ഐക്യരാഷ്ട്ര സംഘടനയുടെ തീം ‘പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ’

Moonamvazhi

ലോക ക്ഷീരദിനത്തില്‍ ഭക്ഷ്യസമൃദ്ധിക്കായി അണിചേരാന്‍ ആഹ്വാനം ചെയ്ത് മന്ത്രി ജെ.ചിഞ്ചുറാണി. പ്രവാസികളും സ്ത്രീകളും യുവാക്കളുമെല്ലാം ക്ഷീരകര്‍ഷക മേഖലയിലേക്ക് വരണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ക്ഷേമവും സാമ്പത്തിക സഹായവും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒട്ടേറെ പദ്ധതികള്‍ ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖല ശക്തിപ്പടേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തിക്കൊണ്ടുള്ളതാണ് മന്ത്രിയുടെ സന്ദേശം.

മന്ത്രി ജെ.ചിഞ്ചുറാണിയുടെ ക്ഷീരദിന സന്ദേശം പൂര്‍ണരൂപത്തില്‍ – പാല്‍ ഒരു പരിശുദ്ധിയാണ്. പ്രകൃതിയുടെ നൈസര്‍ഗികമായ പാനീയങ്ങളില്‍ പാല്‍പ്പോലെ ശുദ്ധവും സാര്‍വ്വലൗകികവുമായ മറ്റൊരു പാനീയമില്ല. പാല്‍ എന്ന സാര്‍വത്രികവും സമ്പൂര്‍ണ്ണവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001ല്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനമനുസരിച്ച് 2001 മുതല്‍ ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനമായി ആചരിച്ചു വരുകയാണ്. പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും ഈ രംഗത്തിന്റെ യഥാര്‍ത്ഥ നട്ടെല്ലായ കര്‍ഷകരെ ആദരിക്കുന്നതിനും ആഗോള വ്യവസായ മേഖലയില്‍ പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഈ ദിവസം നമുക്ക് അവസരം നല്‍കുന്നു.

ക്ഷീരസപര്യ ഭക്ഷ്യഭദ്രതയക്കും സാമ്പത്തിക മേന്മയ്ക്കും ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ പാലിനും പാലുല്‍പന്നങ്ങള്‍ക്കും നിര്‍ണായക സ്ഥാനമുള്ളതിനാല്‍ ലോക ഭക്ഷ്യ കാര്‍ഷിക ക്ഷേമ സംഘടനയുടെ ആഹ്വാനം അനുസരിച്ച് ആളോഹരി പാല്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായി വന്നു. അതോടെ പാല്‍ ഒരു വ്യവസായത്തിലേക്ക് മാറുകയായിരുന്നു. ക്ഷീരവൃത്തി ഒരു വ്യവസായമായി മാറിക്കഴിഞ്ഞപ്പോള്‍ പാല്‍ ഉപയോഗത്തിലും ഉല്പാദനത്തിലും ഇന്ത്യ വളരെ മുന്നിലായി. ഇന്ന് പഞ്ചാബ് ആണ് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം. തൊട്ടു പിന്നില്‍ തന്നെ കേരളവുമുണ്ട്. കേരളത്തില്‍ ധവള വിപ്ലവം ആരംഭിച്ചത് മുതലാണ് ക്ഷീര മേഖലയ്ക്ക് ഒരു കെട്ടുറപ്പ് വരുന്നത്.

കേരളത്തിന്റെ അഭിമാനമായ ഡോ.വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ആനന്ദ് മാതൃകാ സഹകരണ സംഘങ്ങള്‍ രാജ്യത്തിനാകെ ഉണര്‍വും ആവേശവുമായി അതിന്റെ പാത പിന്‍പറ്റി കേരളവും സംഘടിത ക്ഷീര വ്യവസായ മേഖലയിലേക്ക് മാറുകയായിരുന്നു. 1300 ഓളം വരുന്ന ആനന്ദ് പാറ്റേണ്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ കേരളത്തില്‍ രൂപീകൃതമായതോടെ ക്ഷീരസപര്യ ഉപജീവന മാര്‍ഗമായി മാറി. പോഷക സുരക്ഷിതത്വവും, സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ഒരു വലിയ കാര്‍ഷിക രംഗമായി ഇന്ന് അത് ഉയര്‍ന്നു. ലോകം ശ്രദ്ധിക്കുന്ന പാല്‍ ഉല്‍പാദന വളര്‍ച്ചയിലേക്ക് കേരളം ഇപ്പോള്‍ വളര്‍ന്നു കഴിഞ്ഞു. സ്വയം പര്യാപ്തതയോട് തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് ഇന്ന് കേരളത്തിന്റെ ക്ഷീരമേഖല. ഈ രംഗത്ത് അശ്രാന്തപരിശ്രമം നടത്തുന്ന കര്‍ഷകരും, ഉദ്യോഗസ്ഥരും, സര്‍ക്കാര്‍ പദ്ധതികള്‍ എന്നും നെഞ്ചോട് ചേര്‍ക്കുന്ന കേരള ജനതയുമാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍.

പോഷകസമൃദ്ധിയും, സുസ്ഥിരതയും പാലിലൂടെ ഇത്തവണ ജൂണ്‍ ഒന്നിന് ക്ഷീര ദിനം ആഘോഷിക്കുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനയുടെ തീം ‘പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ’ എന്നതാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം ആയിരത്തില്‍ മുന്നറു പേരെങ്കിലും വിവിധ പോഷകക്കുറവുകള്‍ മൂലം പ്രയാസപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പോഷകാഹാര കുറവു കാരണം മരണപ്പെടുന്നവരും ഏറെയുണ്ട്. ഇവിടെയാണ് ക്ഷീരമേഖലയുടെ പ്രസക്തി. പോഷകകാര്യത്തിലായാലും, വിലയുടെ കാര്യത്തിലായാലും സാധാരണക്കാരന് ചേര്‍ന്നതും യോജിച്ചതുമായ ആഹാരം പാലാണ്. കൂടില്‍ മുതല്‍ കൊട്ടാരം വരെ ആര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പോഷക കലവറ, കൊഴുപ്പിന്റെയും ജീവകങ്ങളുടെയും ധാതുക്കളുടെയും നല്ലൊരു സ്രോതസ്സ് എന്നിവയൊക്കെ പാലിന്റെ ഗുണ വിശേഷങ്ങളാണ്. ക്ഷീരവൃത്തിയും, ക്ഷീര വ്യവസായവും വളരുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് . ഈ മേഖലയില്‍ കൂടുതല്‍ പേര്‍ ഇനിയും കടന്നു വരേണ്ടതുണ്ട്. പ്രവാസി മലയാളികളും യുവസംരംഭകരും വനിതകളും ഒക്കെ വരത്തക്ക രീതിയില്‍ ഈ മേഖല കൂടുതല്‍ ആകര്‍ഷകമാക്കേണ്ടതുണ്ട്.

 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ കേരളത്തിന് യോജിച്ച രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. കര്‍ഷകരുടെ ക്ഷീര സംരംഭങ്ങള്‍ക്ക് സഹായിക്കുന്ന ഉത്പാദന ഉപാധികളുടെ വിതരണം, ഇന്‍സന്റീവുകള്‍, പലിശസബ്‌സിഡി, തീരദേശത്തെ കര്‍ഷകര്‍ക്കായുള്ള ക്ഷീരതീരംപദ്ധതി, തോട്ടം മേഖല യിലെ തൊഴിലാളികള്‍ക്കായുള്ള ക്ഷീരലയം പദ്ധതി, കാലിത്തീറ്റയുടെ ഉത്പാദനവും സംഭരണവും, പ്രാദേശികമായി നിര്‍മ്മിക്കാവുന്ന കാലിത്തീറ്റയുടെ പ്രചരണം, കാലിത്തീറ്റയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അനുബന്ധ മേഖലയായ തീറ്റപ്പുല്‍ കൃഷിവികസനം, കൃത്രിമ ബീജാധാന സൗകര്യങ്ങളുടെ മേന്മ വര്‍ദ്ധിപ്പിക്കല്‍, കാളക്കൂറ്റന്മാരുടെ മേന്മ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ള ഭ്രൂണമാറ്റ പദ്ധതി, പഠനം, ഗവേഷണം ഇതൊക്കെ ഊര്‍ജിതമാക്കുവാനായുള്ള ഭാവനാപൂര്‍ണമായ ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരളത്തില്‍ 12 ലക്ഷത്തോളം വീടുകളില്‍ അടുപ്പു പുകയുന്നത് ഇന്നും ക്ഷീരവൃത്തികൊണ്ടാണ് എന്നതില്‍ രണ്ടഭിപ്രായമില്ല. രാപകലില്ലാത്ത കര്‍ഷകരുടെ അധ്വാനം ഈ മേഖലയ്ക്ക് കൂട്ടാവുന്നു. ഒരുപക്ഷേ നമ്മെ പാല്‍ കുടിപ്പിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുന്നവരാണ് അവരൊക്കെ. അവര്‍ക്ക് വേണ്ടതെല്ലാം വേണ്ട സമയത്ത് നല്‍കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്ഷീര മേഖലയിലൂടെ ഭക്ഷ്യ ഭദ്രതയും, സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തി സമൂഹത്തിന് പോഷക ഭദ്രത നിലനിര്‍ത്തുവാനുള്ള കൂട്ടായ ശ്രമത്തിന് നമുക്ക് തോളോട് തോള്‍ അണിചേരാം. അതാകട്ടെ ഇത്തവണത്തെ ക്ഷീരദിന സന്ദേശം.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi