കൊടുംചൂട്: മില്‍മയുടെ പാല്‍സംഭരണത്തില്‍ വന്‍ഇടിവ്

moonamvazhi
  • പ്രതിദിന സംഭരണക്കുറവ്  6.5ലക്ഷം ലിറ്റര്‍

അതികഠിനമായ ചൂട് വിവിധ കാര്‍ഷികവിളകളെയും ഉത്പന്നങ്ങളെയും ബാധിച്ചതിനൊപ്പം പശുക്കളില്‍ പാലുത്പാദനം കുറഞ്ഞപ്പോള്‍ മില്‍മയുടെ പാല്‍സംഭരണത്തില്‍ കുറഞ്ഞത് പ്രതിദിനം 6.50 ലക്ഷം ലിറ്റര്‍. ഏപ്രിലിലെ കണക്കാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷംതന്നെ പ്രതിദിനം 3.5ലക്ഷം ലിറ്റര്‍ കുറഞ്ഞിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നു പാലെത്തിച്ചാണു കുറവു പരിഹരിക്കുന്നത്. 20 ശതമാനമാണു കുറഞ്ഞത്. ഇപ്പോള്‍ 11 ലക്ഷം ലിറ്ററാണു പ്രതിദിനസംഭരണം. വില്‍പന 17.50 ലക്ഷം ലിറ്ററും. ആറര ലക്ഷം ലിറ്റര്‍ പുറമെനിന്നു വാങ്ങുകയാണ്. 2023 ഏപ്രില്‍ ഒന്നുമുതല്‍ 2024 മാര്‍ച്ച് 31വരെ മുന്‍വര്‍ഷത്തെക്കാള്‍ സംഭരണം 10.5 ശതമാനം കുറഞ്ഞിരുന്നു.

മില്‍മയുടെ മൂന്നു മേഖലയിലും കുറവുണ്ടായിട്ടുണ്ട്. എങ്കിലും, മലബാര്‍ മേഖലയില്‍ വലിയ തോതില്‍ കുറഞ്ഞിട്ടില്ല. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കുറവ്. എറണാകുളം മേഖലയില്‍ 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്നു മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു. മുമ്പ് ദിവസം 3.25 ലക്ഷം ലിറ്റര്‍ സംഭരിച്ചിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തോളം ലിറ്റര്‍ കുറഞ്ഞിട്ടുണ്ട്. വേനല്‍ കടുത്തതോടെ തൈരിനും മോരിനും ആവശ്യക്കാര്‍ കൂടി. പക്ഷേ, ആവശ്യത്തിനനുസരിച്ചു വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല.


ചൂട് കഠിനമാവുകയും പച്ചപ്പുല്ലിനു ക്ഷാമം വരികയും ചെയ്തതാണ് ഉത്പാദനം കുറയാന്‍ കാരണം. പ്രാഥമിക ക്ഷീരോത്പാദകസംഘങ്ങള്‍ സംഭരിക്കുന്ന പാല്‍ അവിടങ്ങളില്‍ത്തന്നെ കൂടുതലായി വില്‍ക്കുന്നതും മില്‍മയിലേക്കു പാല്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണു അധികം വേണ്ട പാല്‍ സംഭരിക്കുന്നത്. തമിഴ്‌നാട്ടിലും പാല്‍ കുറഞ്ഞിരിക്കുകയാണ്.

കഠിനചൂടില്‍ പശുക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെയെന്നു മില്‍മ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. വേനലില്‍ പശുക്കളുടെ പരിപാലനച്ചെലവും വര്‍ധിച്ചു. തീറ്റപ്പുല്ലുകള്‍ കരിഞ്ഞുണങ്ങുന്നു. ഇതുമൂലം പച്ചപ്പുല്ലിനു വില കൂടി. ചൂടു വര്‍ധിക്കുമ്പോള്‍ പശുക്കുളുടെ പ്രതിരോധശേഷി കുറയുന്നതും ഭക്ഷണം കഴിക്കാന്‍ പ്രയാസമാകുന്നതുംമൂലമാണു പാല്‍ കുറയുന്നത്. ഫാമുകളില്‍ ചൂട് കൂടുന്നത് കുറച്ചൊക്കെ തടയാന്‍ ഫാനുംമറ്റും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എന്നിട്ടും ഉത്പാദനം കൂടുന്നില്ല.


രാജ്യത്ത് കര്‍ഷകര്‍ക്ക് പാലിന് ഏറ്റവും വില നല്‍കുന്നതു മില്‍മയാണ്. ഉത്പാദനച്ചെലവും കേരളത്തിലാണു കൂടുതല്‍. ചെലവിന്റെ 70 ശതമാനംവരെ തീറ്റയ്ക്കാണു വേണ്ടിവരുന്നത്. മലബാര്‍ യൂണിയന്‍ പച്ചപ്പുല്ലും സൈലേജും ചോളത്തണ്ടും സൗജന്യനിരക്കില്‍ നല്‍കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. പ്രീമിയത്തില്‍ 50 രൂപ മില്‍മയാണ് അടക്കുന്നത്.

അമിതചൂടില്‍ പാലുത്പാദനം കുറയുന്നതുമൂലമുള്ള സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ ഏപ്രില്‍-മേയില്‍ ഹീറ്റ് ഇന്‍ഡക്‌സ് ബേസ്ഡ് കാറ്റില്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നുണ്ടെന്നു മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു. ഒരു കറവപ്പശുവിനെ ഇതില്‍ ഉള്‍പ്പെടുത്താന്‍ 99 രൂപയാണു പ്രീമിയം. 50 രൂപ മേഖലായൂണിയന്‍ വഹിക്കും. 49 രൂപ കര്‍ഷകരില്‍നിന്നു ഗുണഭോക്തൃവിഹിതമായി സമാഹരിക്കുന്നു. ആനുകൂല്യം കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തിക്കും.