സഹകരണ വകുപ്പില്‍ ഇനി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാത്രം; ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനം

moonamvazhi

സഹകരണ വകുപ്പില്‍ ഇനി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാത്രമേ നടത്താവൂവെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി. ഒരുമാസത്തിനുള്ളില്‍ പൊതു സ്ഥലം മാറ്റത്തിനുള്ള വിജ്ഞാപനം ഇറക്കണമെന്നും, രണ്ടുമാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. 110 അസിസ്റ്റന്റ് രജിസ്ട്രാര്‍-അസിസ്റ്റന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ട്രിബ്യൂണല്‍ നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇക്കാരണത്താല്‍ പല ഉദ്യോഗസ്ഥര്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന പ്രശ്‌നം സഹകരണ വകുപ്പ് ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത് അംഗീകരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ വകുപ്പിന് ട്രിബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അല്ലാതെ ഇനി ഒരു സ്ഥലം മാറ്റവും സഹകരണ വകുപ്പില്‍ നടപ്പാക്കാന്‍ പാടില്ലെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന് വേണ്ടി സംസ്ഥാനപ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന് വേണ്ടി അനില്‍ കെ.കെ എന്നിവര്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംഘടന ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റീഷനില്‍ ഓണ്‍ലൈന്‍ അല്ലാതെ മറ്റ് ട്രാന്‍സ്ഫറുകള്‍ നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ച് വകുപ്പ് 110 അസിസ്റ്റന്റ് രജിസ്ട്രാര്‍ മാരെ സ്ഥലം മാറ്റിയിരുന്നു ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ വിധി. വാദികള്‍ക്ക് വേണ്ടി അഡ്വ: വിശ്വംഭരന്‍ ഹാജരായി.

സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുസ്ഥലം മാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്ന് 2017ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 3000 ജീവനക്കാരാണ് സഹകരണ വകുപ്പിലുള്ളത്. എന്നാല്‍, ഇവരുടെ സ്ഥലം മാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സഹകരണ വകുപ്പിന് കഴിഞ്ഞില്ല. 2021 ജുലായ് മാസത്തിലാണ് ഇതിനെതിരെ ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ആദ്യ ഹരജി നല്‍കുന്നത്. 2023 മാര്‍ച്ച് മാസത്തോടെ സാങ്കേതിക സംവിധാനം നടപ്പാക്കി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുമെന്നായിരുന്നു ഇതില്‍ സഹകരണ വകുപ്പ് അറിയിച്ചത്. ഇത് പാലിക്കാതെ വീണ്ടും സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയതോടെയാണ് വീണ്ടും ഹരജിക്കാര്‍ ട്രിബ്യൂണലിനെ സമീപിച്ചത്.

സഹകരണ സംഘങ്ങളില്‍ ജോലി ചെയ്യുന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനുള്ള ഡേറ്റ സെന്ററില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചില വ്യക്തത വരുത്തേണ്ടതുള്ളതുകൊണ്ടാണ് നടപടികള്‍ വൈകുന്നതെന്ന് സഹകരണ വകുപ്പ് ട്രിബ്യൂണലില്‍ വിശദീകരിച്ചു. എ.ആര്‍.മാരുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തതിനാല്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. 16 പേര്‍ക്കാണ് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തത്. ഇതില്‍ ആറുപേര്‍ നിലവിലുള്ള സ്ഥലത്ത്‌നിന്ന് വിടുതല്‍ വാങ്ങിയവരാണെന്നും വകുപ്പ് ട്രിബ്യൂണലിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ ട്രിബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!