുടെ വ്യക്തിഗതപരിധി 20 ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തേണ്ടതുണ്ട്. സ്വന്തമായി സ്ഥലമുള്ള സംഘങ്ങള്‍ക്കു കുറഞ്ഞ പലിശയ്ക്കു ഫണ്ട് അനുവദിക്കണമെന്നും സംഘത്തിന്റെ സ്ഥലം ഫെഡറേഷന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്ന ഫീസ് ഒഴിവാക്കണമെന്നും കൂടരഞ്ഞി ഭവനനിര്‍മാണസംഘം ആവശ്യപ്പെടുന്നു.

2020 മുതല്‍ ജോര്‍ജ് വര്‍ഗീസ് മങ്കരയിലാണു സംഘം പ്രസിഡന്റ്. മുഹമ്മദ് കുട്ടി അടുക്കത്തില്‍, തോമസ് ഉഴുന്നാലില്‍, ടോമി കുരീക്കാട്ടില്‍, എ.പി. മോയിന്‍, രാധാകൃഷ്ണന്‍ മേലേ പറമ്പില്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, കെ.എസ്. മേരി, ജൂലി വിനോദ്, ബ്രിജിറ്റ് ജോണ്‍ എന്നിവര്‍ ഡയറക്ടര്‍മാരും ജോസ് ജേക്കബ് സെക്രട്ടറിയുമാണ്.

മൂന്നാംവഴി സഹകരണ മാസിക 2024 മാർച്ച്‌ ലക്കം