ലാഡര്‍ എക്സ്റ്റന്‍ഷന്‍ സെന്ററിനു സ്വന്തം കെട്ടിടം 

moonamvazhi
ലോകത്ത് ആദ്യമായി പഞ്ചനക്ഷത്രഹോട്ടല്‍ തുടങ്ങിയ ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണസംഘത്തിന്റെ (ലാഡര്‍) ബത്തേരിയിലെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ സ്വന്തം കെട്ടിടത്തിലേക്കുമാറ്റി പ്രവര്‍ത്തനമാരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി പൂളവയലില്‍ ലാഡറിന്റെ സപ്ത റിസോര്‍ട്‌സ് ആന്റ് സ്പായ്ക്കു സമീപമുള്ള പുതിയഓഫീസിലെ പ്രവര്‍ത്തനം സുല്‍ത്താന്‍ബത്തേരി നഗരസഭാചെയര്‍മാന്‍ ടി.കെ. രമേശ്് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. നഗരസഭ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാംഗം റഷീദ് കെ. ആദ്യനിക്ഷേപം സ്വീകരിച്ചു. ലാഡര്‍ ഡയറക്ടര്‍മാരായ സി.എ. അജീര്‍, അഡ്വ. പ്രവീണ്‍കുമാര്‍, സഹകരണവകുപ്പ് (വയനാട്) ജോയിന്റ് രജിസ്ട്രാര്‍ അബ്ദുള്‍റഷീദ് തിണ്ടുമ്മല്‍, സഹകരണഓഡിറ്റ് േേജായിന്റ് ഡയറക്ടര്‍ (വയനാട്) എം. സജീര്‍, സുല്‍ത്താന്‍ബത്തേരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. പി.സി. ഗോപിനാഥ്, സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് രാജശേഖരന്‍ ടി.പി, സെറ്റ്‌കോസ് പ്രസിഡന്റ് ഷാജി വി.ജെ, സപ്ത റിസോര്‍ട്‌സ് ആന്റ് സ്പാ ജനറല്‍ മാനേജര്‍ സുജിത് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഇതുവരെ ബത്തേരി ടൗണില്‍ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ആര്യാടന്‍മുഹമ്മദ് വൈദ്യുതിമന്ത്രിയായിരിക്കെ അദ്ദേഹമാണ് ആ ഓഫീസ് ഉദ്ഘാടനം ചെയ്തത്. 10വര്‍ഷംമുമ്പ് ആരംഭിച്ച ലാഡര്‍ പൊതുമരാമത്തുപ്രവൃത്തികളടക്കം ഏറ്റെടുത്തുനടത്തുന്ന ഫെഡറല്‍ സംഘമായി വളര്‍ന്നുകഴിഞ്ഞു. വയനാട്ടിലെ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ, തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ ഹില്‍സ്, ടെറസ്, ഒറ്റപ്പാലത്തെ ടെറസ്, മള്‍ട്ടിപ്ലെക്‌സ്,  കോഴിക്കോട്ടെ മാങ്കാവ് ഗാര്‍ഡന്‍സ്, ടെറസ്, മഞ്ചേരിയിലെ ഇന്ത്യന്‍ മാള്‍ തുടങ്ങിയ വന്‍സംരംഭങ്ങള്‍ പൂര്‍ത്തീകരിച്ച ലാഡര്‍ പാലക്കാട് മുതലമടയില്‍ സീനിയര്‍ സിറ്റിസണ്‍സ് വില്ലേജും, കായങ്കുളത്തും മീഞ്ചന്തയിലും മള്‍ട്ടിപ്ലക്‌സുകളും നിര്‍മിച്ചുവരികയാണ്.

Leave a Reply

Your email address will not be published.