സഹകരണ ബാങ്കുകളിലൂടെ കാർഷികമേഖലയ്ക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ : മന്ത്രി വി.എൻ . വാസവൻ

moonamvazhi

കാർഷിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷികമേഖല ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ സഹകരണ ബാങ്കുകളിലൂടെ നടപ്പിലാക്കി വരുന്നുണ്ടന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാന സൗകര്യ വികസന |നിധി (അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്റ്റർ ഫണ്ട്) പദ്ധതി പ്രയോജനപ്പെടുത്തി കേരളത്തിൽ നിന്നും നാളിതുവരെ 80.11 കോടി രൂപയുടെ വായ്‌പകൾ സഹകരണ മേഖലയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം 2 കോടി രൂപ വരെ 3% പലിശ ഇളവ് ലഭിക്കുന്നതും 2 വർഷം മൊറട്ടോറിയം ഉൾപ്പെടെ 7 വർഷം കാലാവധി ലഭിക്കുന്നതും സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെയും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

കേരളത്തിൽ നബാർഡിൻ്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കി വരുന്ന PACS as MSC എന്ന പദ്ധതിയെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് പദ്ധതിയിൽ ലിങ്ക് ചെയ്ത് 3% പലിശ സബ് സിഡിയോട് കൂടി ലഭ്യമാക്കി 1% പലിശ നിരക്കിൽ 2 കോടി രൂപ വരെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് വായ്പ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കൃഷി വകുപ്പാണ് ഈ പദ്ധതിയുടെ നോഡൽ ഏജൻസിയെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് സഹകരണബാങ്കുകൾ അനുവദിച്ച വായ്പയുടെ 19.50 ശതമാനം കാർഷിക വികസനവായ്പയായി അനുവദിച്ചിട്ടുണ്ട്.
ഡോ: എം.കെ മുനീർ, കെ.പി.എ മജീദ്, പി.കെ ബഷീർ എം. രാജഗോപാൽ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.