ബാങ്കുവായ്പ: കുടിശ്ശിക കൂടുതല്‍ വിദ്യാഭ്യാസവായ്പയില്‍; കുറവ് ഭവനവായ്പയിലും

moonamvazhi

വാണിജ്യ ബാങ്കുകളുടെ വായ്പകളില്‍ തിരിച്ചടവില്‍ ഏറ്റവും കുടിശ്ശിക വിദ്യാഭ്യാസവായ്പകളിലാണെന്നു റിസര്‍വ് ബാങ്കിന്റെ സാമ്പത്തികസ്ഥിരതാറിപ്പോര്‍ട്ട്. കുടിശ്ശിക ഏറ്റവും കുറവ് ഭവനവായ്പകളിലാണ്.

ബാങ്കുകളുടെ ആസ്തിഗുണനിലവാരം വളരെ മെച്ചപ്പെട്ടു. വ്യക്തിഗതവായ്പാവിഭാഗത്തില്‍ കുടിശ്ശിക കൂടുകയാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുടിശ്ശിക വിദ്യാഭ്യാസവായ്പയാണ്. ഏറ്റവും കുറവ് ഭവനവായ്പാമേഖലയിലും. വ്യക്തിഗതവിദ്യാഭ്യാസവായ്പാവിഭാഗത്തില്‍ നിഷ്‌ക്രിയആസ്തി (എന്‍.പി.എ) 3.6 ശതമാനമാണ്. ക്രെഡിറ്റ് കാര്‍ഡുകളുടെ വിഭാഗത്തില്‍ ഇത് 1.8 ശതമാനവും വാഹനവായ്പകളുടെ വിഭാഗത്തില്‍ 1.3 ശതമാനവും ഭവനവായ്പകളുടെ വിഭാഗത്തില്‍ 1.1 ശതമാനവുമാണ്.

കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ വിദേശത്തു പഠിക്കാന്‍ പോകുന്നതിനാല്‍ വിദ്യാഭ്യാസവായ്പ വളരെ കൂടി. ഇതില്‍ പലപ്പോഴും കുടിശ്ശികയും എന്‍.പി.എ.യും വര്‍ധിക്കുന്നു. മൊത്തനിഷ്‌ക്രിയആസ്തി (ജി.എന്‍.പി.എ) അനുപാതം എല്ലാ വ്യക്തിഗതവായ്പാവിഭാഗത്തിലും കുറഞ്ഞിട്ടുണ്ട്. വ്യവസായവായ്പാമേഖലയില്‍ എല്ലാ പ്രമുഖഉപവിഭാഗങ്ങളിലും ആസ്തിഗുണനിലവാരം മെച്ചപ്പെട്ടു. വാഹനവ്യവസായവും ഗതാഗതസാമഗ്രിവ്യവസായവും മാത്രമാണ് അപവാദം.

2024 മാര്‍ച്ചിലെ കണക്കുപ്രകാരം ഭവനവായ്പകള്‍ 36.5 ശതമാനം വര്‍ധിച്ചു. ഏറ്റവും വളര്‍ച്ചയുണ്ടായ ഉപവിഭാഗം ഇതാണ്. അതിനു താഴെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗമാണ്; 25.2 ശതമാനം വര്‍ധന. വിദ്യാഭ്യാസവായ്പ 20.5 ശതമാനമാണു വര്‍ധിച്ചത്. മറ്റുവ്യക്തിഗതവായ്പകള്‍ 19.9 ശതമാനം കൂടി. വാഹനവായ്പകള്‍ 18.3 ശതമാനമാണു വര്‍ധിച്ചത്. സ്വകാര്യബാങ്കുകളുടെ വായ്പാവളര്‍ച്ചയില്‍ പകുതിയിലേറെയും വ്യക്തിഗതവായ്പാവിഭാഗത്തിന്റെ സംഭാവനയാണ്.

വ്യക്തിഗതവായ്പകളും സുരക്ഷിതമല്ലാത്ത വായ്പകളും ഭീമമായി വര്‍ധിക്കുന്നതിനെതിരെ കഴിഞ്ഞവര്‍ഷം റിസര്‍വ് ബാങ്ക് ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. ആഭ്യന്തര നിരീക്ഷണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും റിസ്‌കുകള്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നം പരിഹരിക്കണമെന്നും മുന്‍കരുതലുകളും നടപടികളും എടുക്കണമെന്നും ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞിരുന്നു. 2023 ഒക്ടോബറില്‍ പണനയസമിതിയോഗത്തിനുശേഷം പത്രസമ്മേളനത്തിലാണു മുന്നറിയിപ്പു നല്‍കിയത്. സുരക്ഷിതമല്ലാത്ത ചില വിഭാഗം വായ്പകളുടെ റിസ്‌ക് വെയ്‌റ്റേജ് ഡിസംബറില്‍ 25 അടിസ്ഥാനപോയിന്റ് വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ രംഗത്തു വളര്‍ച്ച നിയന്ത്രിക്കാനും പിരിമുറുക്കം കുറയ്ക്കാനുമായിരുന്നു അത്. ഇതു ചില ബാങ്കുകളുടെയും ബാങ്കിതരസ്ഥാപനങ്ങളുടെയും വ്യക്തിഗതവായ്പകളിലും സുരക്ഷിതമല്ലാത്ത വായ്പകളിലുമുള്ള വളര്‍ച്ചയുടെ വേഗം കുറച്ചു. സുരക്ഷിതമല്ലാത്ത വായ്പകളുടെ കാര്യത്തില്‍ ഇപ്പോള്‍ ബാങ്കുകള്‍ മിതത്വം പാലിക്കുന്നുണ്ടെന്ന് ജൂണ്‍ ഏഴിനു പണനയസമിതിയോഗത്തിനുശേഷം ആര്‍.ബി.ഐ. ഗവര്‍ണര്‍ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published.