‘ബാങ്ക്’ എന്ന പേര്  മാറ്റുമെന്നു അറിയിച്ചിട്ടും കേരളം അനുസരിച്ചില്ല

Deepthi Vipin lal

പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പേരില്‍നിന്ന് ബാങ്ക് എന്ന വാക്ക് മാറ്റുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേരളം റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നതായി രേഖകള്‍. 2021 ആഗസ്റ്റില്‍ നടന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഇക്കാര്യം അറിയിച്ചിരുന്നത്. 2021 ഫിബ്രവരിയില്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തത് എന്തുകൊണ്ട് എന്നതിലായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഈ വിശദീകരണം നല്‍കി മൂന്നു മാസത്തിന് ശേഷവും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് ആര്‍.ബി.ഐ. പത്രപ്പരസ്യം നല്‍കി ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത് എന്നാണ് വിവരം.

2021 ആഗസ്റ്റ് 18നാണ് റിസര്‍വ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സഹകരണ അര്‍ബന്‍ ബാങ്കുകളുടെ ടാസ്‌ക് ഫോഴ്സ് യോഗം നടന്നത്. യോഗത്തില്‍ ആദ്യംതന്നെ റിസര്‍വ് ബാങ്ക് ആരാഞ്ഞത് ‘ബാങ്ക്’ എന്ന വാക്ക് മാറ്റുന്നതിനെക്കുറിച്ചായിരുന്നു. 2021 ഫിബ്രവരി 12 ന് ചേര്‍ന്ന യോഗത്തില്‍ പേര് മാറ്റണമെന്ന് തീരുമാനം എടുത്തിരുന്നതാണെന്നും ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ തീരുമാനം നടപ്പാക്കുന്നതില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടു.

ബാങ്ക് എന്ന വാക്ക് മാറ്റുന്ന വിഷയം സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ആര്‍.ബി.ഐ. ഉദ്യോഗസ്ഥരെ അറിയിച്ചു. സഹകരണ വകുപ്പുമന്ത്രി ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഉടന്‍തന്നെ അത് നടക്കുമെന്നും രജിസ്ട്രാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ജനറല്‍ മാനേജര്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. അതിനായി രജിസ്ട്രാറെ ഔദ്യോഗികമായി ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിന് ശേഷം മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്നോ സഹകരണ രജിസ്ട്രാറില്‍നിന്നോ ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് പത്രപ്പരസ്യം നല്‍കിയത്. അതിലാകട്ടെ, കേരളത്തിലെ സഹകരണ മേഖലയെ ആകെ ബാധിക്കുന്ന അതിരുവിട്ട മുന്നറിയിപ്പുകള്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തി. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷയില്ലെന്നുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഈ പരസ്യം ഇടയാക്കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷേ, ഇതുവരെ കോടതിയില്‍ ഹരജി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ കാണിക്കുന്ന അമാന്തം സഹകാരികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Latest News