കര്‍ണാടകത്തില്‍ ക്ഷീരോല്‍പ്പാദകസംഘം സെക്രട്ടറിയുടെ നിയമനത്തിനെതിരെ പാലൊഴുക്കി പ്രതിഷേധം

moonamvazhi

കര്‍ണാടകത്തിലെ രാമനഗര ഗ്രാമത്തില്‍ ക്ഷീരോല്‍പ്പാദക സഹകരണസംഘം സെക്രട്ടറിയുടെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം പാല്‍ക്കര്‍ഷകരുടെ സമരമുറ അരങ്ങേറിയതായി ഹാന്‍സ് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ടൗണിലെ ഐസുര്‍ സര്‍ക്കിളില്‍ പ്രതിഷേധപ്രകടനം നടത്തിയ കര്‍ഷകര്‍ പാല്‍ നിരത്തിലൊഴുക്കി. ഗതാഗതം സ്തംഭിപ്പിച്ചു. സമരത്തിനു വീര്യം പകരാന്‍ അവര്‍ പശുക്കളെയും ടൗണില്‍ കൊണ്ടുവന്നിരുന്നു.

അണ്ണഹള്ളി പാലുല്‍പ്പാദക സഹകരണസംഘത്തിലെ പാല്‍ക്കര്‍ഷകരാണു പ്രതിഷേധം സംഘടിപ്പിച്ചത്. സംഘം സെക്രട്ടറിയായി നിത്യാനന്ദ എന്നൊരാളെ നിയമിച്ചതിലായിരുന്നു പ്രതിഷേധം. BAMUL ( ബംഗളൂരു മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ) ന്റെ ഒരു ഡയറക്ടറുടെ ഒത്താശയിലാണ് ഈ നിയമനം നടന്നത് എന്നായിരുന്നു കര്‍ഷകരുടെ ആരോപണം. ഈ ഡയറക്ടര്‍ സംഘംഭരണത്തില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച കര്‍ഷകര്‍ അദ്ദേഹത്തിന്റെ ഫോട്ടോയില്‍ ചൂലും ചെരിപ്പും കൊണ്ടടിക്കുകയും ചെയ്തു. നിത്യാനന്ദയുടെ നിയമനം റദ്ദാക്കി നിലവിലുണ്ടായിരുന്ന സെക്രട്ടറി ഇന്‍ ചാര്‍ജ് രാജ്കുമാറിനെ തുടരാനനുവദിക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 13 കൊല്ലമായി അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലുള്ള സംഘത്തില്‍ ഉടനെ തിരഞ്ഞെടുപ്പു നടത്തണമെന്നും അവരാവശ്യപ്പെട്ടു. പ്രതിപക്ഷകക്ഷിയായ ജനതാദള്‍ – എസ് സമരത്തെ പിന്തുണച്ചു.

ഇക്കഴിഞ്ഞ നവംബറിലും നിരത്തില്‍ പാലൊഴുക്കിയുള്ള സമരമുറ കര്‍ണാടകത്തിലെ മറ്റൊരു ഗ്രാമമായ ഹദേനഹള്ളിയിലും അരങ്ങേറിയിരുന്നു. പാലുല്‍പ്പാദകരായ വനിതകളുടെ സഹകരണസംഘത്തിലായിരുന്നു ഈ പ്രതിഷേധം. അന്നു 1600 ലിറ്റര്‍ പാലാണു പാല്‍ക്കര്‍ഷകര്‍ നിരത്തിലൊഴുക്കിയത്. ഹാസ്സന്‍ ജില്ലയിലാണു ഹദേനഹള്ളി പാലുല്‍പ്പാദക വനിതാ സഹകരണസംഘം. 23 കൊല്ലം മുമ്പാരംഭിച്ച ഈ സംഘത്തിലെ സെക്രട്ടറിയായ വനിതക്കെതിരെയായിരുന്നു പ്രതിഷേധം. സംഘത്തില്‍ പുതുതായി സ്ഥാനമേറ്റ ഭരണസമിതി വരവുചെലവു കണക്കു ചോദിച്ചിട്ടു സെക്രട്ടറി കൊടുത്തില്ലെന്നും കൃത്രിമം നടന്നതിനാലാണു കണക്ക് കൊടുക്കാതിരുന്നത് എന്നുമായിരുന്നു സംഘാംഗങ്ങളുടെ ആരോപണം. കണക്കുപുസ്തകങ്ങളെല്ലാം സെക്രട്ടറിയുടെ വീട്ടിലാണെന്നും അവരത് ഓഫീസില്‍ കൊണ്ടുവരാറില്ലെന്നും സംഘം പ്രസിഡന്റ് ആശ ആരോപിച്ചു.

പാലിനു സര്‍ക്കാര്‍ ന്യായമായ സംഭരണവില നല്‍കുന്നില്ലെന്നു പരാതിപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാട്ടില്‍ നടന്ന സമരങ്ങളിലും പാല്‍ക്കര്‍ഷകര്‍ പാല്‍ നിരത്തിലൊഴുക്കിയിരുന്നു. മധുരയിലെ ഉസിലംപട്ടിയിലും സേലം, ഈറോഡ് ജില്ലകളിലും ഇത്തരം സമരം നടക്കുകയുണ്ടായി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!