ക്രമക്കേട് തടയാനുള്ള വ്യവസ്ഥകളോടെ സഹകരണ നിയമത്തില്‍ സമഗ്ര അഴിച്ചുപണി വരുന്നു

Deepthi Vipin lal

 കേരള സഹകരണ സംഘം നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നു. ഇതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ സഹകരണ വകുപ്പ് നിയോഗിച്ചുകഴിഞ്ഞു. ഇതിനൊപ്പം, ഈ മേഖലയില്‍നിന്നുള്ളവരുടെ നിര്‍ദ്ദേശങ്ങളും വകുപ്പ് സ്വീകരിക്കുന്നുണ്ട്. ബില്‍ നിയമമാക്കുന്നതിന് മുമ്പ് കേരളത്തിലെ സഹകാരികള്‍ക്ക് മുമ്പില്‍ വിശദീകരിക്കും. പല വ്യവസ്ഥകളും സഹകാരികളുടെ അഭിപ്രായം കൂടി പരിഗണിച്ച് നടപ്പാക്കാനാണ് സഹകരണ വകുപ്പ് ആലോചിക്കുന്നത്.

സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ തടയാനുള്ള കര്‍ശന വ്യവസ്ഥകളാണ് നിയമത്തില്‍ കൊണ്ടുവരുന്നത്. ക്രമക്കേട് നടന്നാല്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെയും കുറ്റം ചുമത്തും. അന്വേഷണം പൂര്‍ത്തിയായികുറ്റവിമുക്തരാകുന്നതുവരെ സ്വത്ത് മരവിപ്പിക്കല്‍ ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. ക്രിമിനല്‍ കേസായി കണക്കാക്കിയാവും ശിക്ഷ. ഇത്തരം കാര്യങ്ങളില്‍ പങ്കുണ്ടെന്ന് ബോധ്യമായാല്‍ സഹകരണ സംഘങ്ങളില്‍ അംഗമാകുന്നതിനുള്ള യോഗ്യതയും കടുപ്പിക്കും.


ഒരാള്‍ സ്ഥിരമായി ഭരണസമിതി അംഗമാവുന്നത് തടയണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി ടേം നിശ്ചയിക്കും. തുടര്‍ച്ചയായി രണ്ടു തവണയിലധികം ഒരാള്‍ക്ക് ഭരണസമിതി അംഗമാകാനാവില്ല എന്നതാണ് നിയമത്തില്‍ കൊണ്ടുവരുന്ന വ്യവസ്ഥ. അഞ്ചു വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. രണ്ടും ടേം എന്ന നിബന്ധന കൊണ്ടുവന്നാല്‍ പത്തു വര്‍ഷമായിരിക്കും ഒരാള്‍ക്ക് ഭരണസമിതി അംഗമാകാനാവുക. സംഘങ്ങളുടെ ഭരണച്ചുമതലയില്‍ തുടര്‍ച്ചയായി ഒരാളെത്തുന്നത് അഴിമതിക്ക് വഴിവെക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്.


പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ കാര്‍ഷിക വായ്പ സ്ഥിരതാഫണ്ട് കൊണ്ട് സംരംഭങ്ങള്‍ തുടങ്ങാനാവുന്ന വിധത്തില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തും. കാര്‍ഷിക മേഖലയിലാകുമ്പോള്‍ ഹ്രസ്വകാല കാര്‍ഷിക വായ്പ ദീര്‍ഘകാലത്തേക്ക് മാറ്റാനാവും. അതിന്റെ ബാധ്യത കര്‍ഷകന് വരാതിരിക്കുന്ന വിധത്തിലാവും ഈ ഫണ്ട് ഉപയോഗിക്കുക. എന്നാല്‍, ഈ ഫണ്ട് ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. 1200 കോടിയോളം രൂപ ഫണ്ടിലുണ്ട്. കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ തുടങ്ങാന്‍ സംഘങ്ങള്‍ക്കു ഇതുപയോഗിക്കാനാകണമെന്നാണ് സര്‍ക്കാരിന് മുമ്പിലുള്ള നിര്‍ദ്ദേശം. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് ഈ ഫണ്ട് കൈമാറാനുള്ള വ്യവസ്ഥയും നിയമത്തില്‍ കൊണ്ടുവരും.


സഹകരണ നിയമ ഭേദഗതിക്ക് 2019 ജൂലായിലാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. സഹകരണ രംഗത്ത് വളര്‍ന്നുവരുന്ന ആശാസ്യമല്ലാത്ത പ്രവണതകള്‍ തടയുന്നതിനുള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതി അക്കൊല്ലംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പുറത്തുവന്നതും പിന്നീടുണ്ടായ വിവാദങ്ങളുമാണ് നിയമഭേദഗതിയും നടപടികളും വേഗത്തിലാക്കാന്‍ സഹകരണ വകുപ്പിനെ പ്രേരിപ്പിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!