ഫീല്‍ഡ് അസിസ്റ്റന്റ് നിയമനത്തിനായി കേരളബാങ്കിനുമുന്നില്‍ പ്രതീകാത്മക ആത്മഹത്യാസമരം
കേരളബാങ്കിന്റെ കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ഷന്‍ ജീവനക്കാരുടെ സംയുക്തസമരസമിതി ബാങ്ക് കോട്ടയം റീജിയണല്‍ ഓഫീസിനുമുന്നില്‍ പ്രകടനവും പ്രതീകാത്മകആത്മഹത്യാസമരവും നടത്തി. സഹകരണരജിസ്ട്രാര്‍ അനുമതി നല്‍കിയ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ കളക്ഷന്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണിത്. ഇതടക്കം തങ്ങള്‍ക്കു ബാങ്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, ശമ്പളനിരക്ക് അനുവദിക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. തിരുനക്കര ഗാന്ധിസ്‌ക്വയറില്‍നിന്നാണു ബാങ്കിനുമുന്നിലേക്കു പ്രകടനമായി കളക്ഷന്‍ ജീവനക്കാര്‍ എത്തിയത്. തുടര്‍ന്നു സമരസമിതി ചെയര്‍മാന്‍ കെ.വി. ടോമി ധര്‍ണ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുനിര്‍കുമാര്‍ കെ.എസ്. അധ്യക്ഷനായി. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി.ഷാ, കോട്ടയംജില്ലാസെക്രട്ടറി കെ.കെ. ബിനു, കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാസെക്രട്ടറി കെ.ഡി. അനില്‍കുമാര്‍, കോട്ടയംജില്ലാകമ്മറ്റിയംഗം മാത്യു കുര്യന്‍, സമരസമിതിനേതാക്കളായ കെ.ബി. ശിവന്‍, ബ്രീസ് ജോയി, മോഹന്‍ദാസ്, സുരേഷ് ആലപ്പുഴ, ഇര്‍ഷാദ് കൊല്ലം, അനീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാബാങ്കുകളുടെകാലംമുതല്‍ 40വര്‍ഷമായി കമ്മീഷന്‍വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കളക്ഷന്‍ ജീവനക്കാര്‍ക്കു 2011ല്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നു തസ്തികാനുവാദവും നിയമനാനുവാദവും ലഭിച്ചിരുന്നുവെന്നു ജീവനക്കാര്‍ പറഞ്ഞു. കേരളബാങ്കുഭരണസമിതി സ്ഥിരപ്പെടുത്താമെന്ന് ഉറപ്പുംനല്‍കി. ഏറെക്കാലമായിട്ടും ഇതു പാലിക്കാത്തതിനാലാണു സമരമെന്നു ജീവനക്കാര്‍ അറിയിച്ചു.