മൗറീഷ്യസിലേക്ക് 14,000 ദശലക്ഷം ടണ്‍ അരി അയക്കുന്നു

moonamvazhi
  • NCEL വഴി ഇതുവരെ അയച്ചത് 1325 കോടിയുടെ അരി
  • NCEL ന്റെ ഉടമകള്‍ അഞ്ചു വന്‍കിട സഹകരണസ്ഥാപനങ്ങള്‍

ഇന്ത്യയില്‍നിന്നു മൗറീഷ്യസിലേക്കു 14,000 ദശലക്ഷം ടണ്‍ വെള്ളയരി കയറ്റുമതി ചെയ്യാന്‍ വിദേശവ്യാപാരത്തിനായുള്ള ഡയറക്ടറേറ്റ് ജനറല്‍ ( DGFT ) തിങ്കളാഴ്ച അനുമതി നല്‍കി. ബസ്മതിയിനത്തില്‍പ്പെടാത്ത വെള്ളയരിയാണു മൗറീഷ്യസിലേക്ക് അയക്കുക. കേന്ദ്ര സഹകരണമന്ത്രാലയം അടുത്ത കാലത്തു അഞ്ചു വന്‍കിട സഹകരണസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ രൂപവത്കരിച്ച ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡ് ( NCEL ) വഴിയാണ് അരി അയക്കുകയെന്നു DGFTയുടെ വിജ്ഞാപനത്തില്‍ അറിയിച്ചു.

ആഭ്യന്തരവിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2023 ജൂലായില്‍ വെള്ളയരിയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എങ്കിലും, മറ്റു രാജ്യങ്ങളുടെ അഭ്യര്‍ഥനയും അവയുടെ ഭക്ഷ്യസുരക്ഷയും മാനിച്ചു നിരോധനത്തില്‍ ഇളവ് നല്‍കാറുണ്ട്. 2023-24 ല്‍ കെനിയ, മൊസാംബിക്, താന്‍സാനിയ, ജിബോട്ടി, വിയറ്റ്‌നാം, നേപ്പാള്‍, കാമറൂണ്‍, മലേഷ്യ, ഫിലിപ്പീന്‍സ്, സീഷെല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കു വെള്ളയരി കയറ്റിയയച്ചിട്ടുണ്ട്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായ ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡിനെ ( NCEL ) രാജ്യത്തെ അഞ്ചു പ്രമുഖ സഹകരണസ്ഥാപനങ്ങളാണു പ്രൊമോട്ട് ചെയ്യുന്നത്. ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) , ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്‌കോ ), കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ക്രിഭ്‌കോ ), നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( നാഫെഡ് ), ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) എന്നിവയാണു NCEL നെ പ്രൊമോട്ട് ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലേക്കു NCEL വഴി 1325 കോടി രൂപയുടെ അരി കയറ്റിയയച്ചിട്ടുണ്ടെന്നാണു കണക്ക്.

 

 

Leave a Reply

Your email address will not be published.