ഇന്ത്യയുടെ സ്വര്‍ണശേഖരം 822.1 ടണ്ണിലെത്തി

moonamvazhi
  • ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിയത് തുര്‍ക്കി:
  • രണ്ടാംസ്ഥാനത്ത് ഇന്ത്യയും ചൈനയും

ഇന്ത്യയുടെ സ്വര്‍ണശേഖരം റെക്കോഡ് ഉയരത്തിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലിന്റെ തുടക്കത്തില്‍ 822.1 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചു ടണ്‍ കൂടി റിസര്‍വ് ബാങ്ക് വാങ്ങിയപ്പോഴാണ് രാജ്യത്തിന്റെ സ്വര്‍ണശേഖരം തിളക്കമാര്‍ന്നു പുതിയ ഉയരം കുറിച്ചത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് ഏറ്റവുമധികം സ്വര്‍ണശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒമ്പതാംസ്ഥാനത്തു തുടരുകയാണ്. അമേരിക്കയാണ് ഒന്നാമതായി നില്‍ക്കുന്നത്. 2023 ഡിസംബറില്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണശേഖരം 800.78 ടണ്ണായിരുന്നു. അതാണിപ്പോള്‍ 822.1 ടണ്ണിലെത്തിയത്. രാജ്യത്തിന്റെ വിദേശനാണ്യം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണു സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നത് എന്നാണു സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.

ഇക്കൊല്ലം ഇതുവരെയായി 18.5 ടണ്‍ വാങ്ങിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം 822.1 ടണ്ണായി വര്‍ധിച്ചത്. 2023 ല്‍ റിസര്‍വ് ബാങ്ക് മൊത്തം വാങ്ങിയത് 16.2 ടണ്‍ സ്വര്‍ണമാണ്. എന്നാല്‍, ഇക്കൊല്ലം ആദ്യത്തെ മൂന്നു മാസത്തിനകംതന്നെ ഈ കണക്ക് മറികടന്നുകഴിഞ്ഞു. 2024 മാര്‍ച്ചില്‍ തുര്‍ക്കി കേന്ദ്രബാങ്കാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത് ( 14 ടണ്‍ ). തൊട്ടുപിന്നില്‍ വരുന്നത് ഇന്ത്യയും ചൈനയുമാണ്- അഞ്ചു ടണ്‍ വീതം. കസാഖിസ്ഥാനും സിങ്കപ്പൂരും നാലു ടണ്‍ വീതം സ്വര്‍ണം വാങ്ങി തൊട്ടുപിറകിലുണ്ട്. റഷ്യ വാങ്ങിയതു മൂന്നു ടണ്ണാണ്. വിപണിയുടെ ചാഞ്ചാട്ടം നടക്കുമ്പോഴും പണപ്പെരുപ്പസമ്മര്‍ദമുയരുമ്പോഴും സുരക്ഷിതമായ ആസ്തിയായാണു സ്വര്‍ണത്തെ പരിഗണിക്കുന്നത്.

അതേസമയം, ചൈനയില്‍ വസ്തുഇടപാടിലും ഓഹരിവിപണിയിലും ജനങ്ങളുടെ വിശ്വാസം പൊതുവെ കുറഞ്ഞുവരികയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവിടത്തെ കേന്ദ്രബാങ്കും സ്വര്‍ണശേഖരം വര്‍ധിപ്പിച്ചുവരികയാണ്. കഴിഞ്ഞകൊല്ലം ചൈനയില്‍ സ്വര്‍ണത്തിന്റെ ഉപയോഗം മുന്‍വര്‍ഷത്തേതില്‍നിന്ന് ഒമ്പതു ശതമാനമാണു വര്‍ധിച്ചതെന്നു ചൈന ഗോള്‍ഡ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍, ഇക്കൊല്ലം ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ത്തന്നെ സ്വര്‍ണോപയോഗം ആറു ശതമാനം കൂടിയിട്ടുണ്ട്. കേന്ദ്രബാങ്കായ ചൈന ജനകീയബാങ്കും സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ്. കഴിഞ്ഞ 17 മാസം തുടര്‍ച്ചയായി ജനകീയബാങ്ക് സ്വര്‍ണം വാങ്ങുന്നുണ്ട്. കഴിഞ്ഞ കൊല്ലം ലോകത്തെ മറ്റേതൊരു കേന്ദ്രബാങ്കിനേക്കാളും സ്വര്‍ണം വാങ്ങിയതു ജനകീയബാങ്കാണ്. തങ്ങളുടെ റിസര്‍വ്ഫണ്ട് വൈവിധ്യവത്കരിക്കാനും യു.എസ്. ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനുമാണു ചൈന സ്വര്‍ണത്തിലേക്കു കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. അമേരിക്കയില്‍നിന്നുള്ള കടം ചൈന കുറച്ചുകൊണ്ടുവരികയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചൈന അമേരിക്കക്കു നല്‍കാനുള്ളതു 775 ബില്യണ്‍ ഡോളറാണ്. 2021 ല്‍ ഇതു 1.1 ലക്ഷം കോടി ഡോളറായിരുന്നു. സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും ചൈനയുടെ വിദേശനാണ്യശേഖരത്തിന്റെ 4.6 ശതമാനം മാത്രമേ സ്വര്‍ണം വരുന്നുള്ളു.

ആഗോള സ്വര്‍ണവിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്ന അമേരിക്കയാണു സ്വര്‍ണശേഖരത്തില്‍ ലോകത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 8,133.46 ടണ്‍ സ്വര്‍ണമാണ് ഈ രാജ്യത്തിന്റെ പക്കലുള്ളത്. രണ്ടാംസ്ഥാനം ജര്‍മനിക്കും ( 3,352.65 ടണ്‍ ) മൂന്നാംസ്ഥാനം ഇറ്റലിക്കുമാണ് ( 2,451.84 ടണ്‍ ). ഫ്രാന്‍സിനും ( 2,436.88 ടണ്‍ ) റഷ്യക്കും ( 2,332.74 ടണ്‍ ) പിന്നില്‍ വരുന്ന ചൈനയ്ക്കു 2,191.53 ടണ്‍ സ്വര്‍ണശേഖരമുണ്ട്.

Leave a Reply

Your email address will not be published.