സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വേര്‍ സ്ഥാപിക്കാനുള്ള നടപടി അടുത്തമാസം തുടങ്ങും- മന്ത്രി വി.എന്‍.വാസവന്‍

moonamvazhi
  • 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗസംഘം

സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ക്കായി ഏകീകൃത സോഫ്റ്റ്‌വേര്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു വി.എന്‍.വാസവന്‍.

ഏകീകൃത സോഫ്റ്റ്‌വേര്‍ സര്‍ക്കാര്‍ ചെലവിലായിരിക്കും നടപ്പാക്കുക. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായാണ് കരാറിലേര്‍പ്പെടുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് പൂര്‍ണ ചുമതല. സഹകരണ സംഘങ്ങളില്‍ നിലവിലുള്ള സോഫ്റ്റ്‌വേര്‍ നിലനിര്‍ത്തിക്കൊണ്ടാവും ഏകീകൃത സോഫ്റ്റവേറിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.

സഹകരണമേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകള്‍ക്കെതിരേയുള്ള നടപടികള്‍ ഫലം കാണുകയാണ്. കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകര്‍ക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നല്‍കി. ശേഷിക്കുന്നവര്‍ക്കു നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വര്‍ണപണയടക്കമുള്ള നടപടികള്‍ കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കു മന്ത്രി സമ്മാനിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സഹകരണ വകുപ്പ് മന്ത്രിയുടെ കോഓപ്പറേറ്റീവ് ഡേ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കേണ്‍ട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു. അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരവും കോട്ടയം ജില്ലയിലെ മികച്ച സഹകരണ സഹകരണഘങ്ങള്‍ക്കുള്ള പുരസ്‌കാരവും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാനത്തതലത്തില്‍ 10 വിഭാഗങ്ങളിലും ജില്ലാതലത്തില്‍ എട്ടു വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പ്രവര്‍ത്തനത്തില്‍ 100 വര്‍ഷം പിന്നിട്ട കോട്ടയം ജില്ലയിലെ 16 സഹകരണസ്ഥാപനങ്ങളെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അധ്യക്ഷത വഹിച്ചു.

സഹകരണ രജിസ്ട്രാര്‍ ടി.വി. സുഭാഷ് പതാക ഉയര്‍ത്തിയതോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. സഹകരണദിനപ്രതിജ്ഞയും സഹകരണ രജിസ്ട്രാര്‍ ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ കോട്ടയം ഗ്രാമകാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാര്‍ അധ്യക്ഷനായി. സമഗ്ര സഹകരണ നിയമഭേദഗതി എന്ന വിഷയത്തില്‍ റിട്ട: ജോയിന്റ് രജിസ്ട്രാര്‍ അഡ്വ. ബി. അബ്ദുള്ള വിഷയാവതരണം നടത്തി. ഉച്ചകഴിഞ്ഞ് നടന്ന സെമിനാറില്‍ കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥന്‍ അധ്യക്ഷനായി. സഹകരണ വായ്പാ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എ.സി.എസ.റ്റി.ഐ മുന്‍ഡയറക്ടര്‍ ബി.പി. പിള്ള വിഷയാവതരണം നടത്തി.