3,500 കോടി രൂപയുടെ വായ്പാ പദ്ധതി അംഗീകരിക്കാനായില്ല;

moonamvazhi

വരുന്ന സാമ്പത്തികവര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്ന കാര്യം ആലോചിക്കാന്‍ ചേർന്ന കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പൊതുയോഗം അലങ്കോലമായി. ഇതേത്തുടര്‍ന്ന് വായ്പാവിതരണം നീട്ടിവെച്ചതായി ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.കെ.ഷാജിമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്ന വായ്പയുടെ ഭൂരിഭാഗത്തിന്റെയും പലിശ 10 ശതമാനത്തില്‍ താഴെയാണ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

രാവിലെ യോഗം ആരംഭിച്ചപ്പോള്‍ ചില ബാങ്ക് പ്രതിനിധികള്‍ പല വിധത്തിലുള്ള തടസ്സവാദവുമായി എഴുന്നേറ്റു. ഇതേത്തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു ഒരു കാര്യവും പരിഗണിക്കാനായില്ല. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകള്‍ എഴുത്തിത്തള്ളാന്‍ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരം നേടാനായില്ല. 1,05,66,128 രൂപയുടെ വായ്പ എഴുത്തിത്തള്ളാനുള്ള നടപടികള്‍ ഇതോടെ സ്തംഭിച്ചിരിക്കുകയാണെന്ന് ഷാജിമോഹന്‍ പറഞ്ഞു. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 50 ലക്ഷം രൂപയാണ് നല്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ മൊത്തം വായ്പ 7824.75 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് 35.496 കോടി രൂപയുടെ അറ്റാദായമുണ്ടായെന്നും ഷാജിമോഹന്‍ പറഞ്ഞു. നബാര്‍ഡില്‍ നിന്ന് ദീര്‍ഘകാല പുനര്‍വായ്പാ പദ്ധതിയില്‍ പെടുത്തി 100 കോടി രൂപ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 20ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി.ഷാജിയുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ തുക 8.5 ശതമാനം പലിശനിരക്കില്‍ സാധാരണ കര്‍ഷകര്‍ക്ക് വായ്പയായി ലഭിക്കും.

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന വായ്പകള്‍ നല്കാനുള്ള അനുമതി കേരള സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് കൂടി നല്കാമെന്നും നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്. ഈയിനത്തിലും പലിശ കുറഞ്ഞ വായ്പകള്‍ ലഭ്യമാക്കാന്‍ ഇനി ബാങ്കിന് സാധിക്കും.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മേഖലകളിലായി 2826.26 കോടി രൂപയുടെ വായ്പയാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിതരണം ചെയ്തത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.64 ശതമാനം അധികമാണ്. വിതരണം ചെയ്ത വായ്പകളില്‍ 45 ശതമാനവും കാര്‍ഷിക മേഖലയ്ക്കുള്ളതാണ്. 1287.19 കോടി രൂപയാണ് ഈയിനത്തില്‍ വായ്പയായി വിതരണം ചെയ്തത്. 34 ശതമാനം ഗ്രാമീണ ഭവന നിര്‍മ്മാണം, 11 ശതമാനം മറ്റു ഹ്രസ്വകാല വായ്പകള്‍, 10 ശതമാനം കാര്‍ഷികേതര മേഖല എന്നിങ്ങനെയാണ് വിതരണം ചെയ്ത മറ്റു വായ്പകള്‍.