മുതലമട മാങ്ങയ്ക്ക് ഓണ്‍ലൈന്‍ വിപണി

Deepthi Vipin lal
– അനില്‍ വള്ളിക്കാട്:

 

 

കേരളത്തിന്റെ മാങ്ങാപ്പട്ടണമായ പാലക്കാട് മുതലമടയില്‍ ഇനി ഓണ്‍ലൈന്‍ വ്യാപാരവും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്കു മികച്ച വിലയ്ക്കു മാങ്ങ വില്‍ക്കാന്‍ സഹകരണ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. മുതലമട അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ www.muthalamadamangoes.com എന്ന വെബ്‌സൈറ്റിലൂടെ ലോകത്തെവിടെയിരുന്നും മുന്‍കൂര്‍ പണമടച്ച് സ്വാദിഷ്ടമായ വ്യത്യസ്ത ഇനം മാങ്ങകള്‍ മുതലമടയില്‍ നിന്നു ഇനി കൈപ്പറ്റാം.

വടക്കന്‍ സംസ്ഥാനങ്ങളിലെ ചന്തകളിലേക്കു തീവണ്ടികളിലും ലോറികളിലുമായി കയറ്റി അയയ്ക്കുന്ന മുതലമടയിലെ മാങ്ങക്കു ലേലത്തിനു ശേഷം അവിടത്തെ ഏജന്റ് നിശ്ചയിക്കുന്ന വിലയാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഓണ്‍ലൈന്‍ കച്ചവടത്തില്‍ തങ്ങളുടെ മാങ്ങക്കു കര്‍ഷകര്‍ക്കുതന്നെ വില നിശ്ചയിക്കാന്‍ കഴിയും. വിപണന വിലയുടെ അഞ്ചു ശതമാനം മാത്രം കൈകാര്യച്ചെലവ് ഈടാക്കിയാണ് ഓണ്‍ലൈന്‍ സംവിധാനം കര്‍ഷകര്‍ക്കു ലഭ്യമാക്കിയിട്ടുള്ളതെന്ന് സംഘം പ്രസിഡന്റ് കെ.വി. മണികണ്ഠന്‍ പറഞ്ഞു.

ഇടനിലക്കാരില്ലാതെ വില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കു വിലക്കുറവില്‍ മാമ്പഴം ലഭിക്കും. പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളായ  മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നിവിടങ്ങളിലായി പതിനായിരത്തോളം ഏക്കറില്‍ മാവ് കൃഷിയുണ്ടെങ്കിലും കര്‍ഷകച്ചന്ത എവിടെയുമില്ല.  ഇരുനൂറോളം മാങ്ങ സംഭരണ ശാലകള്‍ കേന്ദ്രീകരിച്ചാണു വിപണനം നടക്കുന്നത്. അതേസമയം, മാങ്ങയുടെ വില നിശ്ചയിക്കാന്‍ കര്‍ഷകര്‍ക്കു കഴിയാറുമില്ല. മാങ്ങാക്കര്‍ഷകരില്‍നിന്നു വന്‍കിട കച്ചവടക്കാര്‍ക്ക് മാങ്ങ വാങ്ങുന്നതിന് muthalamadamango എന്ന പേരില്‍ മൊബൈല്‍ ആപ്പും സംഘം ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനമാണു സംഘത്തിന്റെ ഓണ്‍ലൈന്‍ വ്യാപാരത്തെ സഹായിക്കുന്നത്. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദാണ് വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. മുതലമടയിലെ മാവ് കര്‍ഷകര്‍ നേരിടുന്ന കീടബാധ, ഉല്‍പ്പാദനക്കുറവ്, വിലക്കുറവ് എന്നീ കാര്യങ്ങള്‍ സംഘം ഡയറക്ടര്‍ ആര്‍. രവി മന്ത്രിയെ ധരിപ്പിച്ചു. മാവ് കൃഷിക്കായി മുതലമടയില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നു സംഘം സെക്രട്ടറി സജേഷ് ചന്ദ്രനും ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അടുത്തു തന്നെ മുതലമട സന്ദര്‍ശിക്കുമെന്നും മന്ത്രി സഹകരണ സംഘം പ്രതിനിധികളെ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News