ഊരാളുങ്കലിന് അധിക പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

Deepthi Vipin lal

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഒരു
ശതമാനം അധിക പലിശ നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന രീതിയിയില്‍ മൂലധനം സ്വരൂപിക്കേണ്ടതുണ്ടെന്ന ആവശ്യം പരിഗണിച്ചാണ് പ്രത്യേക അനുമതി നല്‍കിയത്. നേരത്തെ നല്‍കിയ അനുമതി 2021 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇത് 2022 മാര്‍ച്ച് 31വരെ നീട്ടിനല്‍കണമെന്ന സംഘം ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

സംഘം ഏറ്റെടുത്ത 4100 കോടിരൂപയില്‍ കൂടുതലുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂലധനം സ്വരൂപിക്കേണ്ടത് അത്യാവശ്യമാണെന്ന് സംഘം മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചു. ഒരു ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് നിക്ഷേപം കിട്ടാന്‍ പ്രയാസമാണ്. അതിനാല്‍, സ്ഥിരം നിക്ഷേപം അധിക പലിശ നല്‍കി സ്വീകരിക്കേണ്ടിവരും. 2020-21 വര്‍ഷത്തില്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതിന്റെ ഫലമായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപത്തില്‍ 342.28 കോടിരൂപയുടെ വര്‍ദ്ധനവാണുണ്ടായത്. 2021 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് 1370 കോടിയിലേറെ രൂപ സ്ഥിര നിക്ഷേപത്തില്‍ ബാക്കി നില്‍പ്പുണ്ട്. ഈ സാഹചര്യത്തില്‍ സംഘം ഏറ്റെടുത്ത നിര്‍മ്മാണ ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കുന്നതിന് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ അധികനിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി 2022 മാര്‍ച്ച് 31വരെ നീട്ടിനല്‍കണമെന്നും സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ ഊരാളുങ്കല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഏറ്റെടുത്ത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കലിന് മൂലധനം സ്വരൂപിക്കേണ്ടത് അനിവാര്യമാണെന്നും ഇതിന് അധിക പലിശ നിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കാമെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31വരെ ഉയര്‍ന്ന നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കികൊണ്ട് സഹകരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍.സുനിത ഉത്തരവിറക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Latest News