അടക്ക വിലയിടിവ്: കര്‍ണാടകത്തില്‍ സംഘങ്ങള്‍ക്കു പ്രതിസന്ധി

moonamvazhi
കര്‍ണാടകത്തില്‍ അടക്ക വാങ്ങി സംഭരിച്ച സഹകരണസംഘങ്ങളെ വിലയിടിവ് പ്രതിസന്ധിയിലാക്കി. ഡിമാന്റില്ലാത്തപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ നല്ല വില നല്‍കി സംഘങ്ങള്‍ അടക്ക വാങ്ങിയിരുന്നെങ്കിലും വില കുത്തനെ കുറയുകയാണ്. വാങ്ങിയ വിലപോലും കിട്ടാത്ത അവസ്ഥ. ഭൂട്ടാനില്‍നിന്ന് അടക്ക ഇറക്കുമതിചെയ്യുന്നതും ബര്‍മീസ് അടക്ക കൂട്ടിക്കലര്‍ത്തി വില്‍ക്കുന്നതുമാണു പ്രശ്‌നം. അടുത്തകാലത്തു സഹകരണസംഘങ്ങളുടെ അടക്കവ്യാപാരം വളരെ കൂടിയിട്ടുണ്ട്. ഏഴെട്ടു വര്‍ഷം മുമ്പു സിര്‍സിയിലെ സഹകരണസംഘങ്ങളുടെ അടക്കവ്യാപാരം 1,80,000 ക്വിന്റല്‍ ആയിരുന്നു. 2023 ല്‍ ഇതു 2,90,000 ക്വിന്റലായി. കര്‍ണാടകത്തിലാകെ സംഘങ്ങളില്‍ 4.5 ദശലക്ഷം ക്വിന്റലിന്റെ അടക്കവ്യാപാരം നടന്നു.

കര്‍ഷകരെ സഹായിക്കാന്‍ ഇക്കൊല്ലം രണ്ടുലക്ഷം ക്വിന്റല്‍ അടക്കയാണു വാങ്ങി സംഭരിച്ചത്. പക്ഷേ, മായംചേര്‍ക്കലും വിദേശഅടക്കകളുടെ തള്ളിക്കയറ്റവും വ്യാപാരികളുടെ മന:പൂര്‍വമുള്ള വിലയിടിക്കലുംമൂലം വില തീരെ കുറഞ്ഞു. 2024 മേയില്‍ ഉയര്‍ന്നയിനം അടക്ക ക്വിന്റലിന് അര ലക്ഷം രൂപയുണ്ടായിരുന്നു. താണയിനത്തിനു 48,000-49,000 രൂപയും. ജൂണ്‍-ജൂലൈയില്‍ വില കുത്തനെ ഇടിഞ്ഞു. സിര്‍സിയില്‍ ഉയര്‍ന്നയിനം അടക്കയുടെ വില ഏകദേശം 39,700 രൂപയും താണയിനത്തിനു 33,000 രൂപയുമായി. രണ്ടു മാസം മുമ്പു 40,000 മുതല്‍ 45,000 വരെ രൂപ നല്‍കിയാണു സംഘങ്ങള്‍ അടക്ക വാങ്ങി സംഭരിച്ചത്.