ദേശീയ സഹകരണസര്‍വകലാശാലയുടെ രൂപരേഖ തയ്യാറാക്കാന്‍ നടപടി തുടങ്ങി കേന്ദ്ര സർക്കാർ 

moonamvazhi

ദേശീയ സഹകരണസര്‍വകലാശാലയുടെ രൂപരേഖ തയ്യാറാക്കാന്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിയെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ രാജ്യസഭയെ അറിയിച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനസര്‍ക്കാരുകള്‍, ദേശീയ സഹകരണസ്ഥാപനങ്ങള്‍, ദേശീയ സഹകരണഫെഡറേഷനുകള്‍, സഹകരണവിദ്യാഭ്യാസ-പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായാണു ചര്‍ച്ച നടത്തിയത്.

സഹകരണരംഗത്തു സാങ്കേതിക-മാനേജ്‌മെന്റ് വിദ്യാഭ്യാസവും പരിശീലനവും നല്‍കല്‍, ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, സഹകരണമേഖലയെ ശക്തിപ്പെടുത്തല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. പ്രവര്‍ത്തനച്ചെലവു സ്വയം കണ്ടെത്താനുതകുംവിധമായിരിക്കും സംവിധാനം. സഹകരണമേഖലയുമായി ഒത്തുചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. ഇതിന്റെ സഹകരണവിദ്യാഭ്യാസ-പരിശീലനപ്രവര്‍ത്തനങ്ങള്‍ സമഗ്രവും ഏകീകൃതവും പൊതുസ്വഭാവമുള്ളതുമായിരിക്കും. സഹകരണമന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ പരിശീലനം സിദ്ധിച്ചവരും ഉയര്‍ന്ന ഗുണനിലവാരമുള്ളവരുമായ വേണ്ടത്രയാളുകളെ സ്ഥിരമായി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. നിലവിലുള്ള ജീവനക്കാരുടെ പ്രൊഫഷണല്‍ മികവും ശേഷിയും വര്‍ധിപ്പിച്ചു സമ്പദ്‌വ്യവസ്ഥയ്ക്കു കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.