എല്ലാജില്ലകളിലും ടീം ഓഡിറ്റ്; അടിസ്ഥാന സൗകര്യമൊരുക്കാന്‍ അഞ്ചുകോടി

moonamvazhi

സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്താനുള്ള തീരുമാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടി തുടങ്ങി. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ടീം ഓഡിറ്റിനുവേണ്ട അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. നിലവില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് ടീം ഓഡിറ്റ് നടപ്പാക്കിയിട്ടുള്ളത്. സഹകരണ മേഖലയില്‍ ഓഡിറ്റ് സമ്പ്രദായം ടീം ഓഡിറ്റിലേക്ക് മാറ്റാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും, അത് ഗവര്‍ണറുടെ പരിഗണനയിലാണ്. അതിനാല്‍, സര്‍ക്കാരിന്റെ ഓഡിറ്റ് പരിഷ്‌കാരം എന്ന നിലയിലാണ് ഇപ്പോഴത്തെ മാറ്റം.

14 ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസുകളിലും 64 അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും ടീം ഓഡിറ്റിനുള്ള സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചിരുന്നു. ഓഹരി ശീര്‍ഷകത്തില്‍ വകുപ്പുകള്‍ക്ക് തുക അനുവദിക്കാന്‍ സാധിക്കാത്തതിനാല്‍ സബ്‌സിഡി ഇനത്തിലാണ് ഇത്രയും തുക നല്‍കിയിട്ടുള്ളത്. ഇങ്ങനെ നല്‍കാന്‍ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

ടീം ഓഡിറ്റിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനാണ് 1.20കോടിരൂപ നല്‍കിയിട്ടുള്ളത്. ഓഡിറ്റ് ആവശ്യത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനാണ് ഒരു കോടിരൂപ. ഓഡിറ്റര്‍മാര്‍ക്ക് അടക്കമുള്ള പരീശലനത്തിന് 30ലക്ഷവും മറ്റുചെലവുകള്‍ക്കായി 40ലക്ഷവും അനുവദിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ പുതിയ കാര്‍ വാങ്ങിക്കുന്നതിനാണ്. ഓഡിറ്റ് ടീമിന് നിരവധി സംഘങ്ങളുടെ ചുമതല ഉണ്ടാകും.

എല്ലാ സംഘങ്ങളിലും ഓഡിറ്റ് ജോലികള്‍ സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിലേക്കായി ഓഡിറ്റ് ടീം മുന്‍ഗണനാടിസ്ഥാനത്തില്‍ വാര്‍ഷിക-പ്രതിമാസ പ്ലാന്‍ തയ്യാറാക്കണമെന്ന് ഓഡിറ്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ് തുടങ്ങുന്ന തീയതി, അക്കാര്യം നേരത്തെ സംഘങ്ങളെ അറിയിക്കല്‍ എന്നിവയെല്ലാം ഈ പ്ലാനിലൂടെയാണ് ക്രമീകരിക്കേണ്ടത്. അതിനാല്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ ഓഫീസുകള്‍ ഓഡിറ്റ് സംവിധാനത്തിനായി ക്രമീകരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published.