സിന്ധുവിനൊപ്പം തിളങ്ങി കൈത്തറിയും

moonamvazhi

 

വി.എന്‍. പ്രസന്നന്‍

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ പി.വി. സിന്ധു കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കേരളത്തിന്റെ അതിഥിയായെത്തിയപ്പോള്‍ അണിഞ്ഞത് കൈത്തറി കസവു സാരിയും സെറ്റും മുണ്ടും. പ്രശസ്തമായ ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്ന എറണാകുളം പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിലെ പി.സി. മോഹനനാണ് കസവു സാരി നെയ്തത്. സെറ്റും മുണ്ടും നെയ്തത് ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്ന രാജേന്ദ്രനും.

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ പി.വി.സിന്ധു തിരുവനന്തപുരത്തു പത്രസമ്മേളനത്തില്‍ കൈത്തറി കസവുസാരിയും ബ്ലൗസുമണിഞ്ഞ് എത്തിയതറിഞ്ഞപ്പോള്‍ എറണാകുളം ജില്ലയിലെ ഒരു കൈത്തറി സഹകരണ സംഘത്തില്‍ സന്തോഷം തിരതല്ലി. പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണസംഘം ഇ-3428 ലായിരുന്നു അത്. കേരളത്തിന്റെ ആദരം ഏറ്റുവാങ്ങിയ സിന്ധു ഒക്ടോബര്‍ ഒമ്പതിനു പത്രസമ്മേളനത്തില്‍ പ്രശോഭിച്ചത് ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഈ സംഘത്തില്‍ നെയ്ത കൈത്തറിസാരിയും ബ്ലൗസും ധരിച്ചാണ്. അവിടത്തെ ഏറ്റവും മുതിര്‍ന്ന നെയ്ത്തുകാരനായ പി.സി. മോഹനന്‍ എന്ന അറുപത്തിയേഴുകാരന്റെ നാലു ദിവസത്തെ അധ്വാനഫലമായിരുന്നു ആ വസ്ത്രങ്ങള്‍.

താന്‍ നെയ്ത വസ്ത്രങ്ങള്‍ സിന്ധു ധരിച്ചതു മോഹനന്‍ പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞത്. സിന്ധു അവ ധരിച്ചേക്കുമെന്നു തിരുവനന്തപുരത്തുനിന്നു ഫോണില്‍ അറിയിച്ചിരുന്നെങ്കിലും വിവിധയിനം വസ്ത്രങ്ങളില്‍ ഏതൊക്കെ ധരിക്കുമെന്നതു സിന്ധുവിന്റെ ഹിതമനുസരിച്ചിരിക്കുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടു താന്‍ നെയ്ത വസ്ത്രം ധരിച്ചു എന്നറിഞ്ഞപ്പോള്‍ അപ്രതീക്ഷിതത്വം നിറഞ്ഞ ആഹ്‌ളാദമാണു മോഹനനുണ്ടായത്. സംഘം ഓഫീസിലും ഫാക്ടറികളിലും ആ ആഹ്ലാദം അലയടിച്ചു. തങ്ങളുടെ സ്ഥാപനം നെയ്ത വസ്ത്രം ഒരു ലോക കായികപ്രതിഭ അണിഞ്ഞതില്‍ ഭാരവാഹികളും ജീവനക്കാരും സന്തോഷിച്ചു. ചേന്ദമംഗലം കൈത്തറി വസ്ത്ര സഹകരണ പ്രസ്ഥാനത്തിനും അതു ഫാഷന്‍ലോകത്തെ തലയെടുപ്പിന്റെ നിമിഷങ്ങളായി.

മുന്നറിയിപ്പില്ലാതെ വന്ന ഓര്‍ഡര്‍

പതിമൂന്നാം വയസ്സില്‍ നെയ്ത്തു തൊഴിലാളിയായതാണ് പറവൂത്തറ പീടിയേക്കല്‍ പി.സി. മോഹനന്‍. ചേന്ദമംഗലം കവലയിലെ സംഘത്തിന്റെ ഫാക്ടറിയിലെ ജെക്കാര്‍ഡ് തറിയിലാണു സിന്ധുവിനുള്ള വസ്ത്രം നെയ്തത്. സിന്ധുവിനു വേണ്ടിയാണ് എന്ന മുന്നറിയിപ്പൊന്നുമില്ലാതെയാണു രണ്ടു സാരി നെയ്യാനുള്ള ഓര്‍ഡര്‍ സംഘത്തിനു ലഭിച്ചത്. 2018 ലെ കൊടുംപ്രളയത്തില്‍ തകര്‍ന്ന കൈത്തറിയെ വസ്ത്ര ഫാഷന്‍, രൂപകല്‍പന, വിപണന രംഗങ്ങളില്‍ അവസരങ്ങളൊരുക്കി സഹായിച്ച ഡിസൈനര്‍ ശോഭാ വിശ്വനാഥിന്റെ തിരുവനന്തപുരത്തെ ‘വീവേഴ്‌സും വില്ലേജും’ എറണാകുളത്തു രമേഷ്‌മേനോന്‍ സ്ഥാപിച്ച ‘സേവ് ദ ലൂമും’ ചേര്‍ന്നുള്ള സംരംഭത്തിന്റെതായിരുന്നു ഓര്‍ഡര്‍. ശോഭാ വിശ്വനാഥും നിഖിത ജയകുമാറുമാണു വസ്ത്രം രൂപകല്‍പന ചെയ്തത്.

നിഖിത ഡിസൈന്‍ സംഘത്തില്‍ കൊണ്ടുവന്നു. ഓണത്തിന് ഒരു മാസം മുമ്പാണ് ഇതു ലഭിച്ചതെന്നു മോഹനന്‍ ഓര്‍ക്കുന്നു. എണ്‍പതാം നമ്പര്‍ നൂലാണ് നെയ്യാന്‍ തിരഞ്ഞെടുത്തത്. കൂടുതല്‍ നീളത്തിലുള്ള സാരിക്ക് ഇത് ഉചിതമാണ്. ആറര മീറ്റര്‍ നീളവും 48 ഇഞ്ച് വീതിയുമുള്ള സാരിയാണ് നെയ്തത്. കുത്താമ്പുള്ളിയിലും കോയമ്പത്തൂരും ജെക്കാര്‍ഡ് തറിയിലുള്ള നെയ്ത്തു കണ്ടുപഠിച്ചാണു താന്‍ ഇത്തരം വസ്ത്രങ്ങള്‍ നെയ്യാന്‍ വൈദഗ്ധ്യം നേടിയതെന്നു മോഹനന്‍ പറഞ്ഞു.

കൈത്തറിത്തൊഴില്‍ മേഖല വളരെ ദുരിതപൂര്‍ണമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ തൊഴിലാണു തന്റെ ജീവിതത്തിന് അത്താണിയായതെന്നു മോഹനന്‍. വീട്ടമ്മയായ സുധര്‍മയാണു ഭാര്യ. മൂത്തമകള്‍ ദീപ ഇതേസംഘത്തില്‍ ക്ലര്‍ക്കാണ്. മകന്‍ ദിനേശ് സര്‍ക്കാര്‍ ജീവനക്കാരനാണ്. മറ്റൊരു മകള്‍ ദിവ്യ നഴ്‌സറി സ്‌കൂള്‍ അധ്യാപികയാണ്.

1972 ല്‍ സംഘത്തില്‍ അംഗമായ മോഹനന്‍ രണ്ടുതവണ അതിന്റെ വൈസ് പ്രസിഡന്റായിരുന്നു. സെക്രട്ടറി ഇല്ലാതായ അവസരത്തില്‍ രണ്ടു തവണയായി ഇരുപതു മാസത്തോളം സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. മുമ്പ് ജെക്കാര്‍ഡ് അടക്കം ആറേഴു തറികള്‍ മോഹനന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ഏഴു കൊല്ലം മുമ്പുവരെ വീട്ടിലാണു നെയ്തിരുന്നത്. പിന്നെ അതൊക്കെ നിര്‍ത്തി സംഘത്തിന്റെ ഫാക്ടറിയിലെ നെയ്ത്തുകാരനായി. 2018 ലെ പ്രളയത്തില്‍ ഇദ്ദേഹത്തിന്റെ വീട് ഒരു മുറിയോളം ഉയരത്തില്‍ വെള്ളത്തിലായി. കുടുംബത്തോടെ അടുത്തുള്ള ഒരു സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് അഭയം തേടിയത്. 2019 ലെ പ്രളയകാലത്തും വീടിന്റെ മുറ്റം വരെ വെള്ളമെത്തി. കൂടുതല്‍ ഉയരുമെന്നു ഭയന്നു തത്തപ്പിള്ളിയില്‍ മകളുടെ വീട്ടിലേക്കുമാറി. രണ്ടു മൂന്നു ദിവസം കഴിഞ്ഞു മടങ്ങിയെത്തി.

പി.സി. മോഹനന്‍ സാരി നെയ്യുന്നു

ബിനാലെയിലും തിളങ്ങി

വിശിഷ്ട വ്യക്തികള്‍ക്കുള്ള വസ്ത്രങ്ങളുടെയും ഫാഷന്‍ പ്രദര്‍ശനങ്ങളുടെയും രംഗങ്ങളില്‍ മുമ്പും പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തില്‍ നെയ്ത വസ്ത്രങ്ങള്‍ തിളങ്ങിയിട്ടുണ്ട്. ജനവരിയില്‍ കൊച്ചിയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഉദ്ഗ്രഥിത എണ്ണ ശുദ്ധീകരണശാലാ വികസിത സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനും വിശിഷ്ടാതിഥികള്‍ക്കും സമ്മാനിച്ച പൊന്നാടകള്‍ നെയ്തത് ഇവിടെയാണ്. ഷീലു, സിന്ധു, ഉഷ എന്നിവരാണ് അവ നെയ്തത്. കൊച്ചി ബിനാലെയില്‍ അഞ്ചുലക്ഷത്തോളം രൂപയുടെ വില്‍പന ലഭിച്ചതായി സംഘം പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു. ബിനാലെക്കായി രൂപകല്‍പന ചെയ്ത ഷാളുകളാണ് ഈ വില്‍പന നേടിക്കൊടുത്തത്. 2016-17 ലും 2017-18 ലും 2018-19 ലും എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഏറ്റവും മികച്ച വ്യവസായ സഹകരണ സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഈ സംഘത്തിനാണ്. രണ്ടു ഫാക്ടറിയിലായി എഴുപതോളം തറികള്‍ സംഘത്തിനുണ്ട്. സംഘത്തിനുവേണ്ടി വസ്ത്രങ്ങള്‍ നെയ്യുന്ന വീടുകളിലെ തറികള്‍ കൂടി കൂട്ടിയാല്‍ നൂറ്റിഎഴുപതോളം തറികള്‍ ഈ സംഘത്തിനു കീഴിലുണ്ട്.

ലോക ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണമെഡല്‍ ജേതാവായ സിന്ധുവിന് കായികവകുപ്പും കേരള ഒളിമ്പിക് അസോസിയേഷനുമാണു തിരുവനന്തപുരത്തു സ്വീകരണമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അസോസിയേഷന്റെ പത്തു ലക്ഷം രൂപയുടെ പുരസ്‌കാരം പ്രസിഡന്റ് വി. സുനില്‍കുമാര്‍ സിന്ധുവിനു സമ്മാനിച്ചു.

 

കേരള ഒളിമ്പിക് അസോസിയേഷനാണ് സിന്ധുവിനുള്ള വസ്ത്രങ്ങള്‍ക്കായി തങ്ങളെ സമീപിച്ചതെന്ന് ഡിസൈനര്‍ ശോഭാ വിശ്വനാഥ് പറഞ്ഞു. മൂന്ന് വസ്ത്രങ്ങളാണു രൂപകല്‍പന ചെയ്തത്. പരമ്പരാഗത സെറ്റും മുണ്ടും കൈത്തറി കസവു സാരിയും പിന്നെ പ്രശസ്ത ഡിസൈനര്‍ ഗൗരവ് ജെയ് ഗുപ്ത രൂപകല്‍പന ചെയ്ത വസ്ത്രവും. ഇവയില്‍ ഏതാണു സിന്ധു തിരഞ്ഞെടുക്കുക എന്ന് അറിയില്ലായിരുന്നു. എന്നാല്‍, മൂന്നും അവര്‍ സന്തോഷത്തോടെ ധരിച്ചു. സ്വീകരണച്ചടങ്ങില്‍ ഗൗരവ് ജെയ്ഗുപ്ത രൂപകല്‍പന ചെയ്ത ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സാറ്റിന്‍ സ്ലിറ്റ് ഡ്രസ്സും ട്രൗസേഴ്‌സും ആറ്റുകാല്‍ ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയപ്പോള്‍ സെറ്റുമുണ്ടും പത്രസമ്മേളനത്തില്‍ കൈത്തറി കസവുസാരിയും. വീട്ടിലിരുന്നു ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്ന രാജേന്ദ്രന്‍ എന്ന നെയ്ത്തു തൊഴിലാളിയെക്കൊണ്ടാണു സെറ്റും മുണ്ടും നെയ്യിച്ചത്.

കൈത്തറി നെയ്ത്തു മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള യത്‌നങ്ങളുടെ കഥ കേട്ടറിഞ്ഞ സിന്ധു വളരെ സന്തോഷത്തോടെയാണ് കൈത്തറി കസവു സാരിയും സെറ്റും മുണ്ടും ധരിക്കാന്‍ തയാറായതെന്നു ശോഭ പറഞ്ഞു. തികഞ്ഞ സ്വാഭാവികതയോടെ അവരത് ധരിക്കുകയും ചെയ്തു. ആ വസ്ത്രങ്ങള്‍ സിന്ധുവിനു വളരെ സംതൃപ്തി നല്‍കിയതായാണ് അനുഭവപ്പെട്ടത്. സ്വര്‍ണവും വെള്ളിയും കലര്‍ന്ന കസവാണു തിരഞ്ഞെടുത്തത്. കേരളത്തനിമ സൂചിപ്പിക്കാന്‍ തെച്ചിപ്പൂക്കളുടെയും വാഴയിലയുടെയും രൂപം ആവിഷ്‌കരിക്കുന്ന രൂപകല്‍പനയാണു താന്‍ സിന്ധുവിന്റെ വസ്ത്രത്തിനായി കണ്ടെത്തിയതെന്നും ശോഭ പറഞ്ഞു.

കസവില്‍ സാധാരണ കാണാത്ത ഒന്നാണ് ഈ ഡിസൈനെന്നും കേരളത്തിലെ കൈത്തറി-കരകൗശല കലാകാരന്‍മാര്‍ക്കു പുത്തന്‍ സാധ്യതകള്‍ തുറന്നുകിട്ടാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും ‘സേവ് ദ ലൂം’ സ്ഥാപകന്‍ രമേഷ്‌മേനോന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!