ഭക്ഷണശാലയുടെ ശൃംഖല തീര്‍ക്കാനുള്ള പദ്ധതിയുമായി മില്‍മ

moonamvazhi

പാല്‍വിതരണ സംവിധാനത്തിന് കേരളത്തില്‍ സഹകരണ മാതൃക തീര്‍ത്ത മില്‍മ, ഭക്ഷണശാലകളും തുടങ്ങുന്നു. മില്‍മ റിഫ്രഷ് എന്നപേരിലാണ് ഭക്ഷണ ശാലകളുടെ ശൃംഖല തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും ഒരോ ശാലകളും തുറക്കുക. ഫ്രാഞ്ചൈസി അനുവദിക്കുന്നതിന് വ്യവസ്ഥകളുണ്ട്. മില്‍മയുടെ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് യൂണിറ്റുകള്‍ ആരംഭിക്കാന്‍ താത്പര്യമുളള സംരംഭകര്‍ക്ക് മാത്രമേ ഫ്രാഞ്ചൈസി അനുവദിക്കുകയുള്ളൂ.

സുരക്ഷിതവും രുചികരവും സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം മേഖലാ യൂണിയനാണ് മില്‍മ റിഫ്രഷിന് തുടക്കമിട്ടത്. തൃശൂര്‍ എം.ജി റോഡില്‍ കോട്ടപ്പുറത്ത് മില്‍മയുടെ സ്വന്തം കെട്ടിടത്തിലാണ് ആദ്യത്തെ ഭക്ഷണശാല. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. കോട്ടയം വടവാതൂര്‍ ഡയറിയോട് ചേര്‍ന്നാണ് രണ്ടാമത്തെ ഭക്ഷണശാല തുറക്കുന്നത്. വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ലഭ്യമാക്കുകയാണ് മില്‍മ ലക്ഷ്യമിടുന്നത്. പാലിന്റെ കാര്യത്തില്‍ മില്‍മ എങ്ങനെയാണോ വിശ്വാസമുള്ള ബ്രാന്‍ഡായി മാറിയത്, ആ രീതിയില്‍ ഭക്ഷണശാലയുടെ കാര്യത്തിലും മാറുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മില്‍മയുടെ പാല്‍, തൈര്, പനീര്‍, ബട്ടര്‍ നെയ്യ്, ഐസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കി വിളമ്പുന്ന വെജിറ്റേറിയന്‍ റസ്റ്റോറന്റും, ജ്യൂസ്, ഷേയ്ക്ക് പോയിന്റ് , ഐസ്‌ക്രീം പാര്‍ലറും, സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയാണ് വടവാതൂരില്‍ ആരംഭിക്കുന്നത്. തൃശൂര്‍ രാമവര്‍മ്മപുരം ഡയറി, എറണാകുളം ഇടപ്പള്ളി ഹെഡ് ഓഫീസ് കോമ്പൗണ്ട്, തൃപ്പൂണിത്തുറ ഡയറി, മുവാറ്റുപ്പുഴ ചില്ലിംഗ് പ്ലാന്റ് എന്നിവിടങ്ങളിലും മില്‍മ ഇത്തരം ഡ്രൈവിംഗ് പാര്‍ലറുകള്‍ ആരംഭിക്കും.

ജീവനക്കാര്‍ക്ക് മില്‍മ ബ്രാന്റഡ് യൂണിഫോം, തൊപ്പികള്‍ എന്നിവയുണ്ടാകും. കളര്‍ കോഡുകളുമുണ്ടാകും. മില്‍ പാല്‍ ഉപയോഗിക്കുന്നതിനൊപ്പം മറ്റ് ഭക്ഷവസ്തുകള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്നുമാണ് നിബന്ധന. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചേരുവകള്‍ ഏത് ബ്രാന്റിന്റെയാണെന്ന് അതാത് മില്‍മ ഡയറിയെ അറിയിക്കണം. റസ്റ്റോറന്റില്‍ ഉപയോഗിക്കുന്ന പ്ലേറ്റ്, ഗ്ലാസ് എന്നിവയില്‍ മില്‍മയുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!