വോള്‍ട്ടേജ് വ്യതിയാനം പുണെയിലെഭവന സഹകരണ സംഘങ്ങള്‍ക്കിതു കഷ്ടകാലം

moonamvazhi

പുണെ നഗരത്തില്‍ മാസങ്ങളായി തുടരുന്ന വോള്‍ട്ടേജ് വ്യതിയാനം ഭവന സഹകരണ സംഘങ്ങളുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഘങ്ങളുടെ ഭവന സമുച്ചയങ്ങളിലെ ലിഫ്റ്റുകളും ജനറേറ്ററുകളും വോള്‍ട്ടേജ് വ്യതിയാനത്താല്‍ പ്രവര്‍ത്തനരഹിതമാകുന്നതാണു കാരണം.

ഏതാനും മാസങ്ങളായി തങ്ങള്‍ വൈദ്യുതിപ്രശ്‌നം കാരണം ബുദ്ധിമുട്ടുകയാണെന്നു അക്ഷര എലിമെന്റ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സെക്രട്ടറി പ്രവീണ്‍ ഫരദ് പരാതിപ്പെട്ടു. 900 ഫ്‌ളാറ്റുകളുള്ള ഈ സഹകരണ സംഘം നഗരത്തിലെ വന്‍കിട ഭവന സഹകരണ സംഘങ്ങളിലൊന്നാണ്. ഏതാണ്ട് എല്ലാ ദിവസവും വൈദ്യുതി വിതരണം തകരാറിലാകുന്നതു കാരണം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. നേരത്തേ, ഒരു ലക്ഷം രൂപയുടെ ഡീസല്‍ കൊണ്ട് രണ്ടു മാസം കഴിയാമായിരുന്നു. ഇപ്പോഴാകട്ടെ ഇത്രയും ഡീസല്‍ രണ്ടു ദിവസത്തേക്കേ തികയുന്നുള്ളു. ഇതുകാരണം സംഘത്തിന്റെ സാമ്പത്തികബാധ്യത വര്‍ധിച്ചിരിക്കുകയാണ് – പ്രവീണ്‍ പറഞ്ഞു. നഗരത്തിലെ വൈദ്യുതിവിതരണക്കമ്പനിയായ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിനെ ( MSCDCL ) ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

വോള്‍ട്ടേജ് വ്യതിയാനമുണ്ടാകുമ്പോള്‍ തങ്ങളുടെ പന്ത്രണ്ടു നിലയുള്ള കെട്ടിടത്തിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാകുമെന്നു മോഷിയിലെ മറ്റൊരു ഭവന സഹകരണ സമുച്ചയത്തിലെ താമസക്കാരന്‍ പറഞ്ഞു. വോള്‍ട്ടേജ് വ്യതിയാനം കാരണം ബാറ്ററിയും സെന്‍സറുമൊക്കെ കേടാവുന്നു. ഇവ നന്നാക്കാന്‍ വേണ്ടിമാത്രം കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 25,000 രൂപ ചെലവാക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോള്‍ട്ടേജ് പ്രശ്‌നം കാരണം വാകഡിലെ തങ്ങളുടെ ഭവന സഹകരണ സംഘത്തിനു രണ്ടു വര്‍ഷം കൊണ്ട് 80,000 രൂപ അധികച്ചെലവു വന്നതായി അവിടത്തെ ഒരു താമസക്കാരന്‍ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News