അമുലിന്റെ അമേരിക്കന്‍ വിപണീപ്രവേശം വന്‍വിജയം

moonamvazhi
  • ഇന്ത്യ ഏറ്റവും വലിയ പാലുല്‍പ്പാദകരാജ്യം
  • ലോകത്തെ പാലുല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് ഇനി ഇന്ത്യയിലാവും
  • ഡോ. വര്‍ഗീസ്‌കുര്യന് അമുലിന്റെ പ്രശംസ

അമുല്‍പാല്‍  അമേരിക്കയില്‍ വിപണിയിലിറക്കിയ നടപടി വന്‍വിജയമായെന്ന് അമുലിന്റെയും ഗുജറാത്ത് സഹകരണക്ഷീരഫെഡറേഷന്റെയും മാനേജിങ് ഡയറക്ടര്‍ ജയന്‍മേത്ത പറഞ്ഞു. ഇനി യൂറോപ്യന്‍വിപണിയില്‍ കടക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊരു ചരിത്രമുഹൂര്‍ത്തമായിരിക്കും-അദ്ദേഹം പറഞ്ഞു. ജാംഷഡ്പൂരിലെ സേവ്യര്‍ ലേബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 11-ാമത് ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവുംവലിയ പാലുല്‍പാദകരാജ്യമാണ്. വരുംവര്‍ഷങ്ങളില്‍ ലോകത്തെ പാലുല്‍പാദനത്തിന്റെ മൂന്നിലൊന്നും ഇന്ത്യയിലായിരിക്കും. ഡെയറി വെറും ബിസിനസല്ല, ഗ്രാമീണഇന്ത്യയുടെ ജീവനാഡിയാണ്. പ്രോട്ടീന്‍സമ്പന്നവും ജൈവികവും രാസമുക്തവുമായ ഉല്‍പന്നങ്ങളിലാണ് അമുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശേഷിയും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമുല്‍സ്ഥാപകനായ ഡോ. വര്‍ഗീസ് കുര്യനാണ് ഇതിനുള്ള പരിതസ്ഥിതി സൃഷ്ടിച്ചത്. ഇന്ത്യക്കു ലോകത്തിനൊരു സമ്മാനം നല്‍കാനുണ്ടെങ്കില്‍ അതു സഹകരണപ്രവര്‍ത്തനസംവിധാനമാണ്. അതാകട്ടെ ഡോ. കുര്യന്‍ സമ്മാനിച്ചതാണ്. സഹകരണത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഇന്ത്യയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിച്ചു. അമുല്‍ പ്രതിദിനം 31 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. ഇന്ത്യയില്‍ 107 ഡെയറിപ്ലാന്റുണ്ട്. അമ്പതിലേറെ ഉല്‍പന്നങ്ങളും. വര്‍ഷം 22 ശതകോടി പാക്കറ്റുകളാണു വില്‍ക്കുന്നത്. 80,000 കോടി രൂപയാണു വിറ്റുവരവ്. ലോകത്തെ ഏറ്റവും ശക്തമായ ഡെയറി-ഭക്ഷ്യ ബ്രാന്റെന്ന അംഗീകാരവും കിട്ടി. 3.6 ദശലക്ഷം കര്‍ഷകരാണ് അതിന്റെ ഉടമകള്‍-മേത്ത പറഞ്ഞു.

വര്‍ഗീസ് കുര്യന്റെ മകള്‍ നിര്‍മലാകുര്യനും സംസാരിച്ചു. അര നൂറ്റാണ്ടിലേറെമുമ്പ് പാലുല്‍പാദനത്തില്‍ പിന്നാക്കമായിരുന്ന രാജ്യത്തെ അക്കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാമെന്നു സ്വപ്നം കണ്ടയാളാണു തന്റെ പിതാവെന്ന് നിര്‍മല പറഞ്ഞു. അവിടെനിന്നാണ് ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുല്‍പാദകരാഷ്ട്രമായി വളര്‍ന്നത്-അവര്‍ കൂട്ടിച്ചേര്‍്ത്തു. വ്യത്യസ്തത പുലര്‍ത്താനുള്ള പ്രതിബദ്ധമായ പ്രവര്‍ത്തനമാണു ഡോ. വര്‍ഗീസ് കുര്യന്റെ ജീവിതത്തിന്റെ പ്രത്യേകതയെന്നു ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. എസ്. ജോര്‍ജ് പറഞ്ഞു.