റിസര്‍വ് ബാങ്കിന്റെ പലിശനിരക്കു പ്രഖ്യാപനം നാളെ

moonamvazhi

റിസര്‍വ് ബാങ്കിന്റെ പുതിയ പലിശനിരക്ക് (റിപ്പോ നിരക്ക്) ഒക്ടോബര്‍ ഒമ്പതിനു ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിക്കും. ഇതു തീരുമാനിക്കാനുള്ള പണനയസമിതിയോഗം തിങ്കളാഴ്ച ആരംഭിച്ചു. കഴിഞ്ഞ ഒമ്പതു പണനയസമിതിയോഗവും നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തുകയാണു ചെയ്തത്. നിരക്കു കുറയ്ക്കുമെന്നും മാറ്റമില്ലാതെ തുടരുമെന്നും അഭ്യൂഹങ്ങളുണ്ട്.

ആറംഗസമിതിയിലെ മൂന്നുപേരുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു മൂന്നുപേര്‍ പുതുതായി വന്നിട്ടുണ്ട്. സമിതിയില്‍ പകുതിയും പുതുമുഖങ്ങളാണ്. ഇക്കോണമിസ്റ്റ് സൗഗത ഭട്ടാചാര്യ, വ്യവസായവികസന പഠനഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നാഗേഷ് കുമാര്‍, ഡല്‍ഹി സര്‍വകലാശാല സാമ്പത്തികശാസ്ത്രവിഭാഗത്തിലെ പ്രൊഫ. രാംസിങ് എന്നിവരാണു പുതിയ അംഗങ്ങള്‍. ഗവര്‍ണര്‍ ശക്തികാന്ത ദാസിനുപുറമെ, ആര്‍.ബി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് രഞ്ജന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ ദേബവ്രത പത്ര എന്നിവരാണു നേരത്തെയുള്ളവര്‍. ശശാങ്ക് ബിദ, അഷിമാഗോയല്‍, ജയന്ത് ആര്‍ വര്‍മ എന്നിവരാണു കാലാവധി പൂര്‍ത്തിയാക്കി ഒഴിഞ്ഞത്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം, ആഗോളവിപണിയിലെ അനിശ്ചിതത്വങ്ങള്‍, ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചാസാധ്യതകള്‍ തുടങ്ങിയവ കണക്കിലെടുത്തായിരിക്കും നിരക്കു തീരുമാനിക്കുക. തങ്ങള്‍ സമീപിച്ച 10 സാമ്പത്തികശാസ്ത്രജ്ഞരില്‍ ഒമ്പതും നിരക്ക് 25 അടിസ്ഥാനപോയിന്റ് കുറക്കുമെന്നാണു പ്രവചിച്ചതെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സെപ്റ്റംബറിലും ഒക്ടോബറിലും പണപ്പെരുപ്പം അഞ്ചു ശതമാനത്തില്‍ കൂടുതലായതിനാല്‍ നിരക്കില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് ബാങ്ക് ഓഫ് ബറോഡയുടെ മുഖ്യസാമ്പത്തികശാസ്ത്രജ്ഞന്‍ മദന്‍ സബ്‌നാവിസ് പറഞ്ഞു. മാറ്റം പ്രതീക്ഷിക്കാനാവില്ലെന്നാണ് ഇക്ര ഇക്കോണമിസ്റ്റ് അദിതി നായരും പ്രതികരിച്ചത്. ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പ്രസിഡന്റ് അജിത് ബാനര്‍ജിയും നിരക്കുമാറ്റം പ്രതീക്ഷിക്കുന്നില്ല.

യു.എസ്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 50 അടിസ്ഥാനപോയിന്റ് കുറച്ചിരുന്നു. പല വികസിതരാജ്യത്തെയും കേന്ദ്രബാങ്കുകള്‍ പലിശനിരക്കു കുറച്ചു.