ഓണമെത്തുന്നു; സഹകരണസംഘങ്ങള്‍ വിപണിയില്‍ സജീവമായി

moonamvazhi

ഓണനാളുകള്‍ അടുത്തതോടെ വിവിധ സഹകരണസംഘങ്ങളിലും സ്ഥാപനങ്ങളിലും ഓണച്ചന്തകളും ഓണവിപണികളും സജീവമായി. പല സഹകരണസംരംഭങ്ങളും പുതിയ ഉത്പന്നങ്ങള്‍ രംഗത്തിറക്കി. കൈത്തറി, ഖാദി സഹകരണസംഘങ്ങള്‍ ഓണവില്‍പന ലക്ഷ്യമാക്കി പ്രത്യേകസ്റ്റാളുകളും പ്രദര്‍ശനങ്ങളും ഒരുക്കുന്നു.

പേരാമ്പ്ര വെസ്റ്റ് വനിതാസംഘം

പേരാമ്പ്ര വെസ്റ്റ് വനിതാസഹകരണസംഘത്തിന്റെ സഹകരണഓണംവിപണനനമേള പേരാമ്പ്ര ബ്ലോക്കുപഞ്ചായത്തുവൈസ്പ്രസിഡന്റ് സി.കെ. പാത്തുമ്മടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. ഇന്ദിര അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പി. മോനിഷ മുഖ്യാതിഥി ആയിരുന്നു. ആദ്യവില്‍പന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ഇ.ടി. ഷൈജ നിര്‍വഹിച്ചു. സംഘം വൈസ്പ്രസിഡന്റ് രമാദേവി പി, ശ്രീകല സി.എം, ഹാജറ പി.കെ, ശാന്ത വി.എം, റീന ആര്‍.കെ, ഷീജ കുട്ടമ്പത്ത്, നിഷ ടി.പി, ഷീന, സംഘം സെക്രട്ടറി സി. സുജിത്, സിംല ഇ.പി.എന്നിവര്‍ സംസാരിച്ചു. സംഘത്തിന്റെ ഗാര്‍മെന്റ്‌സ് യൂണിറ്റും സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റും ക്യാരിബാഗ് യൂണിറ്റും ചേര്‍ന്നൊരുക്കിയ മേളയില്‍ തുണികളും പഠനോപകരണങ്ങളും മഴക്കോട്ടുകളും ഒക്കെ ലഭ്യമാണ്.

പറവൂര്‍ കൈത്തറിസംഘം

3428-ാംനമ്പര്‍ പറവൂര്‍ കൈത്തറിനെയ്ത്തുസഹകരണസംഘത്തിന്റെ ഓണംവില്‍പനയ്ക്കുള്ള പ്രത്യേകസ്റ്റാളില്‍ പൊതുമരാമത്തുവകുപ്പു കരാറുകാരനായ നിസാറിന് ഡബിള്‍മുണ്ട് നല്‍കി നഗരസഭാംഗ ഇ.ജി. ശശി ഡബിള്‍മുണ്ടിന്റെ ആദ്യവില്‍പന നിര്‍വഹിച്ചു. സാരിയുടെ ആദ്യവില്‍പന ഹാന്റ്‌ലൂം സൂപ്പര്‍വൈസര്‍ ദീപ്തി എം, ലീന ശശിക്കു സാരി നല്‍കി നിര്‍വഹിച്ചു. സംസ്ഥാനകൈത്തറി പുുരസ്‌കാരം നേടിയ സംഘമാണിത്. വിവിധ നിറങ്ങളിലും കരകളിലും ഉള്ള സാരികള്‍ക്കും പുളിയിലക്കര സെറ്റുമുണ്ടുകള്‍ക്കും മറ്റുത്പന്നങ്ങള്‍ക്കും കേരളത്തില്‍നിന്നുമാത്രമല്ല, ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങളില്‍നിന്നു വലിയ ഡിമാന്റുണ്ടെന്നു സംഘം പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു.

ചേന്ദമംഗലം കൈത്തറിസംഘം

എച്ച് 47-ാംനമ്പര്‍ ചേന്ദമംഗലം കൈത്തറിനെയ്ത്തുസഹകരണസംഘം ഫാബ്രിക് പെയിന്റുകൊണ്ടു കരകളിട്ട സെറ്റുമുണ്ട് വിപണിയില്‍ ലഭ്യമാക്കി. സാറ്റേണ്‍ ബെഡ്ഷീറ്റും പുതിയ ഇനമായുണ്ട്. ഡിസൈനര്‍ കരകളോടുകൂടിയ ഡബിള്‍വേഷ്ടികളും കസവുസാരികളും കാവിമുണ്ടുംമുതല്‍ മുതല്‍ കുട്ടിയുടുപ്പുകള്‍ വരെയുള്ള വസ്ത്രങ്ങള്‍ ലഭ്യമാണ്.

കരിമ്പാടം കൈത്തറി സംഘം
എച്ച് 191-ാംനമ്പര്‍ ചേന്ദമംഗലം കരിമ്പാടം കൈത്തറി സംഘം മാവേലിയുടെയും വാമനന്റെയും രൂപങ്ങളും കഥകളിരൂപങ്ങളും അങ്കിതമായ, ജെക്കാര്‍ഡ് തറിയില്‍ നെയ്ത, സാരികള്‍ തയ്യാറാക്കിയിട്ടുണ്ട്. റെഡിമെയ്ഡ് ഷര്‍ട്ട്, എംബ്രോയിഡറിചെയ്ത കൈത്തറി സാരി, ചുരിദാര്‍ ടോപ്, കസവുള്ളതും ഇല്ലാത്തതുമായ ഡബിള്‍മുണ്ടുകള്‍ തുടങ്ങിയവയും ലഭ്യം.