എന്‍.സി.ഡി.സി. ഇക്കൊല്ലം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 35,179 കോടി രൂപ

moonamvazhi
നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ( 2023 നവംബര്‍ 30 വരെ ) ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) മൊത്തം നല്‍കിയ സാമ്പത്തികസഹായം 35,179.65 കോടി രൂപയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവുമധികം സഹായം ലഭിച്ചതു തെലങ്കാന സംസ്ഥാനത്തിനാണ്. 11,931 കോടി രൂപയാണു തെലങ്കാനക്കു കിട്ടിയത്. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രപ്രദേശിനു 10,072 കോടിയും മൂന്നാംസ്ഥാനത്തുള്ള ഹരിയാനക്കു 9,884 കോടിയും ലഭിച്ചു. കേരളത്തിനു നല്‍കിയ സഹായത്തിന്റെ കണക്ക് ലഭ്യമല്ല.

ആന്‍ഡമാന്‍-നിക്കോബാര്‍, അരുണാചല്‍ പ്രദേശ്, ഛണ്ഡീഗഢ്, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് എന്‍.സി.ഡി.സി. ഫണ്ടുകളൊന്നും നല്‍കിയിട്ടില്ല. 2022-23 സാമ്പത്തികവര്‍ഷം 41,031 കോടി രൂപയും 2021-22 ല്‍ 34,221.08 കോടി രൂപയുമാണു വിതരണം ചെയ്തത്. ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ സഹകരണമന്ത്രി അമിത് ഷായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.ഡി.സി.യാണു പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഗുണകരമാകുന്നവിധത്തില്‍ സഹകരണസംഘങ്ങള്‍ക്കു സാമ്പത്തികസഹായം വിതരണം ചെയ്യുന്നത്. യുവ സഹകാര്‍ സംരംഭങ്ങള്‍ വഴി എന്‍.സി.ഡി.സി. പുതിയ സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ പലിശനിരക്കില്‍ ഇവയ്ക്കു സാമ്പത്തികസഹായം നല്‍കുകയും ചെയ്തുവരുന്നുണ്ട്. 2021-22 ല്‍ സംസ്ഥാന-ജില്ലാ-അര്‍ബന്‍ സഹകരണബാങ്കുകള്‍ മൊത്തം 9.89 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ 3.15 ലക്ഷം കോടി രൂപയും സംസ്ഥാന സഹകരണബാങ്കുകള്‍ 3.21 ലക്ഷം കോടി രൂപയും ജില്ലാ സഹകരണബാങ്കുകള്‍ 3.53 ലക്ഷം കോടി രൂപയുമാണു വായ്പയായി നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!