നാഫെഡും എന്‍.സി.സി.എഫും കുറഞ്ഞ നിരക്കില്‍ ഭാരത് ആട്ട വിതരണം ചെയ്യുന്നു

moonamvazhi
ദീപാവലിക്കാലത്തു ജനങ്ങളെ സഹായിക്കാനായി ആട്ടയുടെ വിതരണച്ചുമതല സഹകരണസ്ഥാപനങ്ങളായ നാഫെഡും ( ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ) എന്‍.സി.സി.എഫും ( ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍) ഏറ്റെടുത്തു. ഭാരത് ആട്ട എന്ന ബ്രാന്റിലാണ് ഇതു വിതരണം ചെയ്യുക. രാജ്യത്തെങ്ങും 800 മൊബൈല്‍ വാനുകളിലൂടെയും രണ്ടായിരത്തോളം ഔട്ട്‌ലെറ്റുകളിലൂടെയും ആട്ട വിതരണം ചെയ്യും. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ചേര്‍ന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ ആട്ടയുമായി സഞ്ചരിക്കുന്ന 100 വാനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കിലോവിനു 27.5 രൂപ നിരക്കിലാണ് ഈ ഗോതമ്പുപൊടി ജനങ്ങള്‍ക്കു നല്‍കുക. പൊതുവിപണിയില്‍ 36-70 രൂപ നിരക്കിലാണ് ആട്ടയുടെ പല ബ്രാന്റുകളും വില്‍ക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലും നാഫെഡും എന്‍.സി.സി.എഫും കുറഞ്ഞ നിരക്കിലുള്ള ആട്ട വിതരണം ചെയ്തിരുന്നു. അന്നു കിലോവിനു 29.5 രൂപ നിരക്കില്‍ 18,000 ടണ്‍ ആട്ട വിലസ്ഥിരതാനിധി പദ്ധതിയിന്‍കീഴില്‍ വിതരണം ചെയ്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കിലോവിനു 21.5 രൂപ നിരക്കില്‍ രണ്ടര ലക്ഷം ടണ്‍ ഗോതമ്പ് നാഫെഡിനും എന്‍.സി.സി.എഫിനും കേന്ദ്രീയ ഭണ്ഡാറിനുമായി അനുവദിക്കുമെന്നും അവരിതു പൊടിയാക്കി 27.5 രൂപ നിരക്കില്‍ വില്‍ക്കുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. നാഫെഡിനും എന്‍.സി.സി.എഫിനും ഒരു ലക്ഷം ടണ്‍ ഗോതമ്പു വീതമാണ് അനുവദിക്കുക. അര ലക്ഷം ടണ്‍ കേന്ദ്രീയ ഭണ്ഡാറിനും നല്‍കും. നേരത്തേ സബ്‌സിഡിനിരക്കില്‍ തക്കാളിയും സവാളയും സര്‍ക്കാര്‍ പൊതുവിപണിയില്‍ എത്തിച്ചപ്പോള്‍ അതു വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചെന്നു മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.