2022-23 ല്‍ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്‍ മുമ്പാകെ സഹകരണ ബാങ്കുകളെക്കുറിച്ച് കിട്ടിയ പരാതികള്‍ 3,535
* പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ 1,02,144 പരാതികള്‍
* സ്വകാര്യമേഖലാ ബാങ്കുകള്‍ക്കെതിരെ 73,764 പരാതികള്‍
* പരാതികളില്‍ 68 ശതമാനം വര്‍ധന
2022 ഏപ്രില്‍ ഒന്നിനും 2023 മാര്‍ച്ച് 31 നുമിടയില്‍ റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്‍ മുമ്പാകെ സഹകരണ ബാങ്കുകളെക്കുറിച്ച് 3,535 പരാതികള്‍ വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. പൊതുമേഖലാ ബാങ്കുകളെക്കുറിച്ച് ഇക്കാലത്തു 1,02,144 പരാതികളും സ്വകാര്യമേഖലാ ബാങ്കുകളെക്കുറിച്ചു 73,764 പരാതികളും ഓംബുഡ്‌സ്മാനു ലഭിച്ചു. പൊതുമേഖലയില്‍ ഏറ്റവുമധികം പരാതികള്‍ എത്തിയതു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെയാണ്. സ്വകാര്യമേഖലയില്‍ ഐ.സി.ഐ.സി.ഐ. ബാങ്കിനെതിരെയാണു കൂടുതല്‍ പരാതികള്‍ കിട്ടിയത്. വിദേശ ബാങ്കുകള്‍ക്കെതിരെ 5,639 പരാതികള്‍ കിട്ടി.
ബാങ്കിങ്‌മേഖലയില്‍നിന്നുള്ള പരാതികള്‍ക്കു പരിഹാരം കണ്ടെത്താനായി റിസര്‍വ് ബാങ്ക്-സംയോജിത ഓംബുഡ്‌സ്മാന്‍ പദ്ധതി ( RB-IOS ) 2021 നവംബര്‍ പന്ത്രണ്ടിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. എ.ടി.എം, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍, ഇലക്ട്രോണിക് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പകള്‍, പെന്‍ഷന്‍, പാരാ ബാങ്കിങ്, നോട്ടുകള്‍, നാണയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു ഓംബുഡ്‌സ്മാനു പരാതികള്‍ കിട്ടുന്നത്.
2021-22 വര്‍ഷത്തേക്കാളും പരാതികളില്‍ 68.24 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നു റിസര്‍വ് ബാങ്കിന്റെ വാര്‍ഷികറിപ്പോര്‍ട്ടില്‍ പറയുന്നു. ORBIO, CRPC ( കത്ത്, തപാല്‍വഴി വരുന്ന പരാതികള്‍ സ്വീകരിക്കാനായി റിസര്‍വ് ബാങ്ക് സ്ഥാപിച്ച സംവിധാനമാണ് സെന്‍ട്രലൈസ്ഡ് റെസീപ്റ്റ് ആന്റ് പ്രോസസിങ് സെന്റര്‍ എന്ന CRPC ) എന്നിവയ്ക്ക് 2022-23 ല്‍ ആകെ കിട്ടിയ പരാതികളുടെ എണ്ണം 7,03,544 ആണ്. മുന്‍വര്‍ഷം ഇതു 4,18,184 ആയിരുന്നു. പരാതികളില്‍ ORBIO 2,34,690 എണ്ണത്തില്‍ പരിഹാരം കണ്ടെത്തി. CRPC 4,68,854 പരാതികള്‍ക്കും തീര്‍പ്പുണ്ടാക്കി. റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്‍ മുമ്പാകെയുള്ള പരാതികള്‍ക്കു തീര്‍പ്പുണ്ടാക്കുന്നതില്‍ വേഗത കൈവന്നിട്ടുണ്ട്. ഇക്കൊല്ലം ശരാശരി 33 ദിവസത്തിനുള്ളില്‍ പരാതികള്‍ക്കു പരിഹാരം കണ്ടെത്തുന്നുണ്ട്. മുന്‍വര്‍ഷം ഇതിനു ശരാശരി 44 ദിവസം എടുത്തിരുന്നു.
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ഈ സാമ്പത്തികവര്‍ഷം 2024 ഫെബ്രുവരി 29 വരെ 24 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്ക് 176 അര്‍ബന്‍ സഹകരണ ബാങ്കുകളെ പിഴയടയ്ക്കാന്‍ ശിക്ഷിച്ചിട്ടുണ്ടെന്നു ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് വെളിപ്പെടുത്തി. ഈ ബാങ്കുകള്‍ക്കെല്ലാംകൂടി 14.04 കോടി രൂപയാണു പിഴ ചുമത്തിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ 57 ബാങ്കുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതില്‍ അമ്പത്തിയഞ്ചും സഹകരണ ബാങ്കുകളാണ്. മൂന്നു ബാങ്കുകള്‍ പുനരുജ്ജീവിപ്പിച്ചിട്ടുമുണ്ട്.