ഗുജറാത്തിലെ ബാങ്കിന് 5.93 കോടി രൂപ പിഴ, മറ്റു ബാങ്കുകള്‍ക്ക് മൊത്തം 12 ലക്ഷം രൂപ പിഴ

moonamvazhi

വിവിധ ചട്ടലംഘനങ്ങള്‍ക്ക് എട്ടു സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഗുജറാത്തിലെ മെഹ്‌സാന അര്‍ബന്‍ സഹകരണബാങ്ക്, മധ്യപ്രദേശ് ഛത്തര്‍പൂരിലെ ജില്ലാസഹകാരി കേന്ദ്രീയബാങ്ക്, തമിഴ്‌നാട്ടിലെ ശിവഗംഗൈ ജില്ലാസഹകരണബാങ്ക്, മഹാരാഷ്ട്ര റന്‍ഡലിലെ ആബാസാഹെബ് പാട്ടീല്‍ റെന്‍ഡല്‍ സഹകാരിബാങ്ക്, സത്താറയിലെ കൃഷ്ണ സഹകാരി ബാങ്ക്, ഭീവണ്ടിയിലെ നാഗരിക് സഹകാരി ബാങ്ക്, മഹാബലേശ്വറിലെ മഹാബലേശ്വര്‍ അര്‍ബന്‍ സഹകാരി ബാങ്ക്, പുസാദ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കാണിത്.

മെഹ്‌സാന ബാങ്കിനു 5,93,30,000 രൂപയാണു പിഴ. മുമ്പു പിഴ ചുമത്തിയതു വകവയ്ക്കാതെ ഡയറക്ടര്‍മാര്‍ക്കോ ബന്ധുക്കള്‍ക്കോ പ്രത്യേകതാത്പര്യമുള്ള കമ്പനികള്‍ക്കും മറ്റും വായ്പ നല്‍കുകയോ പുതുക്കിക്കൊടുക്കുകയോ ചെയ്തു, ആര്‍.ബി.ഐ.യുടെ സൈബര്‍സുരക്ഷാ ചട്ടപ്രകാരമുള്ള ചില അടിസ്ഥാനസുരക്ഷാനടപടികള്‍ എടുത്തില്ല, നിഷ്‌ക്രിയആസ്തിയില്‍പ്പെടുത്തേണ്ട ചിലരുടെ വായ്പകളെ അതില്‍ പെടുത്തിയില്ല, പലര്‍ക്കും ഒന്നിലേറെ തിരിച്ചറിയല്‍കോഡുകള്‍ നല്‍കി, ഭരണസമിതിയംഗം ഭാരവാഹിയായതോ അദ്ദേഹത്തിനു താത്പര്യമുള്ളതോ ആയ സ്ഥാപനത്തിന് സംഭാവനകള്‍ നല്‍കി എന്നിവയാണു കുറ്റങ്ങള്‍.

ആബാസാഹെബ് പാട്ടീല്‍ ബാങ്കിന് ഒരു ലക്ഷംരൂപയാണു പിഴ. 100 ശതമാനത്തിലേറെ അപായഘടകങ്ങളുള്ള വായ്പകള്‍ അനുവദിച്ചതാണു കുറ്റം. വ്യാജ ഇടപാട് നബാര്‍ഡിനെ അറിയിക്കാന്‍ വൈകിയതിന് ശിവഗംഗൈബാങ്കിന് 25,000രൂപ പിഴയിട്ടു. ഓഹരിയില്ലാത്ത അംഗങ്ങള്‍ക്കു പരിധിയിലേറെ വായ്പ നല്‍കിയതിനു കൃഷ്ണ സഹകാരിബാങ്കിനും ഉപഭോക്താക്കളുടെ നിഷ്‌ക്രിയഅക്കൗണ്ടുകള്‍ സക്രിയമാക്കാന്‍ പണം ഈടാക്കിയതിനു നാഗരിക് സഹകാരിബാങ്കിനും നിര്‍ദിഷ്ടപരിധിയിലും വലിയതുക ഈടില്ലാതെ കൊടുത്തതിനും വായ്പക്കനുസരിച്ച് ഓഹരി എടുപ്പിക്കാതിരുന്നതിനും മഹാബലേശ്വര്‍ ബാങ്കിനും രണ്ടു ലക്ഷം രൂപ വീതമാണു പിഴയിട്ടിട്ടുള്ളത്. പുസാദ് അര്‍ബന്‍ സഹകരണബാങ്കും ഛത്തര്‍പൂരിലെ ജില്ലാസഹകാരി കേന്ദ്രീയബാങ്കും രണ്ടര ലക്ഷം രൂപ വീതമാണു പിഴ ഒടുക്കേണ്ടത്. നിക്ഷേപങ്ങള്‍ക്ക് എസ്.എ.എഫ്. മാര്‍ഗനിര്‍ദേശത്തിന്റെ ലംഘനമാവുന്നത്ര ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു എന്നതാണു പുസാദ് ബാങ്കിന്റെ കുറ്റം. നിര്‍ദിഷ്ടസമയത്തിനകം നിക്ഷേപകവിദ്യാഭ്യാസ-ബോധവത്കരണനിധിയിലേക്കുള്ള തുകകള്‍ കൈമാറാതിരുന്നതാണു ഛത്തര്‍പൂരിലെ ബാങ്കിന്റെ വീഴ്ച.