വിദേശപഠനം: ഗുണനിലവാര നിയന്ത്രണം വരുന്നു

- ഡോ.ടി.പി. സേതുമാധവന്‍ ( പ്രൊഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്റ് ടെക്‌നോളജി, ബംഗളൂരു)

വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണം
വര്‍ഷംതോറും കൂടിവരികയാണ്. വിദേശവിദ്യാര്‍ഥികള്ുടെ ക്രമാതീതമായ
വരവിനു തടയിടാന്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
ഈ പശ്ചാത്തലത്തില്‍, വിദേശപഠനത്തിനൊരുങ്ങുന്നവര്‍ എന്തെല്ലാം കാര്യങ്ങള്‍
ശ്രദ്ധിക്കണം? പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ വിദഗ്ധനായ ലേഖകന്‍ എഴുതുന്നു.

 

ഇന്ത്യയില്‍നിന്ന് ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോള്‍ത്തന്നെ നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്രവിദ്യാര്‍ഥികളുടെ ക്രമാതീതമായ വരവ് തടയുന്നതിനായി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിത്തുടങ്ങി. ഈയിടെ കാനഡയും ഓസ്‌ട്രേലിയയും ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഉയരുന്നുണ്ട്.

മിടുക്കരെ
ബാധിക്കില്ല

സൂക്ഷ്മമായി വിലയിരുത്തിയാല്‍ അക്കാഡമിക് മികവുള്ള വിദ്യാര്‍ഥികളെ ഇതു പ്രതികൂലമായി ബാധിക്കുന്നില്ല എന്നു മനസ്സിലാക്കാം. ഉദാഹരണമായി ഈയിടെ ഓസ്‌ട്രേലിയ എടുത്ത നടപടിക്രമങ്ങള്‍ നോക്കാം. സമര്‍ഥരായ അന്താരാഷ്ട്രവിദ്യാര്‍ഥികള്‍ ഓസ്ട്രേലിയയില്‍ ഉപരിപഠനത്തിനെത്തണം എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിനു പിറകിലുള്ളത്. ഒരു ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു പ്രതിവര്‍ഷം ഓസ്ട്രേലിയയിലെത്തുന്നത്. ഉപരിപഠനത്തിനെത്തുന്ന അന്താരാഷ്ട്രവിദ്യാര്‍ഥികള്‍ക്കു ഗുണനിലവാരം, അക്കാഡമിക് മെറിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴില്‍നൈപുണ്യം എന്നിവയുണ്ടെങ്കില്‍ പുതിയ സംവിധാനത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഇനിമുതല്‍ ഓസ്‌ട്രേലിയയിലേക്കു കടക്കാന്‍ ഇംഗ്ലീഷ് പ്രാവീണ്യപരീക്ഷയായ ഐ.ഇ.എല്‍.ടി.എസ്സിന് ഉയര്‍ന്ന ബാന്‍ഡ് ആവശ്യമാണ്. കുറഞ്ഞത് 6.5 ബാന്‍ഡ് നേടിയിരിക്കണം. കോവിഡിനുശേഷം തൊഴില്‍ ചെയ്യുന്ന സമയക്രമത്തിലുണ്ടായ മാറ്റം പഴയരീതിയിലേക്കു പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്, ഗവേഷണ പ്രോഗ്രാമുകള്‍ പഴയ രീതിയില്‍ തുടരും. അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കാണു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയീട്ടുള്ളത്. പ്ലസ് ടുവിനുശേഷം ഓസ്ട്രേലിയയില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിനു പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ അക്കാഡമിക് മെറിറ്റും ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ അനുവദിക്കുകയുള്ളൂ.

ഗുണനിലവാരം
കര്‍ശനമാക്കി

ഗുണനിലവാരം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നിരവധി വികസിതരാജ്യങ്ങള്‍ പരസ്പരം മത്സരിക്കുന്നുണ്ട്. കോവിഡിനുശേഷം പഠനത്തിനെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം ഗുണനിലവാരം കര്‍ശനമാക്കിയിട്ടുണ്ട്. അനേകം സര്‍വകലാശാലകള്‍ ഇംഗ്ലീഷിലും മറ്റു പ്രാവീണ്യ പരീക്ഷകളിലും നേരത്തേ ഇളവ് നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം അക്കാഡമിക് നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് മൂലം ഇളവുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

സാമ്പത്തികമാന്ദ്യം എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്നു. വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന താമസസൗകര്യങ്ങള്‍ കുറയാനും ഭീമമായ വാടകവര്‍ധനവിനും ഇടവരുത്തിയിട്ടുണ്ട്. ജീവിതച്ചെലവിലുണ്ടായ വന്‍വര്‍ധന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാനഡയിലും യു.കെ.യിലും അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. മാത്രമല്ല, പല രാജ്യങ്ങളിലും തദ്ദേശീയര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. ഇതും പുറത്തുനിന്നു വരുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട് ടൈം തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തു പാര്‍ട്ട് ടൈം തൊഴില്‍ കണ്ടെത്തേണ്ട സ്ഥിതി, പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസ ലഭിക്കുന്നതിനുള്ള പ്രയാസം എന്നിവ വിദേശവിദ്യാര്‍ഥികള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളില്‍പ്പെടുന്നു. പഠനശേഷം മിക്ക രാജ്യങ്ങളും പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍തന്നെ തൊഴില്‍ കണ്ടെത്തേണ്ട ഗതികേടിലാണ്. സര്‍വകലാശാലകളിലെ പ്ലേസ്‌മെന്റ് വിഭാഗത്തില്‍നിന്നു കാര്യമായ പിന്തുണ ലഭിക്കുന്നില്ല. പഠനകാലയളവിലെ വ്യക്തമായ നെറ്റ്‌വര്‍ക്കിങ്ങിലൂടെ മാത്രമേ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അമേരിക്കയൊഴികെയുള്ള രാജ്യങ്ങളില്‍ കുറഞ്ഞ വേതനത്തിനു വിദ്യാര്‍ഥികള്‍ തൊഴില്‍ചെയ്യേണ്ടിവരുന്നുണ്ട്. അംഗീകാരമില്ലാത്ത കനേഡിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനം നേടി കബളിപ്പിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള ഇരുനൂറോളം വിദ്യാര്‍ഥികള്‍ക്കു വ്യാജ സര്‍വകലാശാലയുടെ പേരില്‍ ഈയിടെ കാനഡയില്‍നിന്നു തിരിച്ചുപോരേണ്ടിവന്നു.

ഏജന്‍സികളെ
സൂക്ഷിക്കണം

ഇതൊക്കെയാണെങ്കിലും, നിയന്ത്രണങ്ങള്‍ വിദേശപഠനത്തിന്റെ സാധ്യതകളെ ബാധിക്കുന്നില്ല. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചു നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. പ്രാവീണ്യപരീക്ഷകളില്‍ ഇളവ് നല്‍കി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന എജന്‍സികളുണ്ട്. അതു പ്രത്യേകം ശ്രദ്ധിക്കണം. സര്‍വകലാശാലകളുടെ ലോകറാങ്കിങ് നിലവാരം സ്വയം വിലയിരുത്തണം. അംഗീകാരമില്ലാത്ത ഏജന്‍സികളെ ആശ്രയിക്കരുത്. നടപടിക്രമങ്ങളില്‍ ഇളവ് നല്‍കുന്നതു ഒരുപക്ഷേ, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലേക്കു വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണെന്നു തിരിച്ചറിയണം.

ഓരോ രാജ്യത്തുമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപരിപഠനവുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ നല്‍കും. ഉദാഹരണമായി ഡടകഋഎ, ആഞകഠകടഒ ഇഛഡചഇകഘ, ഉഅഅഉ, ഇഅങജഡട എഞഅചഇഋ എന്നിവ യഥാക്രമം അമേരിക്ക, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഉപരിപഠനത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ഏജന്‍സികളാണ്. വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം തൊഴില്‍ ലഭിക്കുമെന്നു കരുതി വിദേശപഠനത്തിനു മുതിരരുത്. കോഴ്സിന്റെ അംഗീകാരം, സര്‍വകലാശാലയുടെ നിലവാരം, ജീവിതച്ചെലവുകള്‍ എന്നിവ വ്യക്തമായി വിലയിരുത്തണം. വിദേശപഠനത്തിനു ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍, അസിസ്റ്റന്റ്ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍ എന്നിവയെക്കുറിച്ചു വ്യക്തമായ ധാരണ വേണം. ഫ്രാന്‍സില്‍ ആറു മാസത്തെ ഉപരിപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഷെങ്കണ്‍ വിസ ലഭിക്കും.

അമേരിക്കയിലെ കുറഞ്ഞ വേതനം പ്രതിവര്‍ഷം 70,000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. യു.കെ, കാനഡ എന്നീ രാജ്യങ്ങളിലുണ്ടാകുന്ന വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ വിലയിരുത്തി വ്യക്തമായ ഫണ്ടിംഗ് പ്ലാനുകള്‍ തയാറാക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനു സാധ്യതകള്‍ ഏറെയുണ്ട്. നെതര്‍ലന്‍ഡ്സ്, ജര്‍മനി എന്നിവ ഇവയില്‍പ്പെടുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ പ്രാവീണ്യപരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടണം. അതിനാല്‍ വിദേശപഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ചിട്ടയോടെ പ്രാവീണ്യപരീക്ഷകള്‍ക്കു സജ്ജരാകണം. താല്‍പ്പര്യവും അഭിരുചിയും വിലയിരുത്തിയേ രാജ്യങ്ങളും കോഴ്‌സുകളും സര്‍വകലാശാലകളും തിരഞ്ഞെടുക്കവൂ. വിദേശസര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!