സഹകരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ അനിവാര്യം-മന്ത്രി അമിത് ഷാ

moonamvazhi

കേന്ദ്ര സഹകരണ മന്ത്രാലയം മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ഉണ്ടായേ തീരൂ എന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. സഹകരണ മേഖലയില്‍ ഓരോ സംസ്ഥാനത്തിന്റെയും ഊന്നലിനു വ്യത്യാസമുണ്ടാകാം. എങ്കിലും, ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗം ഒന്നുതന്നെയാണ് – അമിത് ഷാ പറഞ്ഞു.

ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ ദ്വിദിന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര സഹകരണ മന്ത്രി. കേന്ദ്ര സഹകരണ സഹമന്ത്രി ബി.എല്‍. വര്‍മയും 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സഹകരണ പ്രസ്ഥാനത്തില്‍ ഇതുവരെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങള്‍ കിംവദന്തികളില്‍ വീഴരുത്. എന്തെങ്കിലും തരത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കില്‍ സംസ്ഥാന മന്ത്രിമാര്‍ക്കു തന്നെ നേരിട്ടു വിളിക്കാം- അദേഹം അറിയിച്ചു. ഭരണഘടനയില്‍ സഹകരണം ഒരു സംസ്ഥാന വിഷയമാണ്. അതില്‍ മാറ്റം വരുത്തേണ്ട ആവശ്യമേയില്ല. ഇന്ത്യപോലൊരു രാജ്യത്തു സഹകരണ പ്രസ്ഥാനം ഒരേ പാത പിന്തുടരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും പൊതു കാഴ്ചപ്പാടുണ്ടാകണം. ഇതിനാണ് ഒരു ദേശീയ സഹകരണ നയം ആവശ്യമായി വരുന്നത് – അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അധ്യക്ഷനായി ദേശീയ സഹകരണ നയരൂപവത്കരണ സമിതിക്കു കേന്ദ്രം രൂപം കൊടുത്ത കാര്യം മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.

സഹകരണ മേഖലയില്‍ പരമപ്രാധാന്യം കൊടുത്തു ശക്തിപ്പെടുത്തേണ്ടതു പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയാണ്. ഇതിനുവേണ്ടിയാണു പ്രാഥമിക സംഘങ്ങള്‍ക്കായി പുതിയ നിയമാവലി തയാറാക്കിയത്. ഇവ എത്രയും പെട്ടെന്നു നടപ്പാക്കിയാല്‍ സഹകരണ പ്രസ്ഥാനത്തിന് അതു ഗുണകരമാവും. അതുപോലെ സഹകരണ ബിസിനസിനു പരിശീലനം ലഭിച്ച ജീവനക്കാരും അത്യാവശ്യമാണ്. അതിനാണു കേന്ദ്രം സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നത്. ഓരോ സംസ്ഥാനത്തും അതതിടത്തെ സഹകരണ യൂണിയന്റെ കീഴില്‍ ഓരോ സഹകരണ കോളേജ് സ്ഥാപിക്കും. ഈ കോളേജിനെ സഹകരണ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യും. വിപണിയിലെ മത്സരത്തിനനുസൃതമായി സഹകരണ സംഘങ്ങളും മുന്നോട്ടുപോകണം. ഇന്‍ഷുറന്‍സ്, ആരോഗ്യം, ടൂറിസം, സംസ്‌കരണം, സംഭരണം, സേവനം തുടങ്ങിയ രംഗങ്ങളിലേക്കും സഹകരണ മേഖല കടക്കണം – അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News