ദേശീയ സഹകരണനയം: എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും

moonamvazhi

ദേശീയ സഹകരണനയത്തിന്റെ അന്തിമരേഖ തയാറാക്കുന്നതിനു വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും. ഈ സമിതികളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സഹകരണനയ രൂപവത്കരണത്തിനു പ്രയോജനപ്പെടുത്തും.

തിങ്കളാഴ്ച പുണെയിലെ വാമ്‌നിക്കോമിലെ ഷിവ്‌നേരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഹകരണനയ രൂപവത്കരണ സമിതിയംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. 47 അംഗങ്ങളില്‍ 40 പേര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയധ്യക്ഷനായ മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ ആദ്യയോഗം ചേര്‍ന്നു മൂന്നു മാസത്തിനകം അന്തിമ കരടുരേഖ തയാറാക്കണമെന്നാണു കേന്ദ്ര സഹകരണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉപസമിതികള്‍ക്ക് ഒന്നുരണ്ടു ദിവസത്തിനകം രൂപം നല്‍കും.

ബ്രിട്ടീഷുകാരുടെ കാലത്താണു സഹകരണ നിയമങ്ങള്‍ക്കു രൂപം കൊടുത്തതെന്നും സഹകരണ മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതിനേക്കാള്‍ അന്നത്തെ ഭരണകൂടത്തിന്റെ ചിന്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലായിരുന്നു എന്നും GCMMF മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി അഭിപ്രായപ്പെട്ടു. രജിസ്ട്രാര്‍ എന്ന വാക്കു പോലും നിയന്ത്രിക്കുന്നയാള്‍ എന്ന അര്‍ഥമാണുണ്ടാക്കുന്നത്. സഹകരണ ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ പോലുള്ള പേരുപയോഗിക്കുന്നതാണു നല്ലത്. നമ്മുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റമുണ്ടാകണം – അദ്ദേഹം നിര്‍ദേശിച്ചു.

റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയരക്ടര്‍ സതീഷ് മറാത്തെ, NAFCUB പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത, സഹകരണ പഞ്ചസാര ഫാക്ടറികളുടെ മാനേജിങ് ഡയരക്ടര്‍ പ്രകാശ് പി. നയ്ക്കനാവരെ, ക്രിഭ്‌കോ മാനേജിങ് ഡയരക്ടര്‍ രാജന്‍ ചൗധരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News