തക്കാളിയുടെ വിലക്കയറ്റം നേരിടാന്‍ നാഫെഡ് രംഗത്ത്

moonamvazhi

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചു തക്കാളിയുടെ വിലക്കയറ്റം നേരിടാന്‍ ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനും ( നാഫെഡ് ) ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും ( എന്‍.സി.സി.എഫ് ) ശ്രമം തുടങ്ങി. പ്രധാനസ്ഥലങ്ങളില്‍ വിതരണം ചെയ്യാനായി ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിപണികളില്‍നിന്നു ഈ സംഘടനകള്‍ തക്കാളി സംഭരിച്ചുതുടങ്ങിയിട്ടുണ്ട്. ആന്ധ്രയില്‍നിന്നു സംഭരിച്ച തക്കാളിയുമായി വാഹനങ്ങള്‍ ബിഹാറിലേക്കു പുറപ്പെട്ടതായി നാഫെഡ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. വിലകുറച്ചു ചില്ലറ വില്‍പ്പനശാലകളിലൂടെയാണ് ഈ തക്കാളി വില്‍ക്കുക. ഹിമാചല്‍പ്രദേശില്‍നിന്നുള്ള തക്കാളിയുടെ വരവ് തടസ്സപ്പെട്ടതാണ് ഉത്തരേന്ത്യയില്‍ വിലക്കയറ്റത്തിനു കാരണമായത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തങ്ങളും തക്കാളിസംഭരണം തുടങ്ങിയതായി എന്‍.സി.സി.എഫ് ചെയര്‍മാന്‍ വിശാല്‍ സിങ് അറിയിച്ചു. ഡല്‍ഹി, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് തക്കാളി കയറ്റിയ വണ്ടികള്‍ പോകുന്നതെന്നു അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കിലോയ്ക്കു 90 രൂപ നിരക്കിലാവും തക്കാളി വില്‍ക്കുക.

ഡല്‍ഹിയില്‍ ബുധനാഴ്ച കച്ചവടക്കാര്‍ കിലോയ്ക്കു 240 രൂപയ്ക്കാണു തക്കാളി വിറ്റത്. പഞ്ചാബിലെ പല ജില്ലകളിലും 200 രൂപയ്ക്കു മുകളിലാണു തക്കാളിവില. മഹാരാഷ്ട്രയിലെ നാസിക്ക്, നാരായണ്‍ഗാവ്, ഒൗറംഗാബാദ് എന്നിവിടങ്ങളില്‍നിന്നു ആഗസ്റ്റോടെ കൂടുതല്‍ തക്കാളി എത്തുന്നതോടെ വില കുറയുമെന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!