കൊച്ചി സഹകരണ മെഡിക്കല്‍കോളേജ് ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തിന്റെ നാലാംഗഡുവും സര്‍ക്കാര്‍ നല്‍കി

moonamvazhi

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തുകയില്‍ നാലാഗഡുവും സര്‍ക്കാര്‍ നല്‍കി. ഒമ്പത് കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അഞ്ചുഗഡുക്കളായി 44.99 കോടിരൂപയാണ് കോഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷന് സര്‍ക്കാര്‍ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ഇപ്പോള്‍ അനുവദിച്ചടക്കം നാലുഗഡുക്കള്‍ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഇനി ഒരു ഗഡുകൂടിയാണ് ബാക്കിയുള്ളത്.

നിലവിലെ എല്ലാ ആസ്തി ബാധ്യതകളോടെ 2013 ഡിസംബര്‍ 17നാണ് കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ ഏറ്റെടുത്തത്. മെഡിക്കല്‍ കോളേജിന്റെ ഭാഗമായി അതേ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന നേഴ്‌സിങ് കോളേജും നേഴ്‌സിങ് സ്‌കൂളും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. ഇതുകൂടി ഏറ്റെടുക്കേണ്ടതാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2014 ഏപ്രില്‍ 22ന് അതിനുള്ള ഉത്തരവിറക്കി. ഇവയെല്ലാ ഉള്‍പ്പെടുത്തിയാണ് കേപ്പിന് 44.99 കോടിരൂപ നഷ്ടപരിഹാരം കണക്കാക്കിയത്.

നഷ്ടപരിഹാരത്തിന് പുറമെ കേപ്പിന് 90.65 ലക്ഷം രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് കേപ്പിനായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍നിന്നാണ് അനുവദിച്ചത്. 4.53 കോടിരൂപയാണ് കേപ്പിന് പദ്ധതിയിതര സഹായമായി ബജറ്റില്‍ അനുവദിച്ചിരുന്നത്. ഇതില്‍നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ധനസഹായം അനുവദിക്കണമെന്ന് കേപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. കേപ്പിനായി നീക്കിവെച്ച പദ്ധതിയിതര സഹായത്തില്‍നിന്ന് തുക പിന്‍വലിക്ക് സഹകരണ സംഘം രജിസ്ട്രാര്‍ കേപ്പിന് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.