ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ.

adminmoonam

ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന സഹകരണ മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി. ആഗസ്റ്റ് ഒന്ന് മുതൽ പദ്ധതി പ്രാബല്യത്തിൽ.
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ മാസം പത്തിന് സഹകരണ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതുസംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സഹകരണ ജീവനക്കാരെ മെഡിസെപിൽ ഉൾപ്പെടുത്താൻ തടസ്സമില്ലെന്ന് ധനമന്ത്രി അറിയിച്ചതായി സംഘടനാ പ്രതികളോട് സഹകരണ വകുപ്പ് മന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ മെഡിസെപ് സംബന്ധിച്ച് ഈ മാസം 15ന് ഇറങ്ങിയ ഉത്തരവിലും സഹകരണ ജീവനക്കാർ ഉൾപ്പെട്ടിട്ടില്ല. ഇതുപ്രകാരം ഓഗസ്റ്റ് ഒന്നുമുതൽ മെഡിസെപ്‌ പ്രാബല്യത്തിൽ വരുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ ഉത്തരവിൽ പറയുന്നു.

നിലവിൽ മൂവായിരം രൂപയോളം മെഡിക്കൽ അലവൻസ് സഹകരണ ജീവനക്കാർക്ക് നൽകുന്നുണ്ട്. ഇത് ഇൻഷൂറൻസ് പദ്ധതിയിലേക്ക് മാറ്റാവുന്നതേയുള്ളൂ. സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ, സർക്കാരിന്റെ സഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, ഈ സ്ഥാപനങ്ങളുടെ പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, ചീഫ് വിപ്പ് സ്റ്റാഫ് അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതി സംബന്ധിച്ച് തുടക്കത്തിൽ ഇറങ്ങിയ ഉത്തരവിൽ സഹകരണ ജീവനക്കാർ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി സഹകരണ ജീവനക്കാരും രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് സഹകരണ ജീവനക്കാരുടെ സംഘടനകൾക്ക് സഹകരണ വകുപ്പ് മന്ത്രി മെഡിസെപിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് ഉറപ്പുനൽകിയത്. എന്നാൽ ഉറപ്പിന് അഞ്ച് ദിവസത്തിനു ശേഷം ഇറങ്ങിയ ഉത്തരവിൽ ആണ് സഹകരണ ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News