തട്ടിപ്പ് തടയാന്‍ മാത്രമായി നയവും സമിതിയും വേണം; നിര്‍ദേശങ്ങള്‍ നല്‍കിയത് 10 അധ്യായമായി തിരിച്ച്

moonamvazhi

തട്ടിപ്പു തടയാന്‍ മാത്രമായി നയവും സമിതിയും രൂപവത്കരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെ ‘അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും സംസ്ഥാന സഹകരണബാങ്കുകള്‍ക്കും കേന്ദ്ര സഹകരണബാങ്കുകള്‍ക്കും തട്ടിപ്പുകളും റിസ്‌കുകളും നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ബൃഹദ്‌നിര്‍ദേശങ്ങള്‍’ [Reserve Bank of India (Fraud Risk Manaagement in UCBs/StCBs/CCBs) Directions,2024 ] പുറപ്പെടുവിച്ചു. 2015 ജൂലൈ ഒന്നിന് ഇവയ്ക്കു നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ക്കു പകരമായാണു പുതിയ നിര്‍ദേശങ്ങള്‍.

തട്ടിപ്പുകളും റിസ്‌കുകളും മാനേജ് ചെയ്യാന്‍ ഭരണസമിതി അംഗീകരിച്ച നയം ഉണ്ടായിരിക്കണമെന്ന് ഇതില്‍ പറയുന്നു. തട്ടിപ്പുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേകസമിതി രൂപവത്കരിക്കണമെന്നതാണു നിര്‍ദേശങ്ങളില്‍ പ്രധാനം. തട്ടിപ്പുകേസുകള്‍ നിരീക്ഷിക്കാനും തുടര്‍നടപടികളെടുക്കാനുമുളള ഭരണസമിതിയുടെ പ്രത്യേകസമിതി (സ്‌പെഷ്യല്‍ കമ്മിറ്റി ഓഫ് ദി ബോര്‍ഡ് ഫോര്‍ മോണിറ്ററിങ് ആന്റ് ഫോളോഅപ് ഓഫ് കേസസ് ഓഫ് ഫ്രോഡ്‌സ് എസ്.സി.ബി.എം.എഫ്) എന്നാണിത് അറിയപ്പെടുക. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇതില്‍ ഉണ്ടായിരിക്കണം. കൂടാതെ രണ്ടുഡയറക്ടര്‍മാരെങ്കിലും വേണം. ഇതിലൊരാളായിരിക്കും സമിതിയെ നയിക്കുക. 1000 കോടിരൂപയില്‍താഴെ നിക്ഷേപമുള്ള, ടയര്‍ ഒന്നിലും ടയര്‍ രണ്ടിലും പെടുന്ന അര്‍ബന്‍ബാങ്കുകള്‍ക്കും സംസ്ഥാനസഹകരണബാങ്കുകള്‍ക്കും കേന്ദ്രസഹകരണബാങ്കുകള്‍ക്കും ഇതിനുപകരം എക്‌സിക്യൂട്ടീവുമാരുടെ സമിതി (കമ്മറ്റി ഓഫ് എക്‌സിക്യൂട്ടീവ്‌സ് സി.ഒ.ഇ) ആയാലും മതി. ഇതിലും മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. അതിലൊരാള്‍ സി.ഇ.ഒ.ആയിരിക്കയും വേണം.

തട്ടിപ്പും റിസ്‌കും കൈകാര്യംചെയ്യാനുള്ള സംവിധാനത്തിനു മേല്‍നോട്ടം വഹിക്കുക, തട്ടിപ്പുകേസുകള്‍ പരിശോധിക്കുക, അവയുടെ മൂലകാരണം വിശകലനം ചെയ്യുക, ആഭ്യന്തരനിയന്ത്രണസംവിധാനങ്ങളും റിസ്‌ക്‌നിയന്ത്രണചട്ടക്കൂടുകളും ശക്തിപ്പെടുത്താനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുക എന്നിവയാണ് എസ്.സി.ബി.എം.എഫിന്റെയും സിഒ.ഇ.യുടെയും ചുമതലകള്‍. സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കുകളും തട്ടിപ്പുകള്‍ നിര്‍ദിഷ്ടമാതൃകയിലും നടപടിക്രമപ്രകാരവും ദേശീയകാര്‍ഷികഗ്രമവികസനബാങ്കിന് (നബാര്‍ഡ്) റിപ്പോര്‍ട്ടു ചെയ്യുന്നതു തുടരണം.മറ്റു നിര്‍ദേശങ്ങള്‍ ചുവടെ:

ആരോപണവിധേയരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിശദമായ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കണം. മറുപടി നല്‍കാന്‍ 21 ദിവസം അനുവദിക്കണം. മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും തട്ടിപ്പ്‌റിസ്‌ക് മാനേജ്‌മെന്റ് നയം അവലോകനം ചെയ്യണം. ആവശ്യമെങ്കില്‍ ഇതിലേറെ തവണ അവലോകനം ആവാം. 1000 കോടിരൂപയ്ക്കുമുകളില്‍ നിക്ഷേപമുള്ള ടയര്‍ രണ്ടിലും മൂന്നിലുംപെടുന്ന അര്‍ബന്‍സഹകരണബാങ്കുകള്‍ക്കും സംസ്ഥാനബാങ്കുകള്‍ക്കും കേന്ദ്രബാങ്കുകള്‍ക്കും മുന്‍കൂര്‍മുന്നറിയിപ്പുസൂചന നല്‍കുന്ന സംവിധാനം (ഏര്‍ളി വാര്‍ണിങ് സിഗ്‌നല്‍സ് ഇ.ഡബ്ലിയു.എസ്) ഉണ്ടായിരിക്കണം. ഇതു ഫലപ്രദമാണെന്ന് ഉറപ്പുവരുത്താന്‍ ബോര്‍ഡുതലസമിതിയും വേണം. സീനിയര്‍ മാനേജ്‌മെന്റാണ് ശക്തമായ ഇ.ഡബ്ലിയു.എസ്. രൂപവത്കരിക്കേണ്ടത്. ഇ.ഡബ്ലിയു.എസ്.ചട്ടക്കൂടിനെ കോര്‍ബാങ്കിങ് സംവിധാനവുമായും മറ്റു പ്രവര്‍ത്തനസംവിധാനങ്ങളുമായും കൂട്ടിയിണക്കണം. ഏതെങ്കിലും കമ്പനിയുടെ അക്കൗണ്ടില്‍ ക്രമക്കേട് കണ്ടാല്‍ ആ കമ്പനിയുടെ ഉടമകളാരാരെങ്കിലും ഉള്‍പ്പെടുന്ന മറ്റുകമ്പനികളുടെ അക്കൗണ്ടുകളുണ്ടെങ്കില്‍ അവയും പരിശോധിക്കണം.

അസാധാരണപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേതടക്കമുള്ള സാമ്പത്തികഇടപാടുകള്‍ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും മാത്രമായി ഒരു മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം യൂണിറ്റ് അഥവാ അനലിറ്റിക്‌സ് സംവിധാനം ബാങ്കുകള്‍ക്കുണ്ടായിരിക്കണം.
പുറമെനിന്ന് ഓഡിറ്റര്‍മാരെ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു വ്യക്തമായ നയം ഉണ്ടായിരിക്കണം. ഓഡിറ്റ് പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതില്‍ വിവേകവും കാര്യക്ഷമതയും സമയനിഷ്ഠയും ഉറപ്പാക്കുന്നതു സംബന്ധിച്ചും നയം രൂപവത്കരിക്കണം. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ പൊലീസ് അടക്കമുള്ള നിയമപരിപാലനഏജന്‍സികളെ അറിയിക്കണം. ഏതെങ്കിലും നിയമപരിപാലനഏജന്‍സിയുടെ അന്വേഷണത്തില്‍ ബാങ്കിലെ ഏതെങ്കിലും കടമെടുപ്പ്അക്കൗണ്ട് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമവും നയവും പരിശോധിച്ച് അതു ക്രമക്കേടുള്ള വിഭാഗത്തില്‍ പെടുത്തണം.
മൂന്നാംകക്ഷികളുടെ സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ അവര്‍ ക്രമക്കേടു കാട്ടിയാല്‍ അവരെ ഉത്തരവാദികളാക്കുന്ന വ്യവസ്ഥ കരാറില്‍ ഉണ്ടായിരിക്കണം. ഏതു തട്ടിപ്പായാലും ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ടോ എന്ന് അന്വേഷിച്ചു യഥാസമയം തീര്‍പ്പാക്കണം. എം.ഡി.യും സി.ഇ.ഒ.യുംപോലുള്ള ഏറ്റവും മുതിര്‍ന്ന എക്‌സിക്യൂട്ടീവുമാര്‍ ഉള്‍പ്പെട്ട കേസുകള്‍ ബോര്‍ഡിന്റെ ഓഡിറ്റ് കമ്മറ്റി പരിശോധിച്ചു ബോര്‍ഡില്‍ റിപ്പോര്‍ട്ടുവയ്ക്കണം.

അര്‍ബന്‍സഹകരണബാങ്കുകള്‍ ഏതെങ്കിലും വ്യക്തിഗതഅക്കൗണ്ടില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ തുക കൂടുതലായാലും കുറവായാലും നിര്‍ദിഷ്ടമാതൃകയില്‍ 14 ദിവസത്തിനകം റിസര്‍വ് ബാങ്കിനെ അറിയിക്കണം. ജീവനക്കാര്‍ ക്രമക്കേടു കണ്ടെത്തുന്നതിലും ആര്‍.ബി.ഐ.ക്കു റിപ്പോര്‍ട്ടു ചെയ്യുന്നതിലും കാലതാമസം വരുത്തിയിട്ടുണ്ടോ എന്ന് അര്‍ബന്‍ സഹകരണബാങ്കുകള്‍ പരിശോധിക്കണം. ക്രമക്കേടില്‍ പങ്കില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ക്രമക്കേടു സംബന്ധിച്ചറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കണം. ക്രമക്കേടിന്റെ റിപ്പോര്‍ട്ടുകളില്‍ കുറ്റവാളികളായി ചൂണ്ടിക്കാട്ടപ്പെടുന്ന പേരുകള്‍ അസാധാരണസാഹചര്യങ്ങളില്‍ മാത്രമേ ഒഴിവാക്കാവൂ. ഇങ്ങനെ ഒഴിവാക്കാന്‍ മതിയായ ന്യായീകരണവും ഡയറക്ടറില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്റെ അംഗീകാരവും വേണം. ജീവനക്കാരുടെ ഉത്തരവാദിത്വം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവുകയോ അന്വേഷണ ഏജന്‍സികളോ കോടതികളോ കേസില്‍ തീര്‍പ്പു കല്‍പിക്കുകയോ ചെയ്തിനെത്തുടര്‍ന്നു കേസ് അവസാനിപ്പിച്ചാലും അര്‍ബന്‍ സഹകരണബാങ്കുകള്‍ വിശദാംശങ്ങള്‍ ഓഡിറ്റര്‍മാരുടെ പരിശോധനയ്ക്കായി സൂക്ഷിക്കണം.

ഒരു കോടി രൂപയ്‌ക്കോ അതിനുമുകളിലോ വായ്പയ്ക്കായി സ്വീകരിച്ചിട്ടുള്ള ആധാരങ്ങളുംമറ്റും വായ്പ തിരിച്ചടക്കുംവരെ മൂന്നിനം സഹകരണബാങ്കുകളും നിയമപരമായ ഓഡിറ്റിനു വിധേയമാക്കണം. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയശേഷമേ ആ വായ്പാഅക്കൗണ്ട് മറ്റു വായ്പാദാതാക്കള്‍ക്കോ എ.ആര്‍.സി.ക്കോ കൈമാറാവൂ. ക്രമക്കേടുണ്ടെന്ന നിഗമനത്തിലെത്തിയാലുടന്‍ ബാങ്ക് ആസ്തി മറ്റു വായ്പാദാതാക്കള്‍ക്കോ എ.ആര്‍.സി.ക്കോ കൈമാറുംമുമ്പ് ആര്‍ബി.ഐ.യെയും നബാര്‍ഡിനെയും അറിയിക്കണം. ഓഡിറ്റിനിടെ ക്രമവിരുദ്ധഇടപാട് നടന്നിരിക്കാനിടയുണ്ടെന്നു കണ്ടാലുടന്‍ ഓഡിറ്റര്‍ മാനേജ്‌മെന്റിനെയും ആവശ്യമെങ്കില്‍ ബോര്‍ഡിന്റെ ഓഡിറ്റ് കമ്മറ്റിയെയും അറിയിക്കണം. സഹകരണബാങ്കുകളിലെ ആഭ്യന്തരഓഡിറ്റിന്റെ പരിധിയില്‍ തട്ടിപ്പുകള്‍ തടയാനും മറ്റുമുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.

കവര്‍ച്ചയും കവര്‍ച്ചശ്രമങ്ങളുമൊക്കെ ഏഴുദിവസത്തിനകം റിസര്‍വ് ബാങ്കിന്റെ തട്ടിപ്പുനിരീക്ഷണഗ്രൂപ്പിന് (ഫ്രോഡ് മോണിട്ടറിങ് ഗ്രൂപ്പ് എഫ്.എം.ജി) റിപ്പോര്‍ട്ടു ചെയ്യണം. ഇത്തരം സംഭവങ്ങളെപ്പറ്റി ഓരോ മൂന്നുമാസവും ആര്‍.ബി.ഐക്കു റിപ്പോര്‍ട്ടു ചെയ്യണം. ഓരോ ത്രൈമാസപാദവും അവസാനിച്ചു 15 ദിവസത്തിനകമാണ് ഇതു നല്‍കേണ്ടത്. അതില്‍ ആ കാലയളവില്‍ നടന്ന എല്ലാസംഭവവും ഉള്‍പ്പെടുത്തിയിരിക്കണമെന്നും പുതിയ നിര്‍ദേശങ്ങളിലുണ്ട്.

10 അധ്യായമായി തിരിച്ചാണു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. രാജ്യത്തെ എല്ലാ പ്രാഥമിക അര്‍ബന്‍സഹകരണബാങ്കുകളുടെയും സംസ്ഥാനസഹകരണബാങ്കുകളുടെയും കേന്ദ്രസഹകരണബാങ്കുകളുടെയും ചെയര്‍മാന്‍മാര്‍ക്കും മാനേജിങ് ഡയറക്ടര്‍മാര്‍ക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കുമുള്ള നിര്‍ദേശങ്ങളാണിവ.