ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം വര്‍ധിക്കുന്നു;     78,213 കോടി രൂപയ്ക്ക് ആളില്ല

Moonamvazhi
  • വരുമാനം 11.08 ശതമാനം വര്‍ധിച്ച് 70.48 ലക്ഷം കോടിയായി
  • ഭക്ഷ്യവിലക്കയറ്റം കൂടാന്‍ സാധ്യത

2024-25 സാമ്പത്തികവര്‍ഷം ഇന്ത്യന്‍സമ്പദ്‌വ്യവസ്ഥ ഏഴു ശതമാനം മൊത്തആഭ്യന്തരോത്പാദന (ജി.ഡി.പി) വളര്‍ച്ച കൈവരിക്കുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലയിരുത്തി. മെയ് 30നു പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണിക്കാര്യമുള്ളത്. റിസ്‌ക്‌സാധ്യതകള്‍ തട്ടിക്കഴിച്ചശേഷമാണ് എഴു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാമെന്ന നിഗമനം. ബാലന്‍സ്ഷീറ്റില്‍ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 11.08 ശതമാനം വര്‍ധിച്ച് 70.48 ലക്ഷം കോടിയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 63.45 ലക്ഷം കോടിയായിരുന്നു. അറ്റാദായം 87,420 കോടിയില്‍നിന്ന് 2.11 ലക്ഷം കോടിയായി. മൊത്തം ചെലവ് 1.48 ലക്ഷം കോടിയില്‍നിന്ന് 64,694 കോടിയായി കുറയുകയും ചെയ്തു.

2023-24ല്‍ സാമ്പത്തികരംഗം നല്ല വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ജി.ഡി.പി. 7.6 ശതമാനമായി വര്‍ധിച്ചു. മുന്‍വര്‍ഷം ഏഴു ശതമാനമായിരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണു ജി.ഡി.പി. ഏഴു ശതമാനത്തിലോ അതിനു മുകളിലോ നില്‍ക്കുന്നത്. റിസ്‌കുകള്‍ കണക്കിലെടുത്തതു കഴിച്ചുള്ള കണക്കാണിത്.

ശക്തമായ നിക്ഷേപഡിമാന്റും ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും ബാലന്‍സ്ഷീറ്റുകളില്‍ ആരോഗ്യകരമായ പ്രവര്‍ത്തനം പ്രതിഫലിപ്പിച്ചതുമാണു വളര്‍ച്ചയെ സഹായിച്ചത്. സര്‍ക്കാര്‍ മൂലധനച്ചെലവുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതും വിവേകപൂര്‍ണമായ പണ-നിയന്ത്രണ-ധനകാര്യനയങ്ങള്‍ ആവിഷ്‌കരിച്ചതും സഹായകമായെന്നും ആര്‍.ബി.ഐ. വിലയിരുത്തി. ആഗോളതലത്തിലെ സ്ഥൂലസാമ്പത്തിക-ധനകാര്യപരിത:സ്ഥിതികള്‍ ഉളവാക്കുന്ന പിന്നോട്ടടികളുടെ പശ്ചാത്തലത്തിലും മുന്നോട്ടുപോവുകയാണ് ഇന്ത്യന്‍സമ്പദ്‌വ്യവസ്ഥയെന്നാണു നിഗമനം. 10 വര്‍ഷത്തേക്കു മുന്നേറ്റം തുടരാനാകുമെന്നും കരുതുന്നു. ഉപഭോക്തൃവിലസൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നിയന്ത്രിക്കാവുന്ന പരിധിയിലേക്ക് എത്തുന്നതോടെ ഉപഭോക്തൃഡിമാന്റ്, പ്രത്യേകിച്ചു ഗ്രാമങ്ങളില്‍, വര്‍ധിക്കുമെന്നാണു പ്രതീക്ഷ.

ആഗോളതലത്തിലുള്ള മോശമായ പ്രവണതകള്‍ ഇന്ത്യയുടെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ ബാധിക്കാതെ തടയാന്‍ രാജ്യത്തിന്റെ ശക്തമായ വിദേശനാണ്യശേഖരംപോലുള്ള ഘടകങ്ങള്‍ക്കു കഴിയും. എങ്കിലും, ഭൗമരാഷ്ട്രീയപിരിമുറുക്കങ്ങളും ഭൗമസാമ്പത്തികവിഭാഗീയതകളും ആഗോളസാമ്പത്തികവിപണികളിലെ ചാഞ്ചാട്ടങ്ങളും ആഗോള ഉല്‍പന്നവിലകളുടെ ഗതിവിഗതികളും മോശമായ കാലാവസ്ഥാപ്രവണതകളും വളര്‍ച്ചാപ്രതീക്ഷകള്‍ക്കു വെല്ലുവിളിയാണ്. ഇവ പണപ്പെരുപ്പത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നും വരാം.

നിര്‍മിതബുദ്ധിയും മെഷീന്‍ലേണിങ്ങുംപോലുളള അത്യാധുനികസാങ്കേതികവിദ്യകള്‍ അതിവേഗം നടപ്പാക്കുന്നതുകൊണ്ടുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍സമ്പദ്‌വ്യവസ്ഥ പര്യാപ്തമാകണമെന്ന് ആര്‍.ബി.ഐ. ഊന്നിപ്പറഞ്ഞു. വിതരണരംഗത്തെ പ്രശ്‌നങ്ങള്‍മൂലം ഭക്ഷ്യവിലക്കയറ്റസാധ്യത കൂടും. ഉപഭോക്താക്കളുടെ ചെലവാക്കല്‍സാധ്യതാപ്രവണത കൂടാനിടയില്ല.

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 26 ശതമാനം വര്‍ധിച്ചു. 2024 മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം 78,213 കോടി രൂപയാണ് ഇങ്ങനെ ബാങ്കുകളിലുള്ളത്. ആര്‍.ബി.ഐ.യുടെ കീഴില്‍ വരുന്ന സഹകരണബാങ്കുകള്‍ അടക്കമുള്ള ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 10 വര്‍ഷം കഴിഞ്ഞാല്‍ ആര്‍.ബി.ഐ.യുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവല്‍ക്കരണനിധിയിലേക്കു മാറ്റുകയാണു ചെയ്യുക. 2023 ല്‍ ഇതില്‍ 62,235 കോടി രൂപയാണ് ഉണ്ടായിരുന്നത്.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi