സംസ്ഥാന വികസനത്തിന് സമഗ്ര സഹകരണ കര്‍മ്മപദ്ധതിക്ക് രൂപംനല്‍കി സഹകരണവകുപ്പ്

moonamvazhi

സഹകരണമേഖലയിലൂടെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി സമഗ്ര സഹകരണ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി സഹകരണവകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. കാര്‍ഷിക മേഖല, നിര്‍മ്മാണ സര്‍വ്വീസ് മേഖലകള്‍, ആരോഗ്യം, വിദ്യാഭ്യാസം , വ്യവസായം , വിനോദസഞ്ചാരം തുടങ്ങി സഹകരണ മേഖലയുടെ സജീവസാന്നിധ്യമുള്ള എല്ലാ രംഗത്തും സുസ്ഥിരമായ വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് സമഗ്രസഹകരണ വികസന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സഹകരണമേഖലയില്‍ സാധ്യമാക്കുന്നതിനായി സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഉത്പാദനയൂണിറ്റുകള്‍ ആരംഭിക്കും. കൂടാതെ കൂടുതല്‍ വായ്പകള്‍ ഉത്പാദനമേഖലയില്‍ അനുവദിക്കും. നൈപുണ്യവായ്പാ പദ്ധതി, സഹായഹസ്തം പദ്ധതി, സ്നേഹതീരം പദ്ധതി എന്നിവ വിപുലീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നഴ്സിങ്ങ് പാരാമെഡിക്കല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു തുടങ്ങി. സഹകരണ ആശുപത്രികളുടെ അപക്സ് സ്ഥാപനമായ ആശുപത്രി ഫെഡറേഷന്‍ന്റെ ആഭിമുഖ്യത്തില്‍ വൈറോളജി ലാബ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.വനിതാ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിച്ച് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നു. വ്യവസായ വകുപ്പുമായി ചേര്‍ന്ന വനിതാസംഘങ്ങളുടെ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കും. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും.

കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും, സംഭരണത്തിനും, വിപണത്തിനുമുള്ള ഇടപടലിനായി കോ ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ ടെക്നോളറി ഡ്രൈവണ്‍ അഗ്രികള്‍ച്ചര്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വരുമാനവും, സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള അരിയും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ കാപ്കോസിന്റെ നേതൃത്വത്തില്‍ റൈസ് മില്ല് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, തൊഴില്‍ അവസരം സൃഷ്ടിക്കുക, സുസ്ഥിര വികസനം സാധ്യമാക്കുക എന്നിവയാണ് സമഗ്ര സഹകരണ വികസന കര്‍മ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ഒ. ആര്‍ കേളു, ടി പി രാമകൃഷ്ണന്‍, എച്ച് സലാം, എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

Leave a Reply

Your email address will not be published.