മധ്യപ്രദേശ്, രാജസ്ഥാന്‍ ബജറ്റുകളില്‍ സഹകരണമേഖലയ്ക്ക് വന്‍സഹായം

moonamvazhi
  • മധ്യപ്രദേശില്‍ സഹകരണബാങ്കുകള്‍ക്ക് ഓഹരിമൂലധനത്തിനായി 1000 കോടി വകയിരുത്തി
  • കാര്‍ഷികവായ്പയ്ക്കായി 23,000 കോടി നീക്കിവെച്ചു
  • രാജസ്ഥാനില്‍ 150 സംഘങ്ങളില്‍ സംഭരണശാലകള്‍ സ്ഥാപിക്കും
  • ദീര്‍ഘകാലവായ്പ നല്‍കാന്‍ സഹകരണബാങ്കുകള്‍ക്ക് 100 കോടി

മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ബജറ്റില്‍ സഹകരണമേഖലയ്ക്കു വന്‍തുക നീക്കിവെച്ചു. മധ്യപ്രദേശില്‍ സഹകരണബാങ്കുകള്‍ക്ക് ഓഹരിമൂലധനത്തിനായി 1000 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം കര്‍ഷകര്‍ക്കു 23,000 കോടി രൂപ കാര്‍ഷികവായ്പയായി നല്‍കും. രാജസ്ഥാനിലാവട്ടെ സഹകരണബാങ്കുകള്‍ക്കു ദീര്‍ഘകാലവായ്പ നല്‍കാന്‍ കഴിഞ്ഞവര്‍ഷം അനുവദിച്ച 50 കോടിരൂപ ഇത്തവണ 100 കോടിയാക്കി.

മധ്യപ്രദേശില്‍ ധനമന്ത്രി ജഗ്ദീഷ് ദേവ്ദ അവതരിപ്പിച്ച ബജറ്റില്‍ 150 കോടിരൂപയുടെ മുഖ്യമന്ത്രിസഹകാരി ദുഗ്ധ് ഉത്പാദന്‍ പ്രോത്സാഹന്‍ യോജനയും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ സഹകരണബാങ്കുകളില്‍നിന്നെടുത്ത ഹ്രസ്വകാലവായ്പകള്‍ക്കു പലിശസബ്‌സിഡി നല്‍കാന്‍ 600 കോടിരൂപ നീക്കിവച്ചു. പ്രാഥമികവായ്പാസംഘങ്ങള്‍ക്കു മാനേജീരിയല്‍ ഗ്രാന്റ് നല്‍കാന്‍ 149 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

2023-24ല്‍ 19,946 കോടിരൂപ കര്‍ഷകര്‍ക്കു കാര്‍ഷികവായ്പ നല്‍കി. മുന്‍വര്‍ഷത്തെക്കാള്‍ 1490 കോടിരൂപ കൂടുതലാണിത്. 2024-25 സാമ്പത്തികവര്‍ഷം 23,000 കോടിരൂപ നല്‍കും. കര്‍ഷകര്‍ക്കു പലിശരഹിത ഹ്രസ്വകാലവായ്പ നല്‍കാന്‍ 600 കോടിരൂപ ചെലവഴിക്കും. 32 ലക്ഷം കര്‍ഷകര്‍ക്ക് ഇതു പ്രയോജനപ്പെടും. 2023ല്‍ ഖരിഫ് വിളകള്‍ക്കു പ്രധാനമന്ത്രിഫസല്‍ഭീമ യോജന വഴി 97.761 ലക്ഷം കര്‍ഷകര്‍ക്കു വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. റാബി വിളകള്‍ക്ക് 80.96 ലക്ഷം കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. 2024-25ല്‍ ഇതിനായി 2000 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. അഞ്ച് എച്ച്.പി. കാര്‍ഷികപമ്പുകളും ത്രെഷറുകളും ഒരു ബള്‍ബും അടങ്ങുന്ന വസ്തുക്കളുടെ വൈദ്യുതോപഭോഗം സൗജന്യമാക്കുന്ന പദ്ധതിയനുസരിച്ചു വൈദ്യുതബോര്‍ഡില്‍ അടച്ച പണം കര്‍ഷകര്‍ക്കു തിരിച്ചുനല്‍കുന്നതിനായി 2475 കോടിരൂപ നീക്കിവച്ചു.

സഹകരണബാങ്കുകള്‍ക്കു ദീര്‍ഘകാലവായ്പ നല്‍കാന്‍ കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍സര്‍ക്കാര്‍ 50 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അത് ഇത്തവണ 100 കോടിയാക്കി. ദീര്‍ഘകാല കാര്‍ഷികവായ്പ യഥാസമയം തിരിച്ചടക്കുന്നവര്‍ക്കു രണ്ടു ശതമാനം പലിശസബ്‌സിഡി നല്‍കും. സഹകരണസംഘങ്ങളുടെ ദീര്‍ഘകാലകാര്‍ഷികേതരവായപകള്‍ക്ക് അഞ്ചു ശതമാനം പലിശസബ്‌സിഡി നല്‍കും. ഇതിന് 64 കോടിരൂപ ചെലവു വരും. 500 പുതിയ കര്‍ഷകഉത്പാദകസംഘടനകള്‍ സ്ഥാപിക്കും. ധനമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ദിയാകുമാരി ബജറ്റ് അവതരിപ്പിച്ചുകൊണ്ടു നിയമസഭയെ അറിയിച്ചതാണിക്കാര്യം.

സംസ്ഥാനത്ത് 150 ഗ്രാമസേവാസഹകാരിസമിതികളില്‍ 100 മുതല്‍ 500 വരെ ടണ്‍ ശേഷിയുള്ള സംഭരണശാലകള്‍ സ്ഥാപിക്കും. ഇതിനു 35 കോടിരൂപ ചെലവിടും. സവാളശേഖരണസംവിധാനം ഒരുക്കാന്‍ 2500 കര്‍ഷകര്‍ക്ക് 22 കോടിരൂപ സബ്‌സിഡി നല്‍കും. പുതിയ സഹകരണച്ചട്ടങ്ങളും കൊണ്ടുവരും. കൃഷിക്കായി സ്ത്രീകളുടെ 1000 സ്വയംസഹായസംഘങ്ങള്‍ക്കു ഡ്രോണുകള്‍ നല്‍കി. നാനോ യൂറിയയും കീടനാശിനികളും തളിക്കാന്‍ ഹെക്ടറിനു 2500 രൂപ വീതം സബ്‌സിഡി നല്‍കും. മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പുപദ്ധതിയില്‍ ഗോവര്‍ധന്‍ പദ്ധതികള്‍ക്കായി 197.86 കോടിരൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.