കയര്‍ഫെഡില്‍ ഓണം ഓഫര്‍, 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉല്‍പന്നങ്ങള്‍ 

moonamvazhi

ഓണത്തിന് വന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ച് കയര്‍ഫെഡിന്റെ വില്‍പന. കയര്‍ഫെഡിന്റെ ഷോറൂമുകള്‍, ഏജന്‍സികള്‍, ഓണക്കാലത്തെ താത്കാലിക സ്റ്റാളുകള്‍, സഞ്ചരിക്കുന്ന വില്പനശാലകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനംവരെ വിലക്കുറവില്‍ കയര്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. 6,800രൂപ വിലയുള്ള ഡബിള്‍ കോട്ട്, മെത്തകള്‍ വാങ്ങുമ്പോള്‍ മറ്റൊരെണ്ണം സൗജന്യമായി ലഭിക്കും. സെപ്തംബര്‍ 30 വരെയാണ് കയര്‍ഫെഡിന്റെ ഓണം വില്പന. മൂന്ന് കോടി രൂപയുടെ വിറ്റുവരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍, സഹകരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. 38 ശതമാനം വിലക്കിഴിവ് അദ്ധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ബാധകമാണ്. ഇളവിനായി സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡ് സ്വയം സാക്ഷ്യപ്പെടുത്തി കയര്‍ഫെഡ് വിപണനശാലയില്‍ ഹാജരാക്കണം. ഷോറൂമുകളില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി എത്തിക്കും. പാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ വഴിയും കയര്‍ഫെഡ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുതിനുള്ള നടപടിയും കയര്‍ഫെഡ് സ്വീകരിക്കുന്നുണ്ട്.

3,400രൂപ നിരക്കിലുള്ള മെത്ത വാങ്ങുമ്പോള്‍ പില്ലോയും ബെഡ് ഷീറ്റും നല്‍കും. അന്ന, ആദി, പ്രിന്‍സ്, ബ്രാന്‍ഡുകളില്‍ മെത്തകള്‍ , കയര്‍ മാറ്റുകള്‍, മാറ്റിംഗ്‌സുകള്‍, പി.വി.സി ടഫ്റ്റഡ് മാറ്റുകള്‍, റബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, കയര്‍ ടൈലുകള്‍, വിവിധ ഡിസൈനിലെ കയര്‍ചവിട്ടികള്‍, കൊക്കോഫെര്‍ട്ട് ജൈവവളം, പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. കയര്‍ഫെഡ് ഷോറൂം, പ്രദര്‍ശനശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് 2000രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓണം ബമ്പര്‍ മെഗാ കാര്‍ണിവല്‍ പദ്ധതിയില്‍ പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ ലഭിക്കും. ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും രണ്ടാം സമ്മാനമായി രണ്ട് പേര്‍ക്ക് എ.സിയും ലഭിക്കും. റെഫ്രിജറേറ്റര്‍, മെക്രോവേവ് ഓവന്‍ എന്നിവയും സമ്മാന നിരയിലുണ്ട്.