കഴിഞ്ഞവര്‍ഷം നല്‍കിയത് 500 കോടി; ഇത് പൂര്‍ണമായി ചെലവഴിച്ചിട്ടില്ല 

moonamvazhi

പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളിലെ റിസ്‌ക് ഫണ്ട് സ്‌കീമിന് സര്‍ക്കാര്‍ സഹായം അനുവദിച്ചു. 1.40 കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2023 ജൂണ്‍ 13ന് ഏഴ് കോടിരൂപ സര്‍ക്കാര്‍ ഇതിലേക്ക് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക പൂര്‍ണമായി ചെലവഴിച്ചിരുന്നില്ല. 2024 ഏപ്രില്‍ മാസത്തില്‍ അഞ്ച് കോടിരൂപ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗിക്കാനായി മാറ്റി. ഇതില്‍നിന്നാണ് 1.40 കോടിരൂപ പിന്‍വലിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള നീക്കിയിരിപ്പിന്റെ കണക്കിലായിരിക്കും ഈ തുക ഉള്‍പ്പെടുത്തുക.

നിരവധിപ്പേര്‍ക്കാണ് സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയിലൂടെ ആനുകൂല്യം നല്‍കുന്നത്. വിവിധ വായ്പ സഹകരണ സംഘങ്ങളില്‍നിന്നും വായ്പ എടുത്തവര്‍, വായ്പ കാലാവധിക്കുള്ളിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെടുകയാണെങ്കില്‍ ബാക്കിനില്‍ക്കുന്ന ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സ്വശ്രയ പദ്ധതിയാണ് സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി. 2008ലാണ് ഇത് തുടങ്ങിയത്. ഒന്നരലക്ഷം രൂപവരെയാണ് ഈ പദ്ധതിയില്‍നിന്ന് സഹായം ലഭിക്കുക.

വായ്പ എടുത്തവര്‍ക്ക് മാരക രോഗം ബാധിച്ചാലും ഈ പദ്ധതിയില്‍നിന്ന് സഹായം ലഭിക്കും. വായ്പ മുതലിനത്തില്‍ 75,000 രൂപവരെയാണ് ഇങ്ങനെ സഹായം ലഭിക്കുക. ക്യാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധ രോഗം മൂലം ഡയാലിസിസിന് വിധേയരായവര്‍, ഹൃദയസംബന്ധ ശസ്ത്രക്രീയയ്ക്ക് വിധേയരാവര്‍, പക്ഷാഘാതം മുലമോ അപകടം മൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, എയിഡ്‌സ് രോഗ ബാധിതര്‍ എന്നിവരാണ് ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായ പട്ടികയിലുള്‍പ്പെട്ടവര്‍.

70 വയസുവരെയുള്ള എല്ലാ വായ്പാഇടപാടുകാരും ഈ പദ്ധതിയിലുടെ പരിധിയില്‍വരും. വായ്പ എടുക്കുമ്പോള്‍ അതില്‍നിന്നുള്ള ഒരു വിഹിതം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് സര്‍ക്കാര്‍ വിഹിതം നല്‍കുന്നത്. ഓരോ വര്‍ഷവും ബജറ്റില്‍നീക്കിവെക്കുന്ന വിഹിതത്തില്‍നിന്നാണ് പദ്ധതിയിലേക്ക് പണം അനുവദിക്കുക. അതിലാണ് ഇപ്പോള്‍ 1.40 കോടി അനുവദിച്ചിട്ടുള്ളത്.