സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ‘ബാങ്ക്’ ആകാന്‍ ആര്‍.ബി.ഐ. അവസരം നല്‍കുന്നു

Deepthi Vipin lal

ബാങ്കിങ് റഗുലേഷന്‍സ് ആക്ട് കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ വായ്പാ സംഘങ്ങള്‍ക്ക് ബാങ്കായി മാറാന്‍ റിസര്‍വ് ബാങ്ക് അവസരം നല്‍കുന്നു. ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റി ശുപാര്‍ശ നല്‍കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത്തരത്തില്‍ ബാങ്കിങ് ബിസിനസിലേക്ക് പൂര്‍ണതോതില്‍ മാറാന്‍ കഴിയുന്ന സഹകരണ സംഘങ്ങളെ ബാങ്കാക്കി മാറ്റുന്നത് സാമ്പത്തിക നിയന്ത്രണ നടപടികള്‍ ഫലപ്രദമാക്കാനാകുമെന്നാണ് വിലയിരുത്തല്‍.


വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ബാങ്കിങ് ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ബാങ്കിങ് റഗുലേഷന്‍സ് ആക്ടിന്റെ പുതിയ ഭേദഗതിക്ക് മുമ്പായിരുന്നു ഇത്. കേരളത്തില്‍നിന്ന് 20 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് എടുക്കേണ്ടതില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിലപാട്.

കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കുകളായി മാറണമെന്നു ഇപ്പോഴും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നില്ല. പക്ഷേ, അവയ്ക്ക് ബാങ്കുകളായി പ്രവര്‍ത്തിക്കാനോ ബാങ്ക് എന്ന പേര് ഉപയോഗിക്കാനോ കഴിയില്ല. ഇത്തരത്തിലുള്ള കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിങ് ലൈസന്‍സിന് അപേക്ഷിച്ചാല്‍ അവയുടെ പ്രവര്‍ത്തനം പരിശോധിച്ച് ലൈസന്‍സ് നല്‍കാനാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ നിര്‍ദ്ദേശമാണ് വിശ്വനാഥന്‍ കമ്മിറ്റിയും ശുപാര്‍ശ ചെയ്യുന്നത്.

കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നതിന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറുടെ അനുമതിയില്ലെങ്കിലും റിസര്‍വ് ബാങ്കിന് തീരുമാനമെടുക്കാനാകും. ബാങ്കിങ് റഗുലേഷന്‍സ് ആക്ടിന്റെ അഞ്ചാം വകുപ്പനുസരിച്ച് റിസര്‍വ് ബാങ്കിന് അതിനുള്ള അധികാരമുണ്ട്. കേരളത്തിലെ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ബാങ്കുകളാക്കി മാറ്റുന്നതാണ് നല്ലതെന്ന നിലപാട് വിശ്വനാഥന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്കുണ്ടായിരുന്നു.

കേരള ബാങ്കിനെക്കുറിച്ച് പഠനം നടത്തിയ ബാംഗ്ലൂര്‍ ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ്. ശ്രീറാം റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മിറ്റിയിലും അംഗമാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ അപേക്ഷ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. ആര്‍.ബി.ഐ.യുടെ പുതിയ നിലപാട് ഇവയ്ക്കെല്ലാം ബാങ്കിങ് ലൈസന്‍സ് കിട്ടാനുള്ള സാധ്യത കൂട്ടുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!