റിസര്‍വ് ബാങ്ക് ജനസമ്പര്‍ക്കം കൂട്ടി; നടത്തിയ ചര്‍ച്ചകള്‍ 72 

moonamvazhi

പൊതുജനസമ്പര്‍ക്കം ശക്തിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് കൂടിക്കാഴ്ചകളുടെ എണ്ണം വര്‍ധിപ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ വിവിധ നിയന്ത്രണ-മേല്‍നോട്ട സംവിധാനങ്ങള്‍ക്കു കീഴില്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ 72 കൂടിക്കാഴ്ചകള്‍ നടത്തി. ബാങ്കിന്റെ വാര്‍ഷികറിപ്പോര്‍ട്ടിലുള്ളതാണ് ഇക്കാര്യം.

നിയന്ത്രണാധികാരസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കുന്ന നിയന്ത്രണാധികാരവകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെഗുലേഷന്‍) 2023-24ല്‍ ഇത്തരം 21 ചര്‍ച്ചകള്‍ നടത്തി. അതിനുമുമ്പത്തെ രണ്ടുവര്‍ഷങ്ങളില്‍ യഥാക്രമം ആറും അഞ്ചും ചര്‍ച്ചകളാണു നടത്തിയത്. പണമടയ്ക്കല്‍-തീര്‍പ്പാക്കല്‍ വകുപ്പും മേല്‍നോട്ടവകുപ്പും ഈവര്‍ഷം കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പുതുതായി കൊണ്ടുവന്നതും പ്രധാനപ്പെട്ടതുമായ നിയന്ത്രണപരമായ നടപടികളോടും വന്‍മാറ്റങ്ങളോടും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളിലെ സമഗ്രപുന:പരിശോധനകളോടുമുള്ള ജനങ്ങളുടെ പ്രതികരണം അറിയാന്‍ ഏതാനുംവര്‍ഷമായി ആര്‍.ബി.ഐ. കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്. പ്രതികരണങ്ങള്‍ അറിയിക്കാന്‍ 15 മുതല്‍ 60വരെ ദിവസം നല്‍കി്. 2023-24ല്‍മാത്രം 40 കൂടിക്കാഴ്ചകളാണു നടത്തിയത്.

നിയന്ത്രണാവലോകന അതോറിട്ടി 2022ല്‍ നല്‍കിയ ശുപാര്‍ശ പ്രകാരം അന്തിമതീരുമാനത്തിനുമുമ്പു ജനാഭിപ്രായം അറിയാന്‍ നിര്‍ദേശങ്ങളുടെ കരട് പൊതുഡൊമെയ്‌നില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വര്‍ക്കിങ് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ടുകളും ചര്‍ച്ചാരേഖകളും മാര്‍ഗനിര്‍ദേശങ്ങളുടെ കരടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓഫീസുകളില്‍ പര്യാലോചനായോഗങ്ങള്‍ നടത്തുകയും ഉപദേശകസമിതികള്‍ രൂപവത്കരിക്കുകയും ചെയ്തു. ബന്ധപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പതിവുചോദ്യങ്ങളും മറുപടികളും (എഫ്.എ.ക്യു) പ്രസിദ്ധീകരിച്ചു. ഇതുമൂലം പ്രതികരണങ്ങള്‍ നിരന്തരം ലഭിച്ചു.

റിസ്‌ക് ഒഴിവാക്കാന്‍ 2023 നവംബര്‍ 16ന് ഉപഭോക്തൃവായ്പയിലും ബാങ്കിതരധനകാര്യകമ്പനികളുടെ വായ്പയിലും നിയന്ത്രണനടപടികള്‍ പ്രഖ്യാപിച്ചു. കോവിഡിനുശേഷം ഉപഭോക്തൃമേഖലയില്‍ വായ്പയെടുക്കല്‍ വര്‍ധിച്ചതും ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ ബാങ്കുവായ്പകളെ കൂടുതലായി ആശ്രയിച്ചതും നിയന്ത്രണപരമായ ആശങ്കകള്‍ ഉയര്‍ത്തി. ആസ്തി ശക്തമാണെങ്കിലും വിവേകപൂര്‍വം ഇടപെടേണ്ടത് ആവശ്യമായിവന്നു. പങ്കാളിത്തസമീപനംമൂലം അപാകങ്ങളും വിടവുകളും ആശങ്കകളും മനസ്സിലാക്കാനും ആരോഗ്യകരമായ നിയന്ത്രണങ്ങള്‍ രൂപവത്കരിക്കാനും കഴിഞ്ഞു. ധനനയത്തെപ്പറ്റിയുംമറ്റും യഥാസമയം ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയതു സുതാര്യത വര്‍ധിപ്പിച്ചു. നയരൂപവത്കരണത്തില്‍ പങ്കാളിത്തം കൂടി.

­

2023-24ല്‍ മേല്‍നോട്ടവകുപ്പ് നേരിട്ടും അല്ലാതെയുമുള്ള മേല്‍നോട്ടം ശക്തമാക്കാനും പിരിമുറുക്കം കണ്ടെത്താനുള്ള സംവിധാനം നവീകരിക്കാനും ശക്തമായി മുന്നറിയിപ്പു നല്‍കാനും വ്യാജങ്ങളും റിസ്‌കുകളും കൈകാര്യം ചെയ്യാനും ഒരുപിടി നടപടികള്‍ എടുക്കുകയുണ്ടായി.