നബാര്‍ഡില്‍ ഓഫീസ് അറ്റന്റന്റുമാരുടെ 108 ഒഴിവുകള്‍; കേരളത്തില്‍ അഞ്ച്

moonamvazhi

ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) ഗ്രൂപ്പ് സി ഓഫീസ് അറ്റന്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17270 രൂപയാണ് തുടക്കഅടിസ്ഥാനശമ്പളം (ആനുകൂല്യങ്ങളെല്ലാംകൂടി 35,000രൂപ). www.nabard.org എന്ന വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 21നകം ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. വിശദവിജ്ഞാപനവും നിബന്ധനകളും ഫീസടക്കല്‍ രീതികളും സത്യപ്രസ്താവനാരൂപങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. സംശയങ്ങള്‍ക്ക് http:/cgrs.ibps.inല്‍ മറുപടി ആരായാം. ഇ-മെയില്‍ സബ്ജക്ട് ബോക്‌സില്‍ NABARD Office Attendant Examination എന്നു ടൈപ്പ് ചെയ്യണം. ആകെ 108 ഒഴിവാണുള്ളത്. കേരളത്തില്‍ അഞ്ച് ഒഴിവ്.

അപേക്ഷ ഇംഗ്ലീഷിലാണു പൂരിപ്പിക്കേണ്ടത്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയോ ഒപ്പോ അവ്യക്തമാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. അവ്യക്തമാണെങ്കില്‍ അപേക്ഷ എഡിറ്റ് ചെയ്ത് അവ്യക്തമായത് വീണ്ടും അപ്‌ലോഡ് ചെയ്യണം. അപേക്ഷിക്കുന്ന സംസ്ഥാനത്ത്/കേന്ദ്രഭരണപ്രദേശത്തെ അംഗീകൃതപരീക്ഷാബോര്‍ഡില്‍നിന്ന് 2024 ഒക്ടോബര്‍ ഒന്നിനകം പത്താംക്ലാസ്സോ എസ്.എസ്.സി.യോ മെട്രിക്കുലേഷനോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ താമസക്കാരായിരിക്കണം. 2024 ഒക്ടോബര്‍ ഒന്നിലെ സ്ഥിതിപ്രകാരം ബിരുദത്തിനുമുമ്പുള്ള വിദ്യാഭ്യാസയോഗ്യതമാത്രം ഉള്ളവര്‍ക്കേ അപേക്ഷിക്കാനാവൂ. ബിരുദമോ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളോ ഉള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ബിരുദമോ ഉയര്‍ന്നവിദ്യാഭ്യാസയോഗ്യതയോ ഇല്ലെന്ന സത്യപ്രസ്താവന നല്‍കേണ്ടതുണ്ട്.

പ്രായം 2024 ഒക്ടോബര്‍ ഒന്നിനു 18വയസ്സിനും 30വയസ്സിനും മധ്യേയായിരിക്കണം. എസ്.സി, എസ്.ടി.ക്ക് അഞ്ചും ഒ.ബി.സി.ക്ക് മൂന്നും വയസ്സ് ഇളവു ലഭിക്കും. ഭിന്നശേഷിക്കാര്‍, മുന്‍സൈനികര്‍, വിധവകള്‍, വിവാഹമോചിതകള്‍ തുടങ്ങിയവര്‍ക്കും വിവിധതോതില്‍ വയസ്സിളവുണ്ട്. ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാശേഷിപരിശോധനയുടെയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്കു സൗജന്യ പരീക്ഷാപൂര്‍വപരിശീലനത്തിന് അര്‍ഹതയുണ്ട്. ഇത് കിട്ടണമെങ്കില്‍ അക്കാര്യം അപേക്ഷയില്‍ പൂരിപ്പിക്കണം. ഇതിനു വേണ്ടത്ര അപേക്ഷകരുണ്ടെങ്കില്‍ പരിശീലനം ഏര്‍പ്പാടു ചെയ്യും. എസ്.സി, എസ്.ടി, ഭിന്നശേഷി, മുന്‍സൈനിക വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസ് ഇല്ല. അവര്‍ 50 രൂപ ഇന്റിമേഷന്‍ ചാര്‍ജ് അടച്ചാല്‍ മതിയാകും. മറ്റുള്ളവര്‍ 450രൂപ അപേക്ഷാഫീസും 50രൂപ ഇന്റിമേഷന്‍ ഫീസുമടക്കം 500 രൂപ അടക്കണം. ജി.എസ്.ടി, ബാങ്കിടപാടുനിരക്കുകള്‍ തുടങ്ങിയവ അപേക്ഷകര്‍ വഹിക്കണം.

കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. നവംബര്‍ 21നാവും ഓണ്‍ലൈന്‍ പരീക്ഷ. കോള്‍ലെറ്ററും വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് www.nabard.org-career noticesല്‍ പ്രസിദ്ധീകരിക്കും. പതിവായി ഈ സൈറ്റ് നോക്കണം. 108 ഒഴിവാണുള്ളത്. കേരളത്തില്‍ അഞ്ച് ഒഴിവ്. ഇതില്‍ മൂന്നെണ്ണം സംവരണമില്ലാത്ത വിഭാഗത്തിലാണ് (യു.ആര്‍). ഒരെണ്ണം ഒ.ബി.സി.ക്കും ഒരെണ്ണം സാമ്പത്തികപിന്നാക്കവിഭാഗത്തിനും (ഇ.ഡബ്ലിയു.എസ്) സംവരണം ചെയ്തിരിക്കുന്നു. ഒരു സംസ്ഥാനത്തെ/കേന്ദ്രഭരണപ്രദേശത്തെ ഒഴിവിലേക്കേ അപേക്ഷിക്കാവൂ. പട്ടികജാതി,വര്‍ഗ,മറ്റുപിന്നാക്ക (ക്രീമിലെയര്‍ഇതരം), സാമ്പത്തികപിന്നാക്കവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് തങ്ങളുടെ സംസ്ഥാനത്ത് ഈ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുകള്‍ ഇല്ലെങ്കില്‍ സംവരണം ഇല്ലാത്ത വിഭാഗത്തില്‍ (യു.ആര്‍) അപേക്ഷിക്കാം. അങ്ങനെ അപേക്ഷിക്കുന്നവര്‍ക്കു സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്കു നിശ്ചയിച്ച വിദ്യാഭ്യാസയോഗ്യതകളും പ്രായമാനദണ്ഡങ്ങളുമാണു ബാധകമാവുക. എങ്കിലും അപേക്ഷാഫീസിളവിന് അര്‍ഹരായിരിക്കും. ക്രീമിലെയറില്‍പെട്ട ഒ.ബി.സി.ക്കാര്‍ ഒ.ബി.സി.സംവരണതസ്തികയില്‍ അപേക്ഷിക്കരുത്. അവര്‍ അപേക്ഷയില്‍ ജനറല്‍ (യു.ആര്‍) എന്നു രേഖപ്പെടുത്തണം. ഒ.ബി.സി. സംവരണതസ്തികയില്‍ അപേക്ഷിക്കുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ക്രീമിലെയര്‍ഇതരവ്യവസ്ഥപ്രകാരം 2024 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ എടുത്ത ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടിവരും. ഇ.ഡബ്ലി.യു.എസ്. സംവരണതസ്തികയില്‍ അപേക്ഷിക്കുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാതൃകയില്‍ ബന്ധപ്പെട്ട അധികാരിയില്‍നിന്നുള്ള വരുമാന-ആസ്തിപത്രം സമര്‍പ്പിക്കേണ്ടിവരും. 2024 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ എടുത്തിട്ടുള്ളതും 2024-25 സാമ്പത്തികവര്‍ഷത്തേക്കുള്ളതുമായ ഇ.ഡബ്ലിയു.എസ്. സര്‍ട്ടിഫിക്കറ്റാണു സമര്‍പ്പിക്കേണ്ടിവരിക.